5 July 2026

കർശന നടപടികൾ തുടർന്ന് കൊല്ലം സിറ്റി പോലീസ്

കൊല്ലം:സംസ്ഥാനത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കൊല്ലം സിറ്റി പോലീസ് നടപടികൾ ശക്തമാക്കി. പരിശോധനകളുടെ ഭാഗമായി, കാപ്പാ നിയമപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച് സിറ്റി പരിധിയിൽ പ്രവേശിക്കുകയും ഗഞ്ചാവ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുള്ള ലഹരി കേസിൽ ഉൾപ്പെടുകയും ചെയ്ത കുപ്രസിദ്ധ കുറ്റവാളിയെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര കന്നിമേൽച്ചേരി, പാവൂർക്കിഴക്കതിൽ വീട്ടിൽ സൂരജ്കൃഷ്ണൻ (24) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. പദ്ധതിയുടെ ഭാഗമായി സിറ്റി പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്ന് ഉപയോഗിച്ചതിനും കടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം 36 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് കടത്തുകാർക്കും വിൽപനക്കാർക്കുമെതിരെ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത കടുത്ത നിലപാടാണ് സിറ്റി പോലീസ് സ്വീകരിച്ചുവരുന്നത്. ലഹരി സംഘങ്ങളെ പൂർണ്ണമായി അടിച്ചമർത്താൻ വരും ദിവസങ്ങളിൽ സിറ്റിയിൽ കടുത്ത പരിശോധനകൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ എം.ഹേമലത ഐ.പി.എസ്സ് അറിയിച്ചു.