25 June 2026
പുനലൂർ താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം നിവേദനം നൽകി സി അജയപ്രസാദ് എംഎൽഎ

പുനലൂർ താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം നിവേദനം നൽകി സി അജയപ്രസാദ് എംഎൽഎ

ആരോഗ്യ മന്ത്രി ആശുപത്രിയിൽ സന്ദർശനം നടത്തും

പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം എന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് നിവേദനം നൽകി പുനലൂർ എംഎൽഎ സി അജയപ്രസാദ്.
തെക്കൻ കേളത്തിൽ ഏറ്റവും കൂടുതൽ സെറ്റിൽമെൻ്റ് കോളനികളും പട്ടികജാതി പട്ടിക വർഗ്ഗ ജനവിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന ഉൾനാടൻ ഗ്രാമങ്ങൾ ഉൾപ്പെടുന്ന നിയോജകമണ്ഡ‌ലമാണ് പുനലൂർ. കഴിഞ്ഞ കാലങ്ങളിൽ നിരവധി ദേശീയ-സംസ്ഥാന അംഗീകാരങ്ങൾ ആതുര സേവന രംഗത്ത് നേടിയെടുത്ത ആശുപത്രിയാണ് പുനലൂർ താലൂക്ക് ആശുപത്രി. വിവിധ കാലങ്ങളിൽ ആരോഗ്യവകുപ്പ് നടപ്പാക്കിയ മിക്ക പദ്ധതികളും പരീക്ഷണാടിസ്ഥാനത്ത് ആരംഭിച്ച് വിജയകരമായി നടപ്പാക്കിയത് പുനലൂർ താലൂക്ക് ആശുപത്രിയിലാണ്. . സംസ്ഥാനത്ത് സർക്കാർ മേഖലയിൽ കോട്ടയം മെഡിക്കൽ കോളജ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡയാലിസിസ് നടന്നുവരുന്നത് ഈ താലൂക്ക് ആശുപത്രിയിലാണ്. പ്രതിമാസം 1600 ലധികം ഡയാലിസിസാണ് ഇവിടെ നടന്നുവരുന്നത് .
നിലവിൽ ജനറൽ ആശുപത്രികൾ ഇല്ലാത്ത ഏക ജില്ലയാണ് കൊല്ലം.
കൊല്ലം ജില്ലയിൽ ജനറൽ ആശുപത്രി പദവിയിലേക്ക് ഉയർത്താൻ എല്ലാ നിലയിലും പ്രഥമ പരിഗണന അർഹിക്കുന്നത് പുനലൂർ താലൂക്ക് ആശുപത്രിയാണ്. പുനലൂർ താലൂക്ക് ആശുപത്രിയെ ആരോഗ്യവകുപ്പ് സംസ്ഥാനത്തെ മോഡൽ ആശുപത്രിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒട്ടേറെ നൂതന ചികിത്സ സംരംഭങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ ഉണ്ട്. അതിൽ പലതും മെഡിക്കൽ കോളേജിൽ ഉള്ളതിനു സമാനമായ അത്യാധുനിക ചികിത്സാ സംവിധാനങ്ങളാണ്. സുസജ്ജമായ ഒരു ലബോറട്ടറിയും പുനലൂർ താലൂക്ക് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ ആവശ്യമായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് പാരാമെഡിക്കൽ ജീവനക്കാരുടെയും കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

നിലവിൽ 10 നില കെട്ടിടങ്ങളോട് കൂടിയ ഈ ആശുപത്രിയിൽ പതിനാലോളം സ്പെഷ്യാലിറ്റി വിഭാഗങ്ങളും നാല് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും പ്രവർത്തിച്ചുവരുന്നു. 2500 നും 3000 ത്തിനും ഇടയിൽ രോഗികളാണ് ഇവിടെ പ്രതിദിനം ഒ.പി. വിഭാഗത്തിൽ എത്തുന്നത്. 215 ഓളം ഐ.പി.സെൻസസ് ദൈനംദിനം ഈ ആശുപത്രിയിലുണ്ട്. അനുവദനീയമായ കിടക്കകളുടെ എണ്ണം 144 ആണെങ്കിലും 440 ൽ അധികം കിടക്കകൾ നിലവിൽ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
സൂപ്പർസ്പെഷ്യാലിറ്റി സേവനങ്ങളായി കാർഡിയോളജി. നെഫ്രോളജി, യൂറോളജി, ന്യൂറോളജി എന്നിവയിൽ കാർഡിയോളജി നെഫ്രോളജി തസ്‌തികകൾ മാത്രമാണ് സർക്കാർ അനുവദിച്ചുനൽകിയിട്ടുള്ളത്. കാർഡിയോളജി വിഭാഗത്തിൽ കൺസൾട്ടന്റ് ഉണ്ടെങ്കിലും കാത്ത് ലാബിന്റെ അഭാവത്തിൽ രോഗികളെ റഫർ ചെയ്‌ത്‌ മറ്റ് ആശുപത്രികളിലേയ്ക്ക് അയയ്ക്കേണ്ട സ്ഥിതിയാണ്.
എന്നും നിവേദനത്തിൽ സൂചിപ്പിച്ചു.
ആരോഗ്യ മന്ത്രി ആശുപത്രിയിൽ സന്ദർശനം നടത്തുമെന്നും സന്ദർശന വേളയിൽ വിശദമായി ചർച്ച നടത്തുമെന്ന് അറിയിച്ചതായും എം എൽഎ.