Home / Kerala News / തിരഞ്ഞെടുപ്പ് ഗ്യാരണ്ടികൾക്ക് അംഗീകാരം; ആശാ വർക്കർമാർക്ക് 3000 രൂപ വർദ്ധിപ്പിച്ചു, കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ

തിരഞ്ഞെടുപ്പ് ഗ്യാരണ്ടികൾക്ക് അംഗീകാരം; ആശാ വർക്കർമാർക്ക് 3000 രൂപ വർദ്ധിപ്പിച്ചു, കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് മുന്നോട്ടുവെച്ച അഞ്ച് പ്രധാന ഗ്യാരണ്ടികൾ നടപ്പിലാക്കാൻ പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചതുൾപ്പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചത്.

സംസ്ഥാനത്തെ ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 3000 രൂപയുടെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 9000 രൂപ ഇനി മുതൽ 12,000 രൂപയായി ഉയരും. ഇതൊരു ആദ്യ ഘട്ടം മാത്രമാണെന്നും വരും ദിവസങ്ങളിൽ വിരമിക്കൽ ബെനിഫിറ്റുകളിൽ അടക്കം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയാക്കണമെന്നും ആവശ്യപ്പെട്ട് ആശാ വർക്കർമാർ നേരത്തെ ശക്തമായ സമരം നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് ഈ തുക വീണ്ടും വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

അംഗൻവാടി ജീവനക്കാർക്കും പാചക തൊഴിലാളികൾക്കും വർദ്ധനവ്

അംഗൻവാടി ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിർണ്ണായകമായ പ്രഖ്യാപനങ്ങളും ഇതോടൊപ്പം ഉണ്ടായിട്ടുണ്ട്. അംഗൻവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കും പ്രതിമാസം 1000 രൂപ വീതം വർദ്ധിപ്പിക്കും. ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പുറമെ പ്രീ-പ്രൈമറി സ്കൂൾ അധ്യാപകർക്കും സ്കൂളുകളിലെ പാചക തൊഴിലാളികൾക്കും 1000 രൂപ വീതം ഓണറേറിയത്തിൽ വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

സൗജന്യ യാത്രയും വയോജന മന്ത്രാലയവും

ക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള മറ്റ് രണ്ട് പ്രധാന ഗ്യാരന്റികളും ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനത്തെ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ജൂൺ 15 മുതൽ നിലവിൽ വരും.

കൂടാതെ മുതിർന്ന പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ‘വയോജന മന്ത്രാലയം’ എന്ന പേരിൽ ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ജപ്പാൻ മോഡൽ സ്വീകരിച്ചായിരിക്കും ഈ വകുപ്പിന്റെ പ്രവർത്തനം. രാജ്യത്ത് തന്നെ ഇത്തരമൊരു വകുപ്പ് ആദ്യമായാണെന്നും, ഒരു പരിഷ്കൃത സമൂഹം രൂപപ്പെടണമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.