തുരങ്കം കടന്ന് ഹൃദയപാത
” തുരങ്കം കടന്ന് ഹൃദയപാത
വയനാട്ടിൽ അഞ്ചുകിലോമീറ്ററും കോഴിക്കോട് ഭാഗത്ത് 3.11 ഉം ഉൾപ്പെടെ 8.11 കിലോമീറ്റർ ഇരട്ട തുരങ്കമാണ് നിർമിക്കുന്നത്. 10 മീറ്റർ വീതിയിൽ നാലുവരിപ്പാത. 2043 കോടി രൂപയാണ് കിഫ്ബി പദ്ധതിയുടെ പ്രതീക്ഷിത ചെലവ്. കൊങ്കൺ റെയിൽവേ കോർപറേഷൻ നിർവഹണ ഏജൻസിയായിട്ടുള്ള പ്രവൃത്തിയുടെ കരാർഎടുത്തത് കന്പനി കൊൽക്കത്ത ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്കോണാണ്. കിഫ്ബി, പൊതുമരാമത്ത് വകുപ്പ്, കൊങ്കൺ റെയിൽവേ കോർപറേഷനും ഉൾപ്പെടുന്ന ത്രികക്ഷി കരാറാണ് നിർമാണത്തിന്. പാത യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്ടെ ആനക്കാംപൊയിലിൽനിന്ന് 22 കിലോമീറ്റർകൊണ്ട് വയനാട്ടിലെ മേപ്പാടിയിലെത്താം. ചുരം യാത്രാദുരിതത്തിന് അറുതിയാകും. തുരങ്കപാത കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമാകും.
അതിവേഗം പ്രവൃത്തി
തുരങ്കം ആരംഭിക്കുന്ന മേപ്പാടി മീനാക്ഷിക്കുന്നിലേക്കുള്ള റോഡ് നിർമാണം പുരോഗമിക്കുന്നു. കള്ളാടിയിൽനിന്ന് മലയടിവാരംവരെയുള്ള റോഡും വെട്ടുകയാണ്. പവർ സ്റ്റേഷനുകൾ, ഡമ്പിങ് യാർഡുകൾ, ക്രഷറുകൾ എന്നിവയുടെ പ്രവൃത്തിയും പുരോഗമിക്കുന്നു.
ആനക്കാംപൊയിൽ ഭാഗത്ത് ഇരുവഴിഞ്ഞിപ്പുഴയിൽ താൽക്കാലിക പാലം നിർമിച്ച് യന്ത്രങ്ങൾ എത്തിച്ചു. തുരങ്കം തുടങ്ങുന്ന സ്വർഗംകുന്നിലേക്കുള്ള റോഡിന്റെ പ്രവൃത്തി തുടങ്ങി. ഇരുവഴിഞ്ഞിപ്പുഴയിൽ പാലങ്ങളും അപ്രോച്ച് റോഡും നിർമിക്കും.
“ഭീമൻപാറ തുരക്കാനുള്ള റോക്ക് ഡ്രിൽ ബൂമർ ഉൾപ്പെടെയുള്ള യന്ത്രങ്ങളെത്തി. ദിലീപ് ബിൽഡ്കോൺ ഉത്തരാഖണ്ഡിലെ ഋഷികേശിൽനിന്നാണ് ബൂമറുകൾ കൊണ്ടുവന്നത്. കൃത്യമായ അളവിലും ആഴത്തിലും ബൂമറുകൾ ഉപയോഗിച്ച് തുരങ്കമുണ്ടാക്കും. ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയിലാണ് തുരക്കൽ. പാറയുടെ കാഠിന്യം അനുസരിച്ച് മാർഗം തെരഞ്ഞെടുക്കും. കാഠിന്യം കുറഞ്ഞ പാറയാണെങ്കിൽ സോഫ്റ്റ് ഡ്രില്ലിങ്ങും കൂടിയതാണെങ്കിൽ നിയന്ത്രിത സ്ഫോടനത്തിലൂടെയും തുരക്കും. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം നിഷ്കർഷിച്ച മാനദണ്ഡം പാലിച്ചാണ് നിർമാണം. ആറ് മാസത്തിലൊരിക്കൽ വിദഗ്ധ സമിതി നിർമാണം വിലയിരുത്തും. ഉപയോഗിക്കുന്ന വനഭൂമിക്കുപകരം സ്ഥലത്ത് മരം വച്ചുപിടിപ്പിക്കും. ഇതിനുള്ള ഭൂമി വയനാട്ടിൽ കണ്ടെത്തി. സ്വയം സന്നദ്ധ പുനരധിവാസത്തിന്റെ ഭാഗമായി സർക്കാർ ഏറ്റെടുത്ത പ്രദേശങ്ങളാണിത്. 17.3 ഹെക്ടർ വനമാക്കും. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടർ സ്വകാര്യഭൂമിയും പദ്ധതിക്കായി ഏറ്റെടുത്തു. വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെ നിരവധി കടന്പകൾ താണ്ടിയാണ് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയുടെ അംഗീകാരം നേടിയത്.”
“24 മണിക്കൂർ കൺട്രോൾ റൂം
ഇരട്ട തുരങ്കത്തിൽ ഉയർന്ന സുരക്ഷാസംവിധാനങ്ങളുണ്ടാകും. ഓരോ ചലനവും നിരീക്ഷിച്ച് 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കും. നൂറിലധികം സിസി ടിവി, മികച്ച ടണൽ റേഡിയോ, ടെലിഫോൺ സിസ്റ്റം, ടണൽ വെന്റിലേഷൻ, ശബ്ദ സംവിധാനം, എസ്കേപ് റൂട്ട് ലൈറ്റിങ്, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയവയുണ്ടാകും. അമിത ഉയരമുള്ള വാഹനങ്ങൾ കണ്ടെത്തി സിഗ്നൽ നൽകും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകൾ.
ബദൽറോഡ് സ്വപ്നം
ചുരം ബദൽ റോഡെന്ന വയനാടിന്റെ സ്വപ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിദഗ്ധ ചികിത്സ, റെയിൽവേ തുടങ്ങിയ സേവനങ്ങൾക്കെല്ലാം ചുരമിറങ്ങണം.
കർണാടകം, ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന്റെ പ്രധാന ഇടനാഴികൂടിയാണ് വയനാട്. താമരശ്ശേരി ചുരംവഴിയാണ് ഇൗ യാത്രയും. ചരക്കുമായി വരുന്ന ലോറികളും കണ്ടെയ്നറുകളും കുടുങ്ങുന്നത് പതിവാണ്. പിന്നാലെയെത്തുന്ന യാത്രാവാഹനങ്ങളും വഴിയിൽ കിടക്കും. മണിക്കൂറുകൾ പെരുവഴിയിലാകും. വാഹനപ്പെരുപ്പംകൂടിയതോടെയാണ് ബദൽ പാതയെന്ന ആവശ്യം ഉയർന്നത്. പല നിർദേശങ്ങളും പദ്ധതികളും ഉയർന്നുവന്നെങ്കിലും ഒന്നും പ്രായോഗികമായില്ല. ഒടുവിൽ സർക്കാർ തുരങ്കപാത വെട്ടുകയാണ്. ഒപ്പം പടിഞ്ഞാറത്തറ–പൂഴിത്തോട്, വൈത്തിരി തളിപ്പുഴ–ചിപ്പിലിത്തോട് ബദൽ പാതകൾക്കും ജീവൻ വയ്പിച്ചു. രണ്ടിന്റെയും വിശദ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കാനുള്ള നടപടികളിലേക്കും കടന്നു. ബദൽ പാതകളിലൂടെ വയനാടിന്റെ കണക്ടിവിടി കൂടുതൽ വിസ്തൃതമാകും. വ്യാപാര, ടൂറിസം, കാർഷിക വിദ്യാഭ്യാസ, ഐടി മേഖലയിൽ മുന്നേറ്റമുണ്ടാകും. ചരക്കുനീക്കം സുഗമമാകും .”
” ഇച്ഛാശക്തി
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രകടനപത്രികയിൽ എൽഡിഎഫ് തുരങ്കപാത ഉൾപ്പെടുത്തി. അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാർ ആദ്യ നൂറുദിന പരിപാടിയിൽ തുരങ്കപാത ഉൾപ്പെടുത്തി പദ്ധതിയുടെ ലോഞ്ചിങ് നിർവഹിച്ചു. തുടർന്നിങ്ങോട്ട് ഇച്ഛാശക്തിയോടെ നടത്തിയ പ്രവർത്തനങ്ങളാണ് പാതയുടെ നിർമാണത്തിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അവലോകനംചെയ്യുന്ന പദ്ധതികളിലൊന്നാണിത്.
പാത യാഥാർഥ്യമാകുന്നതോടെ സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർധിക്കും. സഞ്ചാരികൾ കൂടുതലായി വയനാട്ടിലേക്ക് എത്തും. തുരങ്കപാതതന്നെ ടൂറിസം സ്പോട്ടാകും. പ്രാദേശിക വികസനം വേഗത്തിലാകും. ഗ്രാമീണ ജനതയുടേതുൾപ്പെടെ തൊഴിലും വരുമാനവും വർധിക്കും. കേരളത്തിന്റെ സാമ്പത്തിക വികസനത്തിൽത്തന്നെ വലിയ മുന്നേറ്റമുണ്ടാകും.
സുസ്ഥിര വികസന മാതൃക
വയനാട് തുരങ്കപാത കേരളത്തിന്റെ സുസ്ഥിര വികസന മാതൃകയുടെ ദൃഷ്ടാന്തമായി ലോകത്തിനുമുന്നിൽ ഉയർന്നുനിൽക്കും. പലതുകൊണ്ടും തുരങ്കപാത ചരിത്രമായി മാറും.
“ചുരം ഉയർത്തുന്ന വെല്ലുവിളിക്കുള്ള ബദലാകും. കുറഞ്ഞസമയവും ഇന്ധനക്ഷമതയും തുടങ്ങിയ ഒട്ടേറെ ഗുണങ്ങൾ പാത നൽകും. യാത്ര സുഗമമാകും. കാർഷിക ഉൽപ്പന്ന കയറ്റുമതി വർധിക്കും.
(തുരങ്കപാത നിർമാണോദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്)
കേരളത്തിന്റെ വികസനപാത 4 വർഷംകൊണ്ട് യാഥാർഥ്യമാകും
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതുമുതൽ പ്രവൃത്തി ദ്രുതഗതിയിലാണ്. നാലുവർഷംകൊണ്ട് തുരങ്കപാത യാഥാർഥ്യമാകും. മലയോരത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ വികസനപാതയാണ്.
താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും. വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാകും. വയനാടിനെ സംസ്ഥാന സർക്കാർ എത്രയധികം ചേർത്തുപിടിക്കുന്നു എന്നതിന് തെളിവാണ് ഇൗ പദ്ധതി.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





