ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയ സംഘത്തിലെ രണ്ട് പ്രതികൾ പിടിയിൽ
ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രാണയനാക്കിയ സംഘത്തിലെ രണ്ട് പ്രതികൾ പോലീസിന്റെ പിടിയിലായി. കൊല്ലം മരുത്തടി കന്നിമേൽചേരി മരോട്ടിമൂട്ടിൽ ചന്ദ്രൻ മകൻ സുനിൽകുമാർ(58), മരുത്തടി, സന്തോഷ് നിവാസിൽ ജഗതീഷ് മകൻ രതീഷ്(51) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ഈ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ ഒളിവിലാണ്. ഇവരെ പിടികൂടാനായ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി രാജേഷിന്റെ മേൽനോട്ടത്തിലും ശക്തികുളങ്ങര പോലീസ് ഇൻസ്‌പെക്ടർ പ്രസാദ് എം.ആർ ന്റെ നേതൃത്വത്തിലുമുള്ള പത്തംഗ സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 02.03.2026 തിങ്കളാഴ്ച വെളുപ്പിന് ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ തങ്കയങ്കി ഘോഷയാത്രയ്ക്ക് ഇടയിലാണ് കേസിനാസ്പദമായ സംഭവം. പുത്തൂർ, ഐവർകാല ഈസ്റ്റ് സോപാനം വീട്ടിൽ ജയസേനൻ മകൻ ഹരികൃഷ്ണൻ(19) നാണ് ക്രൂരമായ മർദ്ദനമേറ്റത്. ഉത്സവാഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ ഉൾപ്പെട്ട അക്രമി സംഘം ഹരികൃഷ്ണനേയും സഹോദരൻ ജയകൃഷ്ണനേയും ബന്ധുവായ രാജേഷിനേയും സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി. കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ ജയസേനൻ്റെയും രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘം ഹരികൃഷ്ണനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
സഹോദരൻ ഇടപെട്ട് പ്രശ്നം പരിഹരിച്ച് മടങ്ങിയെങ്കിലും, പിന്നീട് പ്രതികൾ ഇവരെ ഓഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടെ തടിക്കഷണം കൊണ്ട് തലയ്ക്ക് മാരകമായി അടിയേറ്റ ഹരികൃഷ്ണൻ സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി വീണു. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





