25 June 2026
വി എം സുധീരൻ പട നയിക്കാൻ പുറപ്പെട്ടു കഴിഞ്ഞു. വെള്ളാപ്പള്ളി എരുവു വെള്ളം കുടിക്കും

വി.എം. സുധീരനിലൂടെ! കേരളം ഭയക്കുന്ന വിഷയങ്ങള്‍ തൊടാന്‍ ഇതാ പുതിയ  നേതാവ്. വെള്ളാപ്പള്ളിക്ക് നെഞ്ചിടിപ്പേറുന്നു.മറ്റാരും തൊടാന്‍ ഭയക്കുന്ന വന്‍ സ്രാവുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച് ഒരുകാലത്ത് കേരള ജനതയുടെ വികാരമായി മാറിയ വി.എസ്. അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ പ്രഹേളിക വി.എം. സുധീരനിലൂടെ പുനര്‍ജനിക്കുകയാണോ? പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റിട്ടും ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള വിനാശകരമായ കൂട്ടുകെട്ടുകള്‍ക്കെതിരെ സുധീരന്‍ നടത്തുന്ന പടയൊരുക്കം രാഷ്ട്രീയ കേരളത്തിന് നല്‍കുന്നത് വി.എസ്. ശൈലിയുടെ കൃത്യമായ ഓര്‍മ്മപ്പെടുത്തലുകളാണ്. സ്വന്തം മുന്നണി ഭരണത്തിലുണ്ടായിട്ടും തെറ്റുകളെ തിരുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട സുധീരന്‍, യഥാര്‍ത്ഥത്തില്‍ സഭയ്ക്ക് പുറത്തെ ശക്തനായ പോരാളിയാണ്.വെള്ളാപ്പള്ളിയെ തൊടാൻ വി.ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും ഇത്തിരി സമയം ചിന്തിക്കേണ്ടിവരും. എന്നാൽ സുധീരൻ ഈ വിഷയത്തിൽ മാറില്ല എന്നതാണ് അദ്ദേഹത്തിൻ്റെ പ്രതികരണങ്ങളിൽ കാണുന്നത്.എസ്.എന്‍.ഡി.പി യോഗം മുന്‍ കണക്കപ്പിള്ള കെ.കെ. മഹേശന്റെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ചര്‍ച്ചയാക്കാന്‍ സുധീരന്‍ കാണിച്ച ആര്‍ജ്ജവം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അക്ഷരാര്‍ത്ഥത്തില്‍ പരിഭ്രാന്തനാക്കിയിരിക്കുകയാണ്. ഇനി വെള്ളാപ്പള്ളിയെ നിയമത്തിന്റെ വഴിയില്‍ നിന്ന് രക്ഷിക്കാനാകില്ലെന്ന സുധീരന്റെ തുറന്നടിയില്‍ കൃത്യമായ രാഷ്ട്രീയ താക്കീതുണ്ട്.വെള്ളാപ്പള്ളി നടേശന്‍ സമീപകാലത്തായി നടത്തുന്ന പ്രസ്താവനകള്‍ ഒരു കവല ചട്ടമ്പിയുടേതിന് സമാനമാണെന്ന് പറയാന്‍ കാണിച്ച ധൈര്യം രാഷ്ട്രീയ ധാര്‍മ്മികതയുടെ ഭാഗമാണ്. ശ്രീനാരായണഗുരുദേവനും മുന്‍കാല നേതാക്കളും ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്ക് പൂര്‍ണ്ണമായും വിരുദ്ധമായാണ് വെള്ളാപ്പള്ളി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കെ.കെ. മഹേശന്റെ മരണത്തിന് പിന്നിലെ നിഗൂഢതകള്‍ പുറത്തുകൊണ്ടുവരാന്‍ കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ അന്വേഷണസംഘം രൂപീകരിക്കണമെന്ന വിട്ടുവീഴ്ചയില്ലാത്ത ആവശ്യംമുന്‍പ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മഹേശന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്ന നിലപാടാണ് അന്ന്എടുത്തത് എന്ന അക്ഷേപം നിലനിൽക്കുന്നുണ്ട് .

സുധീരന്‍, പുതിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നേരിട്ട് കൈമാറിക്കൊണ്ട് യു.ഡി.എഫ് ഭരണത്തിന് മുന്നിലും വലിയൊരു ധര്‍മ്മസങ്കടം കാത്തുവെച്ചിരിക്കുകയാണ്.

വെള്ളാപ്പള്ളി വിഷയത്തില്‍ മാത്രമല്ല, ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളിലാണ് സുധീരന്‍ ഇടപെടുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ മദ്യനയത്തിനെതിരെയും കരിമണല്‍ ഖനനത്തിനെതിരെയും സുധീരന്‍ ഉയര്‍ത്തുന്ന ശബ്ദം വന്‍കിട ലോബികളുടെ ഉറക്കം കെടുത്തുന്നതാണ്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് പുതിയ ബജറ്റില്‍ എങ്ങനെ വന്നുവെന്ന് ചോദിക്കുന്ന സുധീരന്‍, കോണ്‍ഗ്രസിന്റെയോ യു.ഡി.എഫിന്റെയോ ഔദ്യോഗിക പ്രകടനപത്രികയില്‍ ഇല്ലാത്ത കാര്യം ആരെ സുഖിപ്പിക്കാനാണ് നടപ്പിലാക്കിയതെന്ന കടുത്ത ചോദ്യമാണ് ഉയര്‍ത്തുന്നത്.