പേരുണ്ടെങ്കിലും നമുക്ക് കഥാനായകനെ അയാൾ എന്നുതന്നെ വിളിക്കാം. കഥ ബന്ധുക്കൾ വായിക്കാൻ സാധ്യത കൂടുതലാണ്. അവർക്കത് വിഷമമാകും, അതിന് സാധ്യതയില്ലെങ്കിലും!!? നാട്ടിൻപുറത്തെ ചെറിയ പലചരക്കുകടയായിരുന്നു അയാളുടെ ഉപജീവനമാർഗ്ഗം. റയിൽവേ ട്രാക്കിൽ നിന്നും കഷ്ടിച്ച് ഇരുപതുമീറ്റർ ദൂരം മാത്രമാണ് കടയ്ക്കുണ്ടായിരുന്നത്. തീവണ്ടിയുടെ ഇരമ്പലും കാതടപ്പിക്കുന്ന ഹോൺ ശബ്ദവും കേട്ടുകേട്ടു അയാൾക്ക് അതിപ്പോൾ ഒരു ശബ്ദമായി തോന്നാറില്ല.
ഒരിക്കൽ അയാളുടെ സുഹൃത്ത് ഒരു ദിവസംഅയാളുടെ വീട്ടിൽ താമസിക്കാനിടയായി. രാവിലെ എഴുന്നേറ്റ് സുഹൃത്ത് പറഞ്ഞു “എടേ നീയെങ്ങനെ ഉറങ്ങുന്നു ട്രയിൻ പോകുമ്പോൾ വീടാകെ കുലുങ്ങുന്നു. ഇപ്പോൾ നിലമ്പൊത്തുംഅമ്മാതിരി കുലുക്കം”?
അയാൾ ചിരിച്ചു”ആദ്യമായതു കൊണ്ടാണ്. ശീലമായാൽ ട്രയിൻ പോകുന്നത് പോലും അറിയില്ല”
അയാൾക്ക് രണ്ട് ആണ്മക്കളായിരുന്നു. അവരുടെ പേരുകൾ മാറ്റിപറയുന്നു. സത്യശീലനും, സത്യവൃതനും. ശീലക്കേട് കൊണ്ട് സത്യശീലനും, കള്ളത്തരവും ലഹരിയും കൊണ്ട് സത്യവൃതനുംനാട്ടിൽ അറിയപ്പെട്ടു.
അയാളുടെ പലചരക്കു കടയുടെ മുന്നിലൂടെ പോകുന്ന റയിൽവേ ട്രാക്കിന് വളവ് ഉണ്ടായിരുന്നു. അന്ന് ഒറ്റ ട്രാക്ക് മാത്രം. ഇരുവശവുംമരങ്ങൾ വളർന്നു നിന്നിരുന്നു. നട്ടുച്ചയ്ക്ക് പോലും അവിടം ഇരുളടഞ്ഞു കിടക്കും. നല്ലതണൽ തണുപ്പ്.ആകാശം മുട്ടെ നിൽക്കുന്ന ഒരു പുളിമരം ഉണ്ടായിരുന്നു. അതിന്റെ ചുവട്ടിൽ സിമിന്റ് ബഞ്ചുകൾ. അവിടെ ആളുകൾ നാട്ടുവർത്തമാനം പറഞ്ഞിരിക്കും.കാക്കകൾ പുളിമരകൊമ്പിലിരുന്നു കർമ്മം നിർവഹിക്കും. അയാളുടെ കടയിലെ കുടിവെള്ളം ശുചീകരണത്തിനായി എടുക്കുമ്പോൾ ചില്ലറ നല്ല വാക്കുകൾ കേൾക്കേണ്ടി വരുമെങ്കിലും വെള്ളം എടുക്കരുതെന്നാരോടും പറയില്ല.
റയിൽവേ ട്രാക്ക് താഴെയാണ്. ട്രാക്കിന് ഇരുവശത്തും കൂടി ആളുകൾ നടന്നുപോകും. ട്രയിൻ വന്നാൽ കാറ്റ് പിടിച്ചു ചിലർ ട്രാക്കിലേക്ക് വീണു മരിച്ചിട്ടുണ്ട്. കാൽനടക്കാർക്ക്കയറി നിൽക്കാൻ നിശ്ചിത അകലത്തിൽഉള്ളിലേക്ക് മണ്ണ് മാറ്റിയ സ്ഥലമുണ്ട്.”നിൽപ്പു സ്ഥലം “എന്നാൽ ആ സ്ഥലം എത്തുന്നതിന് മുൻപാണ് ട്രയിൻവരുന്നതെങ്കിൽ ഇത്തരത്തിൽ അപകടം സംഭവിക്കും.
അങ്ങനെയുള്ള സ്ഥലങ്ങളിൽ ചിലർ ആരും കാണാതെ കയറിയിരിക്കാറുണ്ട്. അത് ആത്മഹത്യയക്ക് വരുന്നവരാണ്.അങ്ങനെ സ്ഥിരമായി അവിടെ ആത്മഹത്യകൾഉണ്ടാകാറുണ്ട്.
ഇന്നത്തെ പോലെ സ്ഥലം പോലീസ് സ്റ്റേഷനല്ല ആത്മ ഹത്യയുടെതുടർനടപടികൾ സ്വീകരിക്കുക. റയിൽവേ പോലീസിനായിരുന്നു ചുമതല.വളരെ വൈകി മാത്രമേ അവർ വരികയുള്ളൂ. ആത്മഹത്യചെയ്യുന്നവരെതെറി പറയുന്ന ശീലമായിരുന്നു അയാൾക്ക്. ഒരു തമിഴൻ ആത്മഹത്യചെയ്തപ്പോൾ അയാൾ ആത്മരോഷംകൊണ്ടു. “അവിടെങ്ങും സ്ഥലമില്ലാഞ്ഞട്ടാണോ അവൻ ഇവിടെ വന്ന് എനിക്ക് പണി ഉണ്ടാക്കുന്നത്!”?
ട്രയിനിന്റെ മുന്നിൽ ചാടിയുള്ള മരണം ഭീകരമാണ്.ചിന്നഭിന്നമായ ശവശരീരങ്ങൾ.രക്തം പുരണ്ട് പലയിടത്തായി ചിതറി കിടക്കും. പോലീസ് വരാൻ വൈകും. കാക്കയും പരുന്തും അവ കൊത്തിവലിക്കും.മരത്തിന് മുകളിൽ കൊണ്ടുവെക്കും. കിണറ്റിലും,തോട്ടിലും,കുളത്തിലും മാംസാവശിഷ്ട്ടങ്ങൾവീഴും.നാട്ടുകാരുടെ വെള്ളംകുടി മുട്ടും.അയാൾ കോപംകൊണ്ടു ജ്വലിക്കുംഅലറിവിളിക്കും,ശപിക്കും.”ഇനി ചാകാൻ വരുന്നവനെ ഞാൻ തല്ലി കൊല്ലും”
അയാളുടെ ശാപം കേട്ട് ആൾക്കാർ ചിരിക്കും.പക്ഷേ ഒരാൾ അവിടെ ആത്മഹത്യ ചെയ്താൽ പോലീസ് ആദ്യമെത്തുകഅയാളുടെ കടയിലായിരിക്കും. അയാൾ എല്ലാത്തിനും സാക്ഷിയാണ്.”മൂകസാക്ഷി”.
ഒരിക്കൽ എങ്ങുനിന്നോ വന്ന ഒരു കൗമാരക്കാരൻ ട്രയിനിന് മുന്നിൽ ചാടിചത്തു. അവന്റെ ശരീരം പലയിടത്തായി ചിതറികിടന്നു.പോലിസ് വരാൻ വൈകി. വന്നപ്പോൾ അതിലും വല്യ പുകിലായി. ഒരു കൈ കാണാനില്ല. എന്തെങ്കിലും കിട്ടാനിരിക്കുന്ന ശകുനിമാധവൻതന്റെ ഊഹാപോഹങ്ങളുടെ കലവറ തുറന്നു. “കൊന്നതാണ്.. തല്ലി കൊന്നതാണ്..”ഉടൻ അതേറ്റു ചൊല്ലാൻ കീരിവാസുവും സംഘവും….
എന്നാൽ അത് ഏറെ നീണ്ടു പോയില്ല. ഉടക്ക് രാമകൃഷ്ണൻ പോലീസിനോട് ഉള്ള കാര്യം പറഞ്ഞു..”ഏമാനെ പൊറുക്കണം….രാവിലെ നോക്കിയപ്പോൾ വീട്ടുമുറ്റത്തൊരു കൈ…. പേടിച്ചുപോയി.. ഞാനത് കുഴിച്ചിട്ടു.”….വരും വരായ്മകൾ ഉടക്ക് രാമകൃഷ്ണൻ ചിന്തിച്ചില്ല.
പോലീസുകാരുമായിരാമകൃഷ്ണൻ വീട്ടിലെത്തി കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുത്തു. അങ്ങനെ ആ പ്രശ്നം തീർന്നു. ചെയ്ത പ്രവർത്തിയുടെ ഗൗരവം പോലീസുകാർ രാമകൃഷ്ണനെ പറഞ്ഞു മനസ്സിലാക്കി.അതിൽ പിന്നെ മരണവീടുകളിൽ രാമകൃഷ്ണൻ പോകിറില്ല.കുഴിച്ചിട്ടകൈ സ്വപ്നങ്ങളിൽ രാമകൃഷ്ണനെ ഭയപ്പെടുത്തി കൊണ്ടിരുന്നു.
മറ്റൊരിക്കൽ ഗോപാലൻ നായരുടെ ചായക്കടയിൽ ചായകുടിച്ചു കൊണ്ടിരുന്ന അന്യനാട്ടുകാരൻ ‘പൊറിഞ്ചു’ ട്രയിനിന്റ ചൂളം വിളികേട്ട്ഇറങ്ങിയോടി… പൈസ കൊടുക്കാതെ ഓടിയ അയാളുടെ പുറകെ നായരും… അയാൾ ചാടി പക്ഷേ ഉടുപ്പ് നായരുടെ കയ്യിൽ. അതിന്റെ പുകില് വേറെ…ചിലർ ചില ട്രയിനുകൾക്ക്മുന്നിൽ തന്നെ ചാകാൻ തെരഞ്ഞെടുക്കുമെന്ന് അയാൾ പറയും. എത്രയോ ആത്മഹത്യാ കുറിപ്പുകൾ അയാൾ വായിച്ചിരിക്കുന്നു.ജീവിതങ്ങളുടെ അക്ഷരങ്ങൾ അറിഞ്ഞരിക്കുന്നു. അതിൽ നിന്നുള്ള അറിവാണ്. ഒരു കുറിപ്പിൽ എഴുതിയത് ഇങ്ങനെയാണെന്ന് അയാൾ സാക്ഷ്യപെടുത്തുന്നു.”നമ്മുടെ പ്രണയം മൊട്ടിട്ട പരശുറാം എക്സ് പ്രസ്സിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യും “. മോഹവും, മോഹഭംഗവും, പ്രണയവും പരാജയവും, കടവും ലഹരിയും, കുടുംബപ്രശ്നവും എല്ലാം ആത്മഹത്യക്ക് അന്ന് കാരണമായിരുന്നു.ആ മരണങ്ങൾ ചെറിയ പാട്ടു പുസ്തകങ്ങൾ ആകുമായിരുന്നു. നാട്ടിൻപുറത്തെ കവികൾക്ക് അതൊരു കവിതയുടെ വിഷയം ആയിരുന്നു.ആ പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റുപോകും……ഇന്ന് മാർക്ക് കുറഞ്ഞാൽ, രക്ഷിതാക്കൾ വഴക്ക് പറഞ്ഞാൽ മതി.,. അദ്ധ്യാപകൻശാസിച്ചാൽ തീർന്നു എല്ലാം.
വട്ടിക്കാരി പാറു, ചിട്ടി നാണു…ആശാരി ശിവൻ, ചെരുപ്പ് ബഷീർ,ശീമാട്ടി സരോജിനി….. ട്രയിനിന്റെ മുന്നിൽ ചാടി ജീവിതം അവസാനിപ്പിച്ചവരുടെനിര നീണ്ടുനീണ്ടു പോകുകയാണ്.പിന്നെ ഊരും പേരും അറിയാത്ത അന്യ നാട്ടുകാർ. അവരെ ട്രാക്കിന് സമീപം അടക്കം ചെയ്യുകയാണ്അക്കാലത്ത് ചെയ്തിരുന്നത്. ആ വഴി രാത്രിയിൽ ആരും യാത്ര ചെയ്യുമായിരുന്നില്ല. രാത്രിയിൽ ട്രയിനിന്റെശബ്ദത്തിൽ അലറിക്കൊണ്ട് നടക്കുന്ന ഒരു പ്രേതത്തെ കണ്ടതായി മാക്രിനാരായണൻ പറഞ്ഞു കേട്ടിട്ടുണ്ട്.ഇല്ലാ കഥകളുടെ രാജാവായിരുന്നു മാക്രി നാരായണൻ.
മരിക്കാൻ അറിയാത്തവരും അക്കൂട്ടത്തിൽ ഉണ്ടെന്ന്അയാൾ പറയും.തലയും ഉടലും കൃത്യമായി വേർപെട്ട നിലയിൽ കാണപ്പെടുന്നത് മരിക്കാൻ അറിയാവുന്നവൻ ആണെന്നാണ് അയാളുടെ പക്ഷം.അവർ ധീരൻമാർ.
തല കുരുങ്ങി കിടന്ന് കിലോ മീറ്ററുകൾക്ക് അപ്പുറം കാണപ്പെടുന്നത്..,..ചിന്നഭിന്നമാകുന്നത്…. അവർ മരണത്തിലെ ഭീരുക്കൾ ആണത്രേ!!?.
അയാളുടെ കാഴ്ചപ്പാടുകൾ വ്യത്യസ്ഥവും അത്ഭുതകരവുമായിരുന്നു.
ആത്മഹത്യചെയ്യുന്നവർഭീരുക്കളും, സാമൂഹികദ്രോഹികളുമാണെന്ന് ഒരിക്കൽ പറയും.മറ്റു ചിലപ്പോൾ ആത്മഹത്യഅനിവാര്യമാണെന്നും അതല്ലാതെ അവന് മറ്റു മാർഗ്ഗം ഇല്ലായിരിക്കും എന്ന് സഹതപിക്കുന്നതുംകാണാം……..നേരം ഇരുട്ടിയാൽ മൃതദേഹം കൊണ്ടു പോകില്ല. അവിടെ സീൻഗാർഡിന്ഒരു പോലീസുകാരനെ നിയോഗിക്കും. രാത്രി പന്ത്രണ്ട് മണിവരെഅയാളും കൂട്ടരും പോലീസുകാരനൊപ്പം കഥയും പറഞ്ഞിരിക്കും. മരണത്തിന്റെ കഥകൾ. ഒരിക്കൽ തലയില്ലാത്ത ജഡം ഒന്നരകിലോമീറ്റർ ഓടിയ കഥ… പേടിക്ക് ഔഷധം പട്ട ചരായമായിരുന്നു. അന്നത് സുലഭവും. പാതി രാത്രി കഴിയുമ്പോൾ എല്ലാവരും പിരിയും. ഒടുവിൽ പോലീസുകാരനും പ്രേതവും മാത്രം.ഏകാന്തത യുടെ രാത്രി. അങ്ങനെ ഒറ്റയ്ക്കിരുന്ന അപ്പുക്കുട്ടൻ പോലീസിന് പ്രേതം എഴുന്നേൽക്കുന്നത് പോലെ തോന്നി.പിന്നെ നാട്ടുകാർ രാവിലെ കണ്ടത്പ്രേതത്തിനൊപ്പം ബോധമറ്റുകിടക്കുന്ന അപ്പുക്കുട്ടൻ പോലീസിനെ….
അങ്ങനെയിരിക്കെ ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ സത്യശീലൻ റയിൽവെട്രാക്കിൽ തന്നെ ജീവിതം അവസാനിച്ചപ്പോൾഅയാൾനീണ്ടകാലംമൗനിയായി… കട അടഞ്ഞുകിടന്നു.
നാട്ടുകാരുടെ ചിന്തകളിൽ നിന്ന് അയാൾ മെല്ലെ മറഞ്ഞു തുടങ്ങി.
സത്യശീലന്റെ മരണത്തെ പറ്റി പല കഥകളും നാട്ടിൽ പരന്നിരുന്നു.ഗൾഫിൽ ഏതോ കുറ്റം ചെയ്തതിന് കയറ്റി അയച്ചതാണെന്നും…. ശിക്ഷയുടെ ഭാഗമായി അവന്റെ വലതുകൈവെട്ടി മാറ്റിയെന്നും……
മയക്കുമരുന്നു കച്ചവടത്തിന് ജയിലിൽ ആയിരുന്നെന്നും….!!? വസ്തു വിറ്റും, കടം വാങ്ങിയും ആണ് അയാൾ മകനെ ഗൾഫിൽ അയച്ചത്…. അവൻ ബോംബെയിൽകറങ്ങി നടന്ന് പണം ധൂർത്തടിച്ചതാണെന്ന്……അച്ഛനും മകനും തമ്മിലുള്ള വാക്കുത്തർക്കത്തിനിടെ അയാൾ അവനെ…. ട്രാക്കിൽ കൊണ്ടിട്ടതാണെന്ന്…. എല്ലില്ലാത്ത നാവിനാൽ കഥകൾ വാമൊഴികളായിനാട്ടിടവഴികളിലൂടെ സഞ്ചരിച്ചു.
പെണ്ണുകേസിൽ സത്യവൃതൻജയിലിലായപ്പോഴും ആരും അത്ഭുതപെട്ടില്ല. വീട്ടിൽ കയറാതെ നടന്ന അയാളെ നഗരത്തിൽ പലരും കണ്ടിരുന്നു.ഉന്നതവിദ്യാഭ്യാസ ത്തിനുപോയ സത്യവൃതൻ മയക്കുമരുന്നിന് അടിമയായി പഠനം ഉപേക്ഷിച്ച് പ്രാകൃത രൂപത്തിൽ നടക്കുന്ന കാര്യം അറിയിച്ചവരോട് അയാൾ കഷുഭിതനായി…”എന്റെ മകനായിരിക്കില്ല…. നിന്റെ മകനായിരിക്കും…വേണ്ടാതീനം പറയുന്നോ..!?
മാസങ്ങൾ കഴിഞ്ഞു. അയാൾ കട വീണ്ടും തുറന്നു. ആദ്യമൊന്നും ആരും പോയില്ല… പിന്നെ പിന്നെ…. എല്ലാം പഴയതു പോലെയായി..
ഒരു വെള്ളിയാഴ്ച ഉച്ച സമയം… ഐലൻഡ് എക്സ് പ്രസ്സിന്റെസമയം.,.. ഒന്നേകാൽ മണി….. അയാൾ കട അടയ്ക്കുന്നത് ആ സമയത്താണ്. ഊണിനുള്ള സമയം.അയാളുടെ സമയങ്ങൾ എപ്പോഴും ട്രയിനുമായി ബന്ധപെട്ടിരുന്നു.
വേണാട്എക്സ്പ്രസ്സ്പോകുന്ന സമയം അയാൾ കട തുറക്കും…… രാത്രി കണ്ണൂർ എക്സ്പ്രസ്സ്… അയാളുടെ കട അടയ്ക്കും അപ്പോൾ സമയം രാത്രി പതിനൊന്നുമണി………………
ശനിയാഴ്ച രാവിലെ ആ വാർത്ത കേട്ടു.
ഒടുവിൽ അയാളും.!? ഗോപാലൻനായർ എല്ലാവരോടുമായി പതുക്കെ പറഞ്ഞു.
“അയാൾക്കും മരിക്കാൻ അറിയാമായിരുന്നില്ല”.
.ഗോപാലൻ നായർ അന്നുവരെ നാട്ടുകാർ ആരും അറിയാത്ത ഒരു രഹസ്യം കൂടി അന്ന് പറഞ്ഞു.”അയാളുടെ ക്രൂരമായഉപദ്രവം കൊണ്ടാണ് ഭാര്യ മാധവി സത്യശീലന് നാലും, സത്യവൃതന് രണ്ടും വയസുള്ളപ്പോൾഒരു വെളുപ്പാൻ കാലത്ത് കൊല്ലം കോട്ടയംപാസ്സഞ്ചർ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യചെയ്തത്”.
അയാളുടെ മൃത ശരീരത്തിന്റെ പോലീസ് നടപടികൾ വൈകി. കാക്കയും, പരുന്തും, നായ്ക്കളുംശരീര വശിഷ്ടങ്ങൾകൊത്തിവലിച്ചു…. മരത്തിന്റെ മുകളിലും അവശിഷ്ടങ്ങൾതൂങ്ങി കിടന്നു. നാട്ടുകാർ അയാൾ പറയുന്ന വാചകം തന്നെ പറഞ്ഞു. “നാശം വെള്ളംകുടി മുട്ടിക്കും.” അകലെ റയിൽവേ സ്റ്റേഷനിലെ സിമിന്റ് ബഞ്ചിലിരുന്ന് സത്യവൃതൻ പൊട്ടിച്ചിരിച്ചു. എഞ്ചനീയർ ആകാൻ കൊതിച്ചബാല്യംമനസ്സിൽ നിറഞ്ഞിരിക്കാം. ഒരു പക്ഷേ ‘അയാളുടെ’ ആത്മഹത്യഅകകണ്ണാൽഅവൻ അറിഞ്ഞിരിക്കാം. വല്ലാത്ത ചില നിയോഗങ്ങൾജീവിതത്തിൽ ഉണ്ടായിരിക്കാം. എല്ലാത്തിനും ഒറ്റ വാക്കിൽ ഉത്തരം നൽകി മനുഷ്യൻ തന്റെ യാത്രകൾ തുടരുന്നു.”വിധി”.




