കൊച്ചി: പകുതിവില തട്ടിപ്പുകേസില്‍ സർക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് ലാലി വിൻസെന്റ്.തട്ടിപ്പ് കേസിലെ പ്രതി അനന്തു നവകേരള സദസിന് ഏഴു ലക്ഷം രൂപ സംഭാവന നല്‍കിയെന്നും കേസിന്റെ ആദ്യ ഘട്ടത്തില്‍ അനന്തുവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച സമയത്ത് മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അനന്തുവിനെ വഴിവിട്ട് സഹായിച്ചുവെന്നും ലാലി വിൻസെന്റ് ആരോപിച്ചു.ഡി.ഐ.ജിയുടെ അപ്പോയിന്റ്മെന്റ് എടുത്തു നല്‍കിയത് കെ.എം.എബ്രഹാം ആണ്. അനന്തുവിന്റെ കൂടെയുണ്ടായിരുന്ന ബേബി എന്നയാളുടെ ബന്ധുവാണ് കെ.എം.എബ്രഹാമെന്നും ലാലി പറയുന്നു.കണ്ണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഏഴാം പ്രതിയാണ് ലാലി വിൻസെന്റ്. 46 ലക്ഷം രൂപ ഇവർക്ക് നല്‍കിയാതായി അനന്തു മൊഴിനല്‍കിയിരുന്നു. ഇത് അഭിഭാഷ ഫീസാണെന്നായിരുന്നു ലാലി നല്‍കുന്ന വിശദീകരണം. ഒരു പാട് വി.ഐ.പികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ലാലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിലെ വിവരങ്ങളാണ് ഇവർ ഒരോന്നായി പുറത്തുവിടുന്നത്.
രാഷ്ട്രീയ നേതാക്കള്‍ മുതല്‍ ന്യായാധിപൻ വരെയുള്ളവരെ അനന്തു മണി ചെയിൻ മാതൃകയിലുള്ള തട്ടിപ്പിന് മറയാക്കി. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും സാമൂഹിക പ്രവർത്തകനും പണം കൈമാറിയെന്നാണ് മൊഴി. ഇവരുടെ പേര് വിവരം പുറത്തുവിട്ടിട്ടില്ല. തിരുവനന്തപുരം കേന്ദ്രമായ ട്രസ്റ്റിന്‍റെ ചെയർമാന് രണ്ട് കോടി രൂപ, ഇടുക്കിയിലെ ജനപ്രതിനിധിക്ക് 46 ലക്ഷം, വനിതാ കോണ്‍ഗ്രസ് നേതാവിന് 46 ലക്ഷം, ബി.ജെ.പി നേതാവിന് 40 ലക്ഷം, ഇടുക്കിയില്‍ സർക്കാർ പരിപാടിക്ക് 9 ലക്ഷം, ഇടുക്കിയിലെ സി.പി.എം നേതാവിന് നാല് ലക്ഷം എന്നിങ്ങനെയാണ് നല്‍കിയത്.




