ഹൃദയമാറ്റ ശസ്ത്രക്രിയയിൽ ചടയമംഗലത്തിനും അഭിമാന നിമിഷം ഡോ. വിനായകൻ – ചടയമംഗലം പോരേടത്തിന്റെ അഭിമാനം
എറണാകുളം:എറണാകുളം ജനറൽ ആശുപത്രിയുടെ ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെടുന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജോർജ് വാളൂരാൻ, ഡോ. ജിയോ പോൾ എന്നിവരടങ്ങുന്ന കാർഡിയോതൊറാസിക് സർജറി ടീമിനും, കാർഡിയോളജി വിഭാഗത്തിലെ ഡോ. പോൾ തോമസ്, ഡോ. വിജോ ജോർജ് എന്നിവരെയും ഉൾപ്പെടെയുള്ള മുഴുവൻ മെഡിക്കൽ ടീമിനും സ്റ്റാഫ് വെൽഫെയർ കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
നേപ്പാൾ സ്വദേശിനിയായ ദുർഗ്ഗയ്ക്ക് പുതുജീവനേകുകയും, അവളുടെ സഹോദരന് തുണയായി നിൽക്കുവാൻ വഴിയൊരുക്കുകയും ചെയ്ത ഈ മഹത്തായ ദൗത്യം മാനവികതയും വൈദ്യശാസ്ത്ര മികവും ഒരുമിച്ചുചേർന്ന ഒരു ഉജ്ജ്വല മാതൃകയാണ്. ഈ ചരിത്രവിജയത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ച എല്ലാ ഡോക്ടർമാർക്കും, നഴ്സിംഗ് സ്റ്റാഫിനും, പാരാമെഡിക്കൽ വിഭാഗത്തിനും, സഹായ സ്റ്റാഫിനും ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കും അഭിനന്ദനങ്ങളും നന്ദിയും ആശുപത്രി സൂപ്രണ്ട് ഡോ ഷാഹിർഷാ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രിയുടെ അഭിമാന നിമിഷമായി ഈ നേട്ടം എന്നും നിലനിൽക്കട്ടെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഇതോടൊപ്പം ഷിബുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു കൊള്ളുന്നു.

കേരളത്തിന്റെ പൊതുജനാരോഗ്യ ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്താവുന്ന ഒരു മഹത്തായ നേട്ടത്തിന്റെ ഭാഗമാകുകയാണ് ചടയമംഗലം പോരേടം നാട്. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ എറണാകുളം ജനറൽ ആശുപത്രിയുടെ ചരിത്ര നേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരിക്കുന്നത് ചടയമംഗലം പോരേടം സ്വദേശിയായ ഡോ. വിനായകനാണ്. രാജീവ് സാറിന്റെയും ബിന്ദു ടീച്ചറിന്റെയും മകനായ ഡോ. വിനായകൻ നാടിനാകെ അഭിമാനമായി മാറുകയാണ്

മിടുമിടുക്കരും അത്യുച്ച നിലവാരത്തിലുള്ള വൈദഗ്ധ്യവും സമർപ്പണ മനോഭാവവും കൈവശമുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും സാങ്കേതിക ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ അസാധാരണ നേട്ടം കൈവരിക്കപ്പെട്ടത്. “അസാധ്യമെന്ന്” ഒരുകാലത്ത് കരുതിയിരുന്ന ഹൃദയമാറ്റ ശസ്ത്രക്രിയ സർക്കാർ സംവിധാനത്തിനുള്ളിൽ, അതും ഒരു ജില്ലാതല ആശുപത്രിയിൽ യാഥാർഥ്യമാക്കിയത് കേരളത്തിന്റെ ആരോഗ്യരംഗം കൈവരിച്ച വളർച്ചയുടെ ശക്തമായ തെളിവാണ്.
രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രി വിഭാഗത്തിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കിയ എറണാകുളം ജനറൽ ആശുപത്രി, അതിന് പിന്നാലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും സാധ്യമാക്കി രാജ്യത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്. ഇതിലൂടെ എറണാകുളം ജനറൽ ആശുപത്രി പൊതുജനാരോഗ്യരംഗത്ത് കേരളത്തിന്റെ മുന്നേറ്റത്തിന്റെ നിർണായക നാഴികക്കല്ലായി മാറി.
ഡോ. വിനായകൻ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തിന്റെ അങ്ങേയറ്റം സമർപ്പിതമായ പ്രവർത്തനമാണ് ഈ നേട്ടത്തിന്റെ പിന്നിൽ. ദീർഘകാല തയ്യാറെടുപ്പുകളും കൃത്യമായ ഏകോപനവും ശാസ്ത്രീയമായ സമീപനവുമാണ് ഈ ദൗത്യത്തെ വിജയത്തിലേക്ക് നയിച്ചത്. ഒരു സർക്കാർ ആശുപത്രിയിലൂടെ അത്യന്തം സങ്കീർണമായ ഹൃദയമാറ്റ ശസ്ത്രക്രിയ സാധ്യമാക്കുക എന്നത് സാധാരണക്കാരായ രോഗികൾക്ക് വലിയ പ്രതീക്ഷയും ആശ്വാസവും നൽകുന്ന മുന്നേറ്റമാണ്.
ഈ ചരിത്ര നിമിഷം ചടയമംഗലത്തിനും പ്രത്യേക അഭിമാനമാണ്. ഒരു ചെറിയ നാട്ടിൽ നിന്നുയർന്ന ഡോ. വിനായകൻ ഇന്ന് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ വിജയം അനേകം യുവാക്കൾക്ക് പ്രചോദനമാകുമെന്നും പൊതുജനാരോഗ്യ രംഗത്ത് കേരളം ഇനിയും ഉയരങ്ങളിലേക്ക് കുതിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഡോ. വിനായകനും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച മുഴുവൻ മെഡിക്കൽ സംഘത്തിനും നാടിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളാണ് ഉയരുന്നത്.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





