യുഎസ് കമ്പനിയായ കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിന് കുടപിടിക്കുന്നതാണ് പുതിയ ലേബർ കോഡ്. വരുംദിവസങ്ങളിൽ തൊഴിൽരംഗത്ത് വരാൻപോകുന്ന അപകടങ്ങളുടെ മുന്നോടിയാണിത്.
കോറോഹെൽത്തിൻ്റെ നടപടി നിയമവിരുദ്ധമാകുന്നത് എങ്ങനെയാണെന്നു നോക്കാം. പഴയ തൊഴിൽ നിയമത്തിൽ നൂറിലേറെ ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ പിരിച്ചുവിടലിനും അടച്ചുപുട്ടലിനും മുൻപ് സർക്കാരിന്റെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. പുതിയ ലേബർ കോഡിൽ ജീവനക്കാരുടെ എണ്ണം 100 എന്നതു മുന്നൂറായി വർധിപ്പിച്ചു. അതുകൊണ്ട്, 800 ജീവനക്കാരുള്ള കോറോഹെൽത്ത് സർക്കാരിൻ്റെ മുൻകൂർ അനുവാദം വാങ്ങാതെ നടപ്പിലാക്കിയ പിരിച്ചുവിടൽ നിയമവിരുദ്ധമാണ്. 2022 മുതൽ പ്രവർത്തിക്കു ന്ന കോറോഹെൽത്ത് എന്തുകൊണ്ടാണു സർക്കാരിനെ അവഗണിച്ചതെന്നു പരിശോധിച്ച് ഉചിതനടപടി സ്വീകരിക്കണം. ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ കാഴ്ചക്കാരായി നിൽക്കുന്ന സാഹചര്യം ജനാധിപത്യസംവിധാനത്തെ ദുർബലപ്പെടുത്തും.
ഇന്ത്യയിൽ കഴിഞ്ഞ നവംബർ 15നാണ് പുതിയ ലേബർ കോഡ് നിലവിൽ വന്നത്. എന്നാൽ, കേരളത്തിൽ മാത്രം ഇതുവരെ ചട്ട ങ്ങൾ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടു കേന്ദ്ര ചട്ടങ്ങളാണ് ഇവിടെ ബാധകമായിട്ടുള്ളത്.
എന്തുതന്നെയായാലും ജീവിക്കാനായി തൊഴിലെടുക്കുന്ന മനുഷ്യരെ ഇത്തരത്തിൽ പിരി ച്ചുവിടുന്നതു മനുഷ്യത്വരഹിതമാണ്. അതു ചോദ്യം ചെയ്യപ്പെടണം. പുതിയ ലേബർ കോഡിലെ കരാർ നിയമനം സംബന്ധിച്ച വ്യവസ്ഥകളിൽ തിരുത്തേണ്ടവ തിരുത്തണം.
നിലവിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ഇത്തരത്തിലുള്ള കൂട്ടപ്പിരിച്ചുവിടൽ ഇവിടെ നടപ്പിലാക്കുന്നത് ആദ്യമാണ്.
കൊച്ചിയിലെ കൊറോഹെൽത്ത് എന്ന മെഡിക്കൽ കോഡിങ് കമ്പനിയിലെ എണ്ണൂറോളം ജീവനക്കാരെ പിരിച്ച് വിട്ട നടപടിയിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റ് ടിജെ ആഞ്ചലോസും ജന സെക്രട്ടറി കെപി രാജേന്ദ്രനും ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡുകൾ അനുസരിച്ചാണ് നടപടികൾ എന്ന് ഈ അമേരിക്കൻ കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും കേരളം ലേബർ കോഡുകളിൽ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിരുന്നതെന്ന് അവർ ചൂണ്ടി കാണിച്ചു.
ഓഫിസിൽ പെട്ടെന്ന് ഒരുക്കിയ അനൗൺസ്മെന്റിലൂടെ ‘ഇന്ന് നിങ്ങളുടെ അവസാനത്തെ ദിവസമാണ്’ എന്ന അറിയിപ്പിലൂടെയാണ് പിരിച്ച് വിടൽ നടത്തിയതെന്നും ഇത് തൊഴിൽ നിയങ്ങളുടെ ലംഘനമാണെന്നും അവർ പറഞ്ഞു.
കേവലം രണ്ടര മാസത്തെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാര തുകയെന്ന നിലയിൽ കമ്പനി നിക്ഷേപിക്കുകയും ചെയ്തു.ഇത്തരം നടപടികളോട് സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.എ ഐ സാദ്ധ്യതകൾ ഐ ടി കമ്പനികൾ വലിയതോതിൽ ഉപയോഗിക്കുന്നതിന്റെ തെളിവാണ് ഈ കൂട്ട പിരിച്ച് വിടൽ.ഭാവിയിൽ ഐടി മേഖലയിൽ വൻതോതിലുള്ള പിരിച്ച് വിടലിന് കമ്പനികൾ തയ്യാറെടുക്കുകയാണ്.എന്നാൽ ജീവിതത്തിന്റെ വലിയൊരു ഭാഗം ഇത്തരം മേഖലകളിൽ പണിയെടുത്ത് വെറും കയ്യോടെ മടങ്ങേണ്ടിവരുന്നവർക്ക് നിയമ സംരക്ഷണം നൽകുവാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും അവർ പറഞ്ഞു.




