പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ?
ഇന്ത്യൻ പൗരനായ അദ്ദേഹം സ്വന്തം കുടുംബസമേതം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.അസ്വാഭാവികമായി അതിൽ ഒന്നും തന്നെയില്ല.എന്നാൽ രാഷ്ട്രീയ മുതലെടുപ്പിനായി കപട വിശ്വാസം പ്രകടിപ്പിക്കുന്ന കോൺഗ്രസ്,മുസ്ലിം ലീഗ്, സംഘപരിവാർ ശക്തികൾ,ചില വലതുപക്ഷ മാധ്യമങ്ങളും ഇത് വലിയ ആഘോഷമാക്കു കയാണ്.പ്രത്യേകിച്ച് നവമാധ്യമ രംഗത്ത് നിലകൊള്ളുന്ന നെഗറ്റീവ് മാത്രം മഷിയിട്ടു പരിതിക്കൊണ്ടിരിക്കുന്ന ചിലർക്ക്, വിഷയ ദാരിദ്ര്യത്തിൽ ഉഴലുന്നവർക്ക് ഒരു ചക്ക കൂട്ടാൻ തന്നെയാണ്.
1931 നവംബർ 1ന് തുടങ്ങി സ:പി കൃഷ്ണപിള്ളയും, സ:എകെജിയും, ശ്രീ.കെ. കേളപ്പനും ഗുരുവായൂർ സത്യാഗ്രഹം നടത്തിയത് എല്ലാവർക്കും ക്ഷേത്രപ്രവേശനത്തിനു വേണ്ടിയാണ്.വിവേക് കിരണിൻ്റെ നാടായ കണ്ണൂരിൽ നിന്നാണ് ക്ഷേത്രപ്രവേശന ജാഥ ആരംഭിച്ചത്.എകെജിയായിരുന്നു ജാഥയുടെ ക്യാപ്റ്റൻ.ജാഥ നയിച്ചത് ടി.സുബ്രഹ്മണ്യൻ തിരുമുമ്പാണ്.അന്ന് യാഥാസ്ഥിതിക ഹിന്ദുക്കൾ അതിനെതിരെ സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു.ക്ഷേത്രത്തെ തകർക്കാനാണ് എ കെ ഗോപാലനും കൃഷ്ണപിള്ളയും കേളപ്പനും ശ്രമിക്കുന്നതെന്നും ഗുരുവായൂർ ക്ഷേത്രം സംരക്ഷിക്കണമെന്നും അവർ നാടുനീളെ പ്രസംഗിച്ചു നടന്നു.എന്നാൽ സത്യാഗ്രഹ സമരത്തിന് മഹാത്മാഗാന്ധി കൂടെ പിന്തുണച്ചതോടെ ഹിന്ദുക്കളായ മുഴുവനാളുകൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നു പിന്നീട് വിളംബരം നടത്താൻ അധികാരികൾ നിർബന്ധിതമായി.
സവർണ്ണരായ കൃഷ്ണപിള്ളയും എകെജിയും കേളപ്പനും നടത്തിയ സമരത്തിന് വലിയൊരു വിഭാഗം സവർണർ പിന്തുണ നൽകുകയായിരുന്നു.അത് അംഗീകരിക്കാൻ കഴിയാത്ത ചിലർ ഇപ്പോഴും കേരളത്തിലും ജീവിക്കുന്നു എന്നുള്ളതാണ് യഥാർത്ഥ വസ്തുത.
ക്ഷേത്രപ്രവേശ വിളംബരത്തോടുകൂടി മെല്ലെ മെല്ലെയാണെങ്കിലും കേരളത്തിലെ ക്ഷേത്രങ്ങളിൽ സവർണ്ണ – അവർണ്ണ വ്യത്യാസമില്ലാതെ ഇപ്പോൾ എല്ലാവർക്കും പ്രവേശിക്കാവുന്നതാണ്.
അതിൽ ജാതി മേധാവിത്വ ദുഷ്ട മനസ്സ് ഇപ്പോഴും നിലനിൽക്കുന്ന കോൺഗ്രസിലും ലീഗിലും, സംഘപരിവാറിലും പെട്ട ചിലർക്ക് ഗുരുവായൂർ മാത്രമല്ല ഒരു അമ്പലത്തിലും ചെത്തുകാരൻ കോരനും,അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായി ഉന്നത നിലവാരത്തിലുള്ള മകനും,മകൻ്റെമകനും കുടുംബവും,കയറുന്നതൊന്നും ഇപ്പോഴും അത്ര ഇഷ്ടമാകുന്നില്ല.എന്ത് ചെയ്യാം ബഹുമാന്യനായ ശ്രീ. കെ. ആർ. നാരായണൻ പ്രഥമപൗരനായ രാജ്യമായി ഇന്ത്യ വളർന്നിട്ടും നവോത്ഥാന നായകർ ഉഴുതു മറിച്ച് കമ്മ്യൂണിസ്റ്റ് പാർടി ആ മൂല്യം മുന്നോട്ട് കൊണ്ടുപോയിട്ടും പിന്നെയും ചിലർക്കൊക്കെ ഇതിപ്പോഴും തികട്ടിവന്നു കൊണ്ടിരിക്കുകയാണ്!.ഇതിൽ മനശാസ്ത്രപരമായ ഒരു കാര്യം സവർണ്ണ മാനസികാവസ്ഥ നിലനിൽക്കുന്ന വിഭാഗം സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവരാണ് എന്നുള്ളതാണ്.സാധാരണക്കാരായ സവർണ്ണരും അവർണ്ണരും ഏകോദര സഹോദരന്മാരായി ഒന്നിച്ചുള്ളത് സംസ്ഥാനത്തെങ്ങും ദൃശ്യമാണ്.
മുഖ്യമന്ത്രി സ.പിണറായി വിജയൻ്റെ മകൻ വിവേക് ഒരിക്കൽപോലും അധികാരത്തിന്റെ ഇടനാഴികളിൽ അഭിരമിച്ച ആളല്ല.നിങ്ങൾ ജവഹർലാൽ നെഹ്റുവിൻ്റെ മകൾ ശ്രീമതി ഗാന്ധിയെയും,അവരുടെ പരമ്പരകളെയും,കെ. കരുണാകരനെയും, എകെ ആൻ്റണിയെയും,ഉമ്മൻചാണ്ടിയെയും കണ്ടുവളർന്ന ശീലം വെച്ച് സ.പിണറായി വിജയനെയും അദ്ദേഹത്തിൻ്റെ മകൻ വിവേകിനെയും അളക്കേണ്ടതില്ല എന്നാണ് എൻ്റെ അഭിപ്രായം.
മഹാനായ സ.ഇ എം എസ് ഒരിക്കൽ പറഞ്ഞതോർമ്മിച്ചു പോവുകയാണ്.ചാർട്ടേഡ് അക്കൗണ്ടൻ്റായി ചെന്നൈയിൽ ജോലി നോക്കുകയായിരുന്ന അദ്ദേഹത്തിൻ്റെ മകൻ ഇഎം. ശ്രീധരൻ തനിക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കണം എന്ന മോഹം സഖാവിനോട് പറഞ്ഞത്രേ.അന്ന് തന്റെ മകനോട് സ.ഇ എം ആദ്യം പറഞ്ഞത് അത് വേണോ എന്നാണ്.എന്നാൽ ശ്രീധരൻ അച്ഛനോട് പറഞ്ഞു.എൻ്റെ പ്രായത്തിൽ അച്ഛൻ എങ്ങനെ ചിന്തിച്ചുവോ അങ്ങനെ ചിന്തിക്കാൻ എനിക്കും അവകാശമില്ലെന്ന്.പിന്നെ താനൊന്നും അവനോട് എതിർത്ത് പറയുകയുണ്ടായിട്ടില്ല എന്നാണ് സ:ഇഎംഎസ് പറഞ്ഞത്.
എന്നാൽ ഒന്നുണ്ട് കരുണാകരന്റെ മകളെപ്പോലെ എ കെ ആൻറണിയുടെ മകനെപ്പോലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരായിരുന്നവരുടെ മക്കളാരും ബിജെപിയിൽ പോയിട്ടില്ല .സംഘപരിവാറുമായി ബന്ധപ്പെട്ടിട്ടുമില്ല.അതിനെ ന്യായീകരിക്കാൻ വേണ്ടി ചിലർ വിവേക് കിരണിന്റെ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട സ്വതീരുമാനത്തെ കൂട്ടിക്കുഴക്കാൻ ശ്രമിക്കുന്നത് കണ്ടു.
കമ്മ്യൂണിസ്റ്റുകാരും കുടുംബവും സംബന്ധിച്ച് സ.ഇ എം എസ് തന്നെ വളരെ വിശദമായി സംസാരിച്ചിട്ടുണ്ട്.താൻ ഒരു മത – ദൈവ വിശ്വാസിയല്ല.കമ്മ്യൂണിസ്റ്റുകാർ നിലകൊള്ളുന്നത് എല്ലാ തരം വിശ്വാസങ്ങളെയും,ഒന്നിലും വിശ്വസിക്കാതിരിക്കാനുള്ള അവകാശത്തെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.തൻ്റെ ഭാര്യ ആര്യ ഒരു വിശ്വാസിയാണ്.യാത്ര പോകുമ്പോൾ ചില ക്ഷേത്രങ്ങളിൽ ഇറങ്ങേണ്ടതുണ്ട് എന്ന് പറഞ്ഞാൽ താൻ അവരെ ഇറക്കി അവിടെ തന്നെ കാത്തു നിൽക്കാറുണ്ട്.അത് അവരുടെ സ്വതന്ത്രമായ വിശ്വാസമാണ്.അതിനു വിരുദ്ധമായി നാം ഒന്നും തന്നെ അടിച്ചേൽപ്പിക്കേണ്ടതില്ല.ഇതൊക്കെ അറിയുന്നവരുടെ മുന്നിലേക്കാണ് ചിലർ മൂന്നാം കിട ഉടായിപ്പുകളുമായി പുറപ്പെടുന്നത്. അത്തരക്കാരോട് നമുക്ക് ആത്മാർത്ഥമായി സഹതപിക്കാം.
പി.കെ. ശ്രീധരൻ .ചെങ്ങളായി.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





