ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ
ഇ-ട്രഷറി സംവിധാനം ആരംഭിച്ചതോടെ സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലായെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ. പട്ടാഴി വടക്കേക്കര സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം വില്ലേജ് ഓഫീസ് അങ്കണത്തിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാലരലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റി. സംസ്ഥാനത്തെ ഡിജിറ്റൽ റീസർവേയിലൂടെ 10 ലക്ഷം ഹെക്ടർ ഭൂമി അളന്നുതിട്ടപ്പെടുത്തി. 673 സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. 283 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഒരൊറ്റ സ്മാർട്ട് കാർഡിലാക്കുന്ന റവന്യൂ കാർഡ് സേവനം ഉടൻ നാടിനു സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ അധ്യക്ഷനായി. അത്യാധുനിക സൗകര്യങ്ങളോടെയാണ് പട്ടാഴി വടക്കേക്കര വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. വില്ലേജ് ഓഫീസ് നിർമ്മാണം പൂർത്തീകരിക്കുന്നതോടെ പത്തനാപുരം മണ്ഡലത്തിലെ എല്ലാ വില്ലേജുകളും സ്മാർട്ട് വില്ലേജ് ഓഫീസുകളായി മാറും. കമുകുംചേരിയിൽ 84 ദേവസ്വം പട്ടയങ്ങൾ വിതരണം ചെയ്തു. പുനലൂർ, പത്തനാപുരം എന്നിവിടങ്ങളിൽ വ്യാപിച്ച് കിടക്കുന്ന രണ്ടായിരം വനഭൂമി പട്ടയങ്ങളുടെ സർവ്വേ നടപടികൾ പൂർത്തീകരിച്ചു. പത്തനാപുരം- പിറവന്തൂർ പഞ്ചായത്തുകളിൽ കനാൽ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം നൽകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിയെന്നും അദ്ദേഹം വ്യക്തമാക്കി.
എ.ഡി.എം.ജി.നിർമൽ കുമാർ, പുനലൂർ റവന്യൂ ഡിവിഷണൽ ഓഫീസർ
ബീന.എസ്.ഹനീസ്, ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു ഭഗത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിയസുദ്ദീൻ, വാർഡ് അംഗം വി.കിരൺ, പത്തനാപുരം തഹസിൽദാർ എ.സനൂസി, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





