ഹൈസ്കൂൾ* അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ പരിശീലനം നൽകുന്നു
മലപ്പുറം:സംസ്ഥാനത്തെ ഹൈസ്കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ ഏകദിന പരിശീലനം നൽകുന്നു. മലപ്പുറം ജില്ലയിലെ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ആഗസ്റ്റ് 18 ) രാവിലെ 10ന് ജില്ലാ ആസൂത്രണ സമിതി ഓഫിസ് ഹാളിൽ കമ്മിഷൻ അംഗം സിസിലി ജോസഫ് നിർവ്വഹിക്കും.
പരിശീലനത്തിൽ കുട്ടികളുടെ അവകാശങ്ങൾ, മാനസികാരോഗ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ വിദഗ്ധർ കൈകാര്യം ചെയ്യും.
കൗമാരക്കാരായ കുട്ടികളുടെ ശാരീരിക- മാനസിക പ്രശ്നങ്ങളെ തിരിച്ചറിയാനും പരിഹാരം നിർദ്ദേശിക്കാനും അധ്യാപകരെ പ്രാപ്തരാക്കുക, അധ്യാപക- വിദ്യാർത്ഥി ബന്ധം സൗഹാർദ്ദപരമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരിക, വിദ്യാഭ്യാസ- മനഃശാസ്ത്ര സിദ്ധാന്തങ്ങൾ ഉൾച്ചേർത്ത് ശാസ്ത്രീയ കാഴ്ചപ്പാടോടു കൂടിയ സമീപനം വിദ്യാലയാന്തരീക്ഷത്തിൽ നടപ്പിലാക്കുക, ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുക, സാമൂഹ്യ മാധ്യമ സാക്ഷരത, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ അവബോധം വളർത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലനം ലഭിക്കുന്ന അധ്യാപകർ അവരുടെ സ്കൂളിലെ അധ്യാപകരിലേക്കും എട്ട്, ഒൻപത്, 10 ക്ലാസുകളിലെ കുട്ടികളിലേക്കും ബോധവൽക്കരണം എത്തിക്കും.
പരിശീലനത്തിന്റെ ഒന്നാം ഘട്ടം കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 11 ന് കോഴിക്കോട് ആരംഭിച്ച പരിശീലനം 20 ന് തൃശൂർ സമാപിക്കും.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





