ബലിതര്‍പ്പണം: ജില്ലാ കലക്ടര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി
ബലിതര്‍പ്പണ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ബലിതര്‍പ്പണ കേന്ദ്രങ്ങളായ മുണ്ടക്കല്‍ പാപനാശം, തിരുമുല്ലവാരം എന്നിവിടങ്ങള്‍ ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് സന്ദര്‍ശിച്ചു. ശുചിത്വം ഉറപ്പാക്കാന്‍ കോര്പറേഷന്, ക്ഷേത്ര ഭരണ സമിതികള്‍ എന്നിവരെ ചുമതലപ്പെടുത്തി. തിരുമുല്ലവാരത്ത് 40 പരികര്‍മികളുടെ സേവനം ഉറപ്പാക്കും. ദേവസ്വം ബോര്‍ഡും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കൂടുതല്‍ ബലിതര്‍പ്പണ പന്തലുകള്‍ ഒരുക്കും. ടിക്കറ്റിങ് കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ തിരുമുല്ലവാരത്ത് 15 കൗണ്ടറുകളും ഇതര കേന്ദ്രങ്ങളില്‍ കൂടുതല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബലിതര്‍പ്പണ പന്തലുകളിലേയ്ക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും വെവ്വേറെ പാതയൊരുക്കും. പൊലിസ് ഇതിനായി പ്രത്യേക നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കും. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷായൊരുക്കാന്‍ ലൈഫ് ഗാര്‍ഡുകള്‍, സ്കൂബ ഡൈവര്‍മാര്‍ എന്നിവരെ നിയോഗിക്കും. കടല്‍ത്തീരങ്ങളിലെ അപകടകരമായ സ്ഥലങ്ങളില്‍ താല്കാലിക ബാരിക്കേഡുകള്‍ സ്ഥാപിക്കും. ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ആവശ്യത്തിനുള്ള ശൗചാലയങ്ങളും ഇ-ടോയ്ലറ്റുകളും ഉറപ്പാക്കാന്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്കി. വൈദ്യുതി വിതരണവും സുരക്ഷയും കെ.എസ്.ഇ.ബി ഉറപ്പാക്കും. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് കോര്പറേഷന്, ശുചിത്വമിഷന് എന്നിവ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. വൈദ്യസഹായത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘങ്ങളെ വിന്യസിക്കും. ക്ഷേത്രഭരണസമിതി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.




