18 June 2026
കൊട്ടാരക്കര ബൈപ്പാസ് യാഥാർത്ഥ്യമാക്കും: മന്ത്രി കെ എൻ ബാലഗോപാൽ.

കൊട്ടാരക്കര :പ്രദേശവാസികളുടെ നിരന്തരമായ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി കൊട്ടാരക്കര ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്ന നടപടികൾ പുരോഗമിക്കുന്നതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കരയില്‍ നവീകരിച്ച കരിക്കം- അപ്പര്‍ കരിക്കം- ഓലിയില്‍ മുക്ക്- ഈയ്യംകുന്ന് റോഡ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

300 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണെങ്കിലും പൊതുജനങ്ങളുടെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് സർക്കാർ നിലപാട്. ഇതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനായി. ബൈപാസ് വരുന്നതോടെ കമ്പോള നിലവാരം, മെച്ചപ്പെട്ട ഗതാഗത സൗകര്യം തുടങ്ങി കൊട്ടാരക്കരയുടെ പ്രാദേശിക വികസനത്തിനും വഴിയൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

കൊട്ടാരക്കര നഗരസഭയിലെ പ്രധാനപ്പെട്ട റോഡായ കരിക്കം- അപ്പർ കരിക്കം – ഓലിയിൽ മുക്ക്- ഈയ്യംക്കുന്ന് റോഡ് ( കടലാവിള – ചാങ്ങയിൽ ഭാഗം ഉൾപ്പെടെ) 9.5 കോടി ചെലവിൽ ആധുനിക രീതിയിൽ ബി എം ആൻഡ് ബി സി പ്രകാരമാണ് നവീകരണം പൂർത്തിയാക്കിയത്.

ഈയ്യംകുന്ന് ജങ്ഷനില്‍ നടന്ന പരിപാടിയില്‍ കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എസ്.ആര്‍ രമേശ് അധ്യക്ഷനായി. കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ വനജ രാജീവ്, സ്ഥിരം സമിതി അധ്യക്ഷരായ ജേക്കബ് വർഗീസ് വടക്കടത്ത്, ഫൈസൽ ബഷീർ, അഡ്വ. കെ. ഉണ്ണികൃഷ്ണമേനോൻ, മിനി കുമാരി, ജി സുഷമ, കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *