കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവും, പാർട്ടി വിദ്യാഭ്യാസ സ്കൂളിന്റെ പ്രിൻസിപ്പലും, പാർട്ടി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയുമായി വളരെ വർഷക്കാലം സേവനമനുഷ്ഠിച്ച ജില്ലയിലെ പാർട്ടിയുടെ മുതിർന്ന നേതാവും, മികച്ച സംഘാടനും ആയിരുന്ന ശർമ സാർ അന്തരിച്ചു
ആലപ്പുഴ, ചെങ്ങന്നൂർ താലൂക്കിൽ, ആല പഞ്ചായത്തിൽ 1945ലാണ് അദ്ദേഹം ജനിച്ചത്.ഏറ്റവും മികച്ച സ്കൂൾ വിദ്യാർത്ഥിയായിരുന്ന സാർ പെണ്ണിക്കര എൽ
പി.എസ്., ആലാ ഗവൺമെന്റ് ഹൈസ്കൂൾ, തിരുവല്ല മാർത്തോമ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം നടത്തിയത്.
1960ൽ ആല ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ് പരീക്ഷയിൽ സ്വർണമെടലോടെ ഉന്നത വിജയം നേടി. ആ കാലഘട്ടത്തിൽ നാമമാത്രമായിട്ട് മാത്രമേ സ്വർണമെഡൽ നേടി എസ്.എസ്.എൽ.സി.
പരീക്ഷ വിജയം കൈവരിക്കാറുള്ളൂ.
തിരുവല്ല മർത്തമ കോളജിലെ പഠനകാലത്ത് ശർമസാർ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിക്കുകയും തെരഞ്ഞെടുപ്പിൽ വൻപിച്ച ഭൂരിപക്ഷത്തോടെ കൂടി വിജയിക്കുകയും ചെയ്തു. അക്കാലത്ത് ക്രിസ്തുമതത്തിൽ പെട്ടവർ മാത്രമേ തിരുവല്ല കോളേജിൽ നിന്നും ചെയർമാൻ സ്ഥാനാർത്ഥിയായി വിജയിച്ചിട്ടുള്ളൂ. അതാണ് കോളേജ് അധികാരികളും മാനേജ്മെന്റുകളും ചെയ്തിരുന്നത്. അതിന് വ്യത്യസ്തമായി ശർമസാർ യൂണിയൻ ചെയർമാനായി. ഇംഗ്ലീഷ് സാഹിത്യമായിരുന്നു അദ്ദേഹം തെരഞ്ഞെടുത്ത വിഷയം.അതിൽ വളരെ മികച്ച മികവു കാട്ടുകയും. ഉന്നത റാങ്കോടുകൂടി വിജയിക്കാനും കഴിഞ്ഞു.
പിന്നീട് ബാംഗ്ലൂരിൽ സതേൺ റെയിൽവേയിൽ ഉന്നത തസ്തിയിൽ ജോലിയിൽ പ്രവേശിച്ചു. ആ കാലഘട്ടത്തിൽ സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു റെയിൽവേജോലി. പാർട്ടി പ്രവർത്തനത്തിന് വേണ്ടി ജോലി വേണ്ടെന്നുവച്ച് നാട്ടിലേക്ക് പോരുകയാണ് അദ്ദേഹം ചെയ്തത്.
അതിനുശേഷം തപാൽ വകുപ്പിൽ ആലപ്പുഴയിൽ ജോലിയിൽ പ്രവേശിക്കുകയും എന്നാൽ സംഘടന പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ച മേലധികാരിയുടെ നടപടി ലംഘിച്ച് ജോലി ഉപേക്ഷിച്ചു.
വിദ്യാഭ്യാസ രംഗത്ത് ഏറെ തിളക്കമാർന്ന വിജയം നേടിയ അദ്ദേഹം ഒരുപക്ഷേ സിവിൽ സർവീസ് രംഗത്ത് നിലനിന്നിരുന്നെങ്കിൽ കേരളത്തിലെ എണ്ണപ്പെട്ട ഐ.എ
എസ്.ഉദ്യോഗസ്ഥരിൽ ഒരാളാകാൻ കഴിയുമായിരുന്നു. ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധികളെ വളരെ നിഷ്പ്രയാസം ഒഴിവാക്കുവാനും കഴിയുമായിരുന്നു.
ആരുടെയും, പാർട്ടിയുടെ പോലും ഔദാര്യമോ സൗജന്യങ്ങളോ അദ്ദേഹം ഏതു പ്രതിസന്ധിഘട്ടത്തിലും സ്വീകരിച്ചിട്ടില്ല.
കേരളത്തിലെ എണ്ണപ്പെട്ട ഗ്രന്ഥകാരന്മാരിൽ ഒരാളായിരുന്നു ശർമ സാർ എന്ന കെ.എം.ചന്ദ്ര ശർമ്മ ഡി.സി.ബുക്ക് പ്രസിദ്ധീകരിച്ച ആംഗലേയ സാഹിത്യ നായകന്മാർ കൂടാതെ മാർക്സ്, എങ്കൽസ്, ലെനിൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതചരിത്രം ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. കൂടാതെ നിരവധി ഇംഗ്ലീഷ് പുസ്തകങ്ങളുടെ പരിഭാഷയും നടത്തിയിട്ടുണ്ട്. ജനയുഗം നവയുഗം ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളിൽ ധാരാളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തക ശേഖരം അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.
അറിവുകൊണ്ടും അവതരണം കൊണ്ടും ഏറ്റവും മികച്ച അധ്യാപകൻ കൂടിയായിരുന്നു ശർമസാർ. പാർട്ടി സ്കൂൾ പ്രിൻസിപ്പൽ എന്ന നിലയിൽ കേരളത്തിലെ എല്ലായിടത്തും പാർട്ടി ക്ലാസ്സ് നടത്തിക്കൊണ്ടു പോകുന്നതിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്.
സമാന്തര വിദ്യാഭ്യാസ രംഗത്തും അദ്ദേഹത്തിന്റെ തനതായ വൈഭവം കാട്ടിയിട്ടുണ്ട്.
പാർട്ടി നിർദ്ദേശമനുസരിച്ച് ജോലി ഉപേക്ഷിച്ച് തെരഞ്ഞെടുപ്പ് മത്സരത്തിൽ എത്തിച്ചേരുകയും വൻഭൂരിപക്ഷത്തോടെ വിജയിച്ച് ആലാഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആവുകയും ചെയ്തു.
ആദ്യ ആലപ്പുഴ ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റ്, മൂന്നുതവണ പഞ്ചായത്ത് അംഗമെന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയ അച്ചടക്കത്തിൽ വിട്ടുവീഴ്ചയില്ലാത്ത കർക്കശക്കാരനായിരുന്നു ശർമ്മ സാർ. ഒരു പക്ഷേ അത് പാർട്ടിയിലെ പുത്തൻ പ്രവണതകളെ, താൽപര്യങ്ങളെ ഇഷ്ടപ്പെടുന്നവരുടെ അസഹിഷ്ണുതയ്ക്ക് കാരണമായിട്ടുണ്ട്.
അറിവുകൊണ്ട് സമ്പന്നവും, അവതരണം കൊണ്ട് ഗാംഭീര്യവുമായ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു നല്ല വാഗ്മി, രാഷ്ട്രീയ സംഘാടകൻ, പ്രാസംഗികൻ, എഴുത്തു കാരൻ, നല്ല പ്രകൃതിസ്നേഹി, അതിലുപരി ഏറ്റവും നല്ല മനുഷ്യസ്നേഹി…………… എല്ലാമായിരുന്ന ശർമ്മ സാറിന്റെ നിര്യാണം പാർട്ടിക്കും, സാഹിത്യ ലോകത്തിനും മാത്രമല്ല നല്ലത്, ശരി ആഗ്രഹിക്കുന്നവർക്കൊക്കെ തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു.




