Home / Kerala News / വി.ഡി. സതീശൻ മന്ത്രിസഭ നാളെ അധികാരത്തിലേക്ക്; ആഭ്യന്തരം ചെന്നിത്തലയ്ക്ക്, സണ്ണി ജോസഫ് റവന്യൂ മന്ത്രി; ഒ.ജെ. ജനീഷ് അപ്രതീക്ഷിത മുഖം

വി.ഡി. സതീശൻ മന്ത്രിസഭ നാളെ അധികാരത്തിലേക്ക്; ആഭ്യന്തരം ചെന്നിത്തലയ്ക്ക്, സണ്ണി ജോസഫ് റവന്യൂ മന്ത്രി; ഒ.ജെ. ജനീഷ് അപ്രതീക്ഷിത മുഖം

 

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് മന്ത്രിമാരുടെ പട്ടികയും വകുപ്പുകളും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പെടെ 11 പേരാണ് മന്ത്രിസഭയിൽ ഉള്ളത്. മുഖ്യമന്ത്രി പദത്തോടൊപ്പം ധനകാര്യം, തുറമുഖം, നിയമം എന്നീ സുപ്രധാന വകുപ്പുകൾ വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്യും.

തുടക്കത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞുനിന്നിരുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ നൽകിയാണ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും അനുനയിപ്പിച്ചത്. ചെന്നിത്തല നാളെ ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പുതിയ റവന്യൂ മന്ത്രിയാകും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് അപ്രതീക്ഷിതമായി മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് പട്ടികയിലെ പ്രധാന ആകർഷണം. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും സഭയെ നയിക്കും.

ലീഗിന് അഞ്ച് മന്ത്രിമാർ; ഘടകകക്ഷികൾക്കും പ്രാതിനിധ്യം

മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ എന്നീ അഞ്ച് പേരാണ് മന്ത്രിസഭയിലെത്തുന്നത്. രണ്ടര വർഷത്തെ ടേം വ്യവസ്ഥയിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള പാറക്കൽ അബ്ദുല്ല പിന്നീട് മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.

കോൺഗ്രസിൽ നിന്ന് കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, ബിന്ദു കൃഷ്ണ, റോജി എം. ജോൺ എന്നിവരും ഘടകകക്ഷികളിൽ നിന്ന് മോൻസ് ജോസഫ് (കേരള കോൺഗ്രസ്), ഷിബു ബേബി ജോൺ (ആർ.എസ്.പി), സി.പി. ജോൺ (സി.എം.പി), അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്) എന്നിവരും നാളെ മന്ത്രിമാരായി ചുമതലയേൽക്കും.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തേക്കില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. എന്നാൽ തെലങ്കാന, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കാനായി ഇന്ന് രാത്രിയോടെ തലസ്ഥാനത്ത് എത്തും.