14 June 2026
മിനിമം വേതനം 26000 രൂപയായി നിജപ്പെടുത്തണം  എ.ഐ.ടി.യു.സി.

തൃശൂർ:ദേശീയതലത്തില്‍ മിനിമം വേതനം പ്രതിമാസം 26000 രൂപയായി നിശ്ചയിക്കണമെന്ന് എ.ഐ.ടി.യു.സി. ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നു. മിനിമം വേതന നിര്‍ണ്ണയത്തിന! 15-ാമത് ഇന്‍ഡ്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളും സുപ്രീം കോടതി വിധി പ്രകാരമുള്ള മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണെമെന്നും തൃശൂരില്‍ നടക്കുന്ന എ.ഐ.ടി.യു.സി. ദേശീയ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വിദേശ നിക്ഷപമുള്‍പ്പെടെയുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതിനായി മിനിമം വേതനത്തിലും കുറഞ്ഞ “ഫ്ളോര്‍ വേജ്” നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമ്മേളനം അഭര്‍ത്ഥിച്ചു. സംസ്ഥാനതലത്തിലുള്ള ത്രികക്ഷി മിനിമം വേതന ഉപദേശക സമിതികള്‍ രൂപീകരിക്കുകയും പതിയായി യോഗങ്ങള്‍ ചേര്‍ന്ന് തൊഴില്‍ മേഖലയിലെ വേതനമടക്കമുള്ള നയ തീരുമാനങ്ങളില്‍ ട്രേഡ് യൂണിയനുകളുമായി കൂടിയാലോചനകള്‍ നടത്തുകയും വേണം . മിനിമം വേതന നിയമങ്ങല്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. ഇന്‍ഡ്യന്‍ ഭരണ ഘടന ഉറപ്പ് നല്‍കുന്ന പ്രകാരമുള്ള ആവശ്യാധിഷ്ഠിത മിനിമം വേതനം നടപ്പിലാക്കുന്നതിനും തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും എ.ഐ.ടി.യു.സി. പ്രതിജ്ഞാബദ്ധമാണെന്നും പ്രമേയം പ്രഖ്യാപിച്ചു.

“ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍” എന്ന പേരില്‍ മോദി സര്‍ക്കാര്‍ പിന്തുടരുന്ന സ്വകാര്യവല്‍ക്കരണ നയങ്ങളെ ദേശീയ കൗണ്‍സില്‍ യോഗം ശക്തമായ ഭാഷയില്‍ അപലപിച്ചു. വ്യാവസായിക വളര്‍ച്ച, തൊഴില്‍ സൃഷ്ടിക്കല്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവ ലക്ഷ്യമിട്ടാണ് രാജ്യത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ രൂപീകരിക്കപ്പെട്ടത്. എന്നാല്‍ മോദി സര്‍ക്കാരിന്‍റെ നയങ്ങള്‍ രാജ്യത്തെ പൂര്‍ണ്ണമായും സ്വകാര്യ കോര്‍പ്പറേറ്റുകളേയും വിദേശ സ്വകാര്യ കമ്പനികളുയും ആശ്രയിക്കുന്ന തരത്തില്‍ ഉദാരവല്‍ക്കരിച്ചു. കല്‍ക്കരി ഖനനം, ഔഷധ നിര്‍മ്മാണം, വൈദ്യുതി ഉല്‍പ്പാദനം, ആണവോര്‍ജ്ജം, ബഹിരാകാശ ഗവേഷണം, വ്യോമയാന ഗതാഗതം, തുറമുഖങ്ങള്‍ തുടങ്ങി തന്ത്രപ്രധാനമായ മേഖലകളുള്‍പ്പെടെയെല്ലാം സ്വകാര്യവല്‍ക്കരിക്കപ്പെടുകയാണ്. പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ പോലും വിദേശ സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നു. പരമാവധി മൂന്നോ നാലോ പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രം മതിയെന്നതാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയം. സ്വകാര്യവല്‍ക്കരണം മൂലം രാജ്യത്തിന്‍റെ വളര്‍ച്ച ഗുരുതരമായ പ്രത്യാഘാതങ്ങളെ നേരിടുന്നതോ, അസമത്വങ്ങളും തൊഴിലില്ലായ്മയും വര്‍ദ്ധിക്കുന്നതോ, കോര്‍പ്പറേറ്റുകള്‍ വിപണി കീഴടക്കുന്നതോ, വിലക്കയറ്റം വര്‍ദ്ധിക്കുന്നതോ, ഒന്നും മോദി സര്‍ക്കാര്‍ വകവക്കുന്നില്ല. ഈ ദേശവിരുദ്ധ നയങ്ങള്‍ക്കെതിരേ ദേശീയതലത്തില്‍ പോരാട്ടങ്ങള്‍ സംഘടിപ്പിക്കാന്‍ എ.ഐ.ടി.യു.സി. ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.