Home / Kerala News / Thiruvananthapuram / അദ്ധ്യാപകരും ജീവനക്കാരും ലേബര്‍ കോഡ് വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു -അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി

അദ്ധ്യാപകരും ജീവനക്കാരും ലേബര്‍ കോഡ് വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു -അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി

തിരുവനന്തപുരം: രാഷ്ട്രനിര്‍മ്മിതിയില്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിയര്‍പ്പും ചോരയുമുണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ മുതലാളിത്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രം നടപ്പിലാക്കിയ തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകളുടെ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ കത്തിച്ചെറിഞ്ഞ് ജീവനക്കാരും അദ്ധ്യാപകരും സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ലോകം കോവിഡിന്റെ ഭീഷണിയിലായിരുന്ന ഘട്ടത്തിലാണ് ധൃതി പിടിച്ച് തൊഴില്‍ നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. രാജ്യത്തെ മുപ്പത് കോടിയിലധികം വരുന്ന തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന ഒരു നിയമം പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷത്തിന്റെ അഭിപ്രായത്തെ കൂടി മുഖവിലയ്‌ക്കെടുത്ത് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പാസ്സാക്കി എടുക്കുക എന്ന ജനാധിപത്യ മര്യാദ പോലും പരിഗണിക്കാതെയാണ് മുതലാളിത്ത താല്‍പ്പര്യ സംരക്ഷണം ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ തിടുക്കത്തില്‍ തൊഴില്‍ കോഡ് പാസ്സാക്കിയെടുത്തത്. ചങ്ങാത്ത മുതലാളിത്ത താല്‍പ്പര്യ സംരക്ഷണത്തിനായി കേന്ദ്രഭരണ കൂടം പടച്ചുണ്ടാക്കിയ നിയമം തൊഴില്‍ അവകാശങ്ങളും സ്ഥിരം തൊഴിലും ഇല്ലാതാക്കുന്നതായി മാറി. രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ശക്തമായി ചെറുത്ത്‌നില്‍പ്പ് സംഘടിപ്പിച്ചതിനാല്‍ ഈ നിയമം കഴിഞ്ഞ 5 വര്‍ഷമായി നടപ്പിലാക്കാതെ വൈകിപ്പിച്ചിരുന്നതാണ്. ഈ നിയമമാണ് നവംബര്‍ 21 മുതല്‍ പ്രാബല്യത്തിലായി എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. പ്രതിഷേധങ്ങള്‍ക്ക് ജനാധിപത്യപരമായ കൂടിയാലോചനകള്‍ നടത്തി പരിഹാരം കാണുന്നതിന് പകരം ഏകപക്ഷീയമായി തീരുമാനങ്ങള്‍ ഈസ് ഓഫ് ഡ്രായിംഗ് ബിസിനസ്സിന്റെ പേരില്‍ പ്രഖ്യാപിക്കുകയാണ്. ഇത് വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ വിഷയമാണെന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ.പി.ഗോപകുമാര്‍ പറഞ്ഞു. രാജ്യമാസകലം തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 14 ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് ജീവനക്കാരും അദ്ധ്യാപകരും മാര്‍ച്ച് നടത്തി. ഏജീസ് ഓഫീസിനു മുന്നില്‍ നടത്തിയ മാര്‍ച്ചില്‍ കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്.സുധികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവ്, കെ.ജി.ഒ.എഫ് വനിതാ കമ്മിറ്റി സെക്രട്ടറി ഡോ.സോയ, കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് അഭിലാഷ്, കേരള ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ് സ്റ്റാഫ് ഫെഡറേഷന്‍ പ്രസിഡന്റ് ജ്യോതിലാല്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ എം.എസ്.സുഗൈതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ തിരു.സൗത്ത് ജില്ലാ സെക്രട്ടറി വിനോദ്.വി.നമ്പൂതിരി സ്വാഗതവും കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് വിഷ്ണു നന്ദിയും പറഞ്ഞു.
കേരള ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ് സ്റ്റാഫ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.വിനോദ്, ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റംഗങ്ങളായ വി.കെ.മധു, ആര്‍.സിന്ധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.അജയകുമാര്‍, യു.സിന്ധു, എന്‍.സോയാമോള്‍, ആര്‍.സരിത, വി.ശശികല, ജി.സജീബ്കുമാര്‍, സതീഷ് കണ്ടല, കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്‍കി.