15 June 2026
വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവായി ആത്മഹത്യ കുറിപ്പ്.

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എം പി യുടെ പേഴ്സണൽ സ്റ്റാഫംഗം രതീഷ് കുമാർ, രാഹുൽ ഗാന്ധി എം പിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന മുജീബ് കെ.എ എന്നിവരുടെ പേരുകളാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളത്. ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്ക് താൻ ഏഴ് ലക്ഷം രൂപ കൊടുത്തത് രതീഷിനും മുജീബിനും അറിയാം എന്നാണ് എൻ.എം വിജയന്‍റെ കുറിപ്പിൽ പറയുന്നത്. ബിജു തൊടുവണ്ടി എന്നയാളുടെ കയ്യിൽ നിന്ന് വാങ്ങിയ പണമാണ് ഐ സി ബാലകൃഷ്ണന് നല്‍കിയത്. പണം തിരികെ നൽകാതെ വന്നപ്പോൾ ബിജു ഇക്കാര്യം ഐസി ബാലകൃഷണനോട് തിരക്കിയിരുന്നു. എന്നാൽ ഇത് തിരിച്ചു കൊടുക്കാൻ എംഎൽഎ തയ്യാറായിരുന്നില്ല. പിന്നാലെ രതീഷിൻ്റെയും മുജീബിൻ്റെയും സാലറി സർട്ടിഫിക്കറ്റ് വച്ച് ലോൺ എടുക്കേണ്ടി വന്നുവെന്നും കുറിപ്പിൽ പറയുന്നു. ആത്മഹത്യാപ്രേരണ കുറ്റത്തിന് ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് എടുത്തിരുന്നു.കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി കഴിഞ്ഞ ദിവസം മുൻകൂ‍ർ ജാമ്യം അനുവദിച്ചിരുന്നു. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. എൻ എം വിജയൻ്റെ മരണത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരവെയാണ് ഇക്കാര്യം കൂടി പുറത്തുവരുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ബാങ്കുകളിലെ നിയമനത്തിനായി പണം വാങ്ങിയെന്ന ആരോപണം എംഎൽഎ നിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *