14 June 2026
ആശ്രാമത്തെ വീടുകളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ; അറസ്റ്റിലായത് കാപ്പാ നാടുകടത്തൽ കഴിഞ്ഞെത്തിയ യുവാവ്.

കൊല്ലം:ആശ്രാമം ഭാഗത്തെ വീടുകളിൽ തുടർച്ചയായി അതിക്രമിച്ചു കയറി ലക്ഷക്കണക്കിന് രൂപ വിലപിടിപ്പുള്ള വസ്തുവകകൾ മോഷ്ടിച്ച കേസുകളിലെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. ആശ്രാമം നേതാജി നഗർ-74, ബി.എസ്.വി ഭവനത്തിൽ വിജയ് (20) എന്നയാളെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ വിജയ് കഴിഞ്ഞമാസം ആശ്രാമം കാവടിപ്പുറം നഗറിലുള്ള ആളൊഴിഞ്ഞ രണ്ട് വീടുകളിൽ അതിക്രമിച്ചുകയറി ലക്ഷക്കണക്കിന് രൂപ വിലവരുന്ന ചെമ്പ് പാത്രങ്ങളും നിലവിളക്കുകളും വാട്ടർ ടാപ്പുകളും മോഷണം നടത്തുകയായിരുന്നു. തുടർന്ന് മോഷണവിവരമറിഞ്ഞ് വീട്ടുടമസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിഞ്ഞ് വലയിലാക്കുകയുമായിരുന്നു. അറസ്റ്റിലായ വിജയ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി മോഷണ, ക്രിമിനൽ, മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. മുൻപ് ഇയാളുടെ നിരന്തര കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് കാപ്പ നിയമപ്രകാരം 6 മാസത്തേക്ക് കൊല്ലം ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു. ഈ നാടുകടത്തൽ കാലാവധി പൂർത്തിയാക്കി. ജില്ലയിൽ തിരിച്ചെത്തിയ ഉടൻ തന്നെ പ്രതി വീണ്ടും സമാന രീതിയിലുള്ള മോഷണ പരമ്പരകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഹേമലത ഐ.പി.എസിന്റെ നിർദ്ദേശാനുസരണം കൊല്ലം എ.സി.പി രാജേഷിന്റെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടറായ ആർ. സജീവിന്റെ നേതൃത്വത്തിൽ എസ്.ഐ ജഗ് മോഹൻദെത്ത് പ്രോബേഷൻ എസ്.ഐ അതുൽ ക്യഷ്ണ സി.പി.ഓ മാരായ അജയകുമാർ, മുരുകേഷ്, ജയകൃഷ്ണൻ, ശ്യാം, സാഗർ തമ്പി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.