കൊല്ലം റെയിൽവേ സ്റ്റേഷനിൽ അവശ നിലയിലായ യുവതിക്ക് രക്ഷകരായി കൊല്ലം ഈസ്റ്റ് പോലീസ്. 15-ആം തീയതി വെള്ളിയാഴ്ച്ച കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടി ചെയ്തിരുന്ന ജി.എസ്.ഐ രണദേവ്, സി.പി.ഓ അജയകുമാർ എന്നിവരാണ് യുവതിക്ക് രക്ഷകരായി മാറിയത്. ശനിയാഴ്ച വെളുപ്പിന് 1.50 മണിയോടെയാണ് കേരളാ പോലീസിന്റെ എമർജൻസി റെസ്‌പോൺസ് കൺട്രോൾ റൂമിലേക്ക് ഒരു അടിയന്തര സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിക്കുന്നത്. പ്രസ്തുത സന്ദേശത്തിന്റെ ഉറവിടം കൊല്ലം റെയിൽവേ സ്റ്റേഷനാണെന്ന് മനസിലാക്കി എമർജൻസി റെസ്‌പോൺസ് കൺട്രോൾ റൂമിൽ നിന്നും വിവരം കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. എസ്.ഐ രണദേവിന്റെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിംഗ് സംഘം ഉടൻ തന്നെ റെയിൽവേ സ്റ്റേഷനിലെത്തി യുവതിയുടെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ റിങ് ചെയ്യുന്നതല്ലാതെ ആരും എടുത്തില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ അവശയായി ജീവനുവേണ്ടി പിടയുന്ന യുവതിയെ ആണ് കാണാൻ സാധിച്ചത്. സമയം ഒട്ടും കളയാതെ യുവതിയെ താങ്ങിയെടുത്തു ആംബുലൻസ് എത്തിച്ചേരുന്നത് കാത്ത് നിൽക്കാതെ പോലീസ് ജീപ്പിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർ എത്തി പരിശോധിച്ചതിൽ യുവതിക്ക് ഹൃദയഘാതം ആയിരുന്നു എന്നും ഉടൻ എത്തിച്ചതുകൊണ്ടാണ് (ഗോൾഡൻ ഹവർ) ജീവൻ രക്ഷിക്കാൻ ആയത് എന്നും അറിയിക്കുകയും യുവതിയെ ഉടൻ കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് വിവരം യുവതിയുടെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. ആലപ്പൂഴ തൂറവൂർ സ്വദേശിനിയായ യുവതി അത്യാസന നില തരണം ചെയ്ത് സുഖം പ്രാപിച്ച് വരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ പ്രവർത്തനം മാതൃകാപരമാണെന്നും അഭിനന്ദനാർഹമാണെന്നും ജില്ലാ പോലീസ് മേധാവി ചൈത്ര തെരെസാ ജോൺ ഐ.പി.എസ് അഭിപ്രായപ്പെട്ടു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.