10 July 2026
നാട്ടിക മുൻ എംഎൽഎ സി.സി. മുകുന്ദന്റെ വ്യാജ ഒപ്പും സീലും നിർമ്മിച്ച് നിയമസഭയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ മുൻ പേഴ്സണൽ അസിസ്റ്റന്റ് (പി.എ) മസൂദ് കെ. വിനോദിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ നാട്ടിക മുൻ എംഎൽഎ സി.സി. മുകുന്ദന്റെ വ്യാജ ഒപ്പും സീലും നിർമ്മിച്ച് നിയമസഭയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ മുൻ പേഴ്സണൽ അസിസ്റ്റന്റ് (പി.എ) മസൂദ് കെ. വിനോദിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ പുലർച്ചെയോടെയാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മസൂദിനെ റിമാൻഡ് ചെയ്തു. 2021 ജൂൺ 1 മുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുത്തതായി കാണിച്ച് എംഎൽഎയുടെ വ്യാജ ഒപ്പും സീലും പതിപ്പിച്ചു. ഈ വ്യാജരേഖ ഉപയോഗിച്ച് നിയമസഭയിൽ നിന്ന് 85,400 രൂപ ഓവർടൈം ഡ്യൂട്ടി അലവൻസായി കൈപ്പറ്റുകയായിരുന്നു.

നിയമസഭയിൽ നിന്നു വിവരാവകാശ അപേക്ഷ വഴി ലഭിച്ച രേഖകൾ സഹിതം തൃശൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ എ.എ. മുഹമ്മദ് ഹാഷിം നൽകിയ പരാതിയിൽ 2024ൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണു കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് 2025 മാർച്ചിൽ അന്തിക്കാട് സ്റ്റേഷനിലേക്ക് കേസ് കൈമാറി. ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ഒളിവിലായിരുന്ന മസൂദിനെ ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. വിവിധ ക്രമക്കേടുകൾ പുറത്തുവന്നതോടെ 2024 ജനുവരിയിൽ മസൂദിനെ പഴ്സനൽ സ്റ്റാഫിൽ നിന്ന് സി.സി. മുകുന്ദൻ പുറത്താക്കിയിരുന്നു.