വിഴിഞ്ഞത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; പ്രതി മലപ്പുറം സ്വദേശി ഒളിവിൽ, ദിവ്യ എസ്. അയ്യരുടെ വ്യാജ ഒപ്പ്….
വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വ്യാജരേഖ ചമച്ച് 300 കോടിയുടെ തട്ടിപ്പ്. വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡ് സി.ഇ.ഒയുടെ പരാതിയിൽ മലപ്പുറം താഴത്തങ്ങാടി സ്വദേശി കരുവാറ്റു വീട്ടിൽ പി.ടി.സൽമാനുൾ ഫാരിസിനെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്.
വിഴിഞ്ഞത്തിന്റെ പേരിൽ ആരെങ്കിലും പണം നൽകിയിട്ടുണ്ടെങ്കിൽ ഉടൻ തമ്പാനൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായി 300 കോടി രൂപയുടെ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്‌മെന്റ് പദ്ധതിക്ക് ടെൻഡർ ലഭിച്ചുവെന്നും സർക്കാർ നേരിട്ട് നടത്തുന്ന പദ്ധതിയാണെന്നും വിശ്വസിപ്പിച്ച് നിക്ഷേപകരിൽ നിന്നു പണം തട്ടുകയായിരുന്നു. വിസിൽ എം.ഡി ആയിരുന്ന ദിവ്യ എസ് അയ്യരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചാണ് കൃത്രിമ രേഖകൾ ഉണ്ടാക്കിയത്.വ്യാജരേഖകൾ നിക്ഷേപകരെ കാണിച്ചായിരുന്നു തട്ടിപ്പ്. കൊച്ചിയിലെ ഒരു നടി ഉൾപ്പെടെ ഇരയായെന്ന് അറിയുന്നു. വ്യാജരേഖകൾ പൊലീസിന് ലഭിച്ചു. ജൂൺ 5നാണ് തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി ലഭിക്കുന്നത്. പ്രതിയെ അറസ്റ്റു ചെയ്താലേ തട്ടിപ്പിന്റെ വിശദാംശങ്ങളും എത്രപേർ ഇരകളായെന്നും അറിയാനാകൂ. വലിയൊരു സംഘത്തിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. വ്യാജരേഖകൾ ചമയ്ക്കാൻ സഹായം നൽകിയവരെയും കണ്ടെത്തണം.വികസന പദ്ധതികളുടെ പേരിൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കാൻ സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.




