Home / Kerala News / Kollam News / നഷ്ടമായ ഫോണുകള്‍ കണ്ടെത്താനായി കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 122 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി .

നഷ്ടമായ ഫോണുകള്‍ കണ്ടെത്താനായി കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 122 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി .

കൊല്ലം സിറ്റി പോലീസ് ജില്ലയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി 122 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി. കേരളാ പോലീസ് സൈബര്‍ ഓപ്പറേഷന്‍സ് എസ്.പി യുടെ നിര്‍ദ്ദേശപ്രകാരമാണ് ഫെബ്രുവരി മാസം പകുതിയോടെ സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചത്. ജില്ലാ പോലീസ് മേധാവി ഹേമലത എം ഐ.പി.എസ് ന്റെ മേല്‍നോട്ടത്തില്‍ കൊല്ലം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച.ഓ അബ്ദുള്‍ മനാഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഫോണുകള്‍ കണ്ടെത്തുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ ആത്മാര്‍ത്ഥമായ ശ്രമഫലമായാണ് ഇത്രയധികം ഫോണുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെത്തി ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ സാധിച്ചത്. 07.03.2026 ശനിയാഴ്ച രാവിലെ 11.00 മണി മുതല്‍ കൊല്ലം പോലീസ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ ഉടമകള്‍ക്ക് ഫോണുകള്‍ വിതരണം നടത്തി. ഈ ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്നവര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊല്ലം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷനിലെത്തി ഫോണുകള്‍ കൈപ്പറ്റാവുന്നതാണ്. നഷ്ടമായ ഫോണുകള്‍ കണ്ടെത്താനുള്ള അന്വേഷണം വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍…
1) അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നേരിട്ടോ കേരളാ പോലീസിന്റെ ‘പോള്‍ആപ്പ്’ എന്ന മൊബൈല്‍ ആപ്പ് വഴിയോ ‘തുണ’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ പരാതി സമര്‍പ്പിച്ച് രസീത് കൈപ്പറ്റുക.
2) സിം കാര്‍ഡുകളുടെ ഡൂപ്ലിക്കേറ്റ് എടുത്ത് സിം ആക്ടീവ് ആയ ശേഷം ‘സഞ്ചാര്‍ സാഥി’ എന്ന ആപ്പ് വഴിയോ സി.ഇ.ഐ.ആര്‍ വെബ്‌സൈറ്റ് (https://ceir.sancharsaathi.gov.in/) വഴിയോ ഐ.എം.ഇ.ഐ നമ്പര്‍, ഫോണില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍, പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ലഭിച്ച രസീതിലെ നമ്പര്‍, മൊബൈല്‍ ഉടമസ്ഥന്റെ തിരിച്ചറിയല്‍ രേഖ തുടങ്ങിയ വിവരങ്ങള്‍ നല്‍കുക
3) തുടര്‍ന്ന് OTP നല്‍കി പരാതി രജിസ്റ്റര്‍ ചെയ്യുന്നതോടെ ഒരു റിക്വസ്റ്റ് ഐഡി നമ്പര്‍ ലഭിക്കും
4) തുടര്‍ന്ന് ബ്ലോക്ക് ചെയ്യപ്പെട്ട ഫോണില്‍ സിം കാര്‍ഡ് ഇട്ട് ആരെങ്കിലും ഫോണ്‍ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ആ വിവരം പരാതി നല്‍കിയ ആള്‍ക്ക് എസ്.എം.എസ് ആയും മറ്റ് വിശദ വിവരങ്ങള്‍ പരാതി രജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷനില്‍ സി.ഇ.ഐ.ആര്‍ പോര്‍ട്ടല്‍ മുഖേനയും അറിയിപ്പ് ലഭിക്കുന്നതാണ്.