തിരുവനന്തപുരം:ജനുവരി 22 ൻ്റെ പണി മുടക്ക് ആരോപണങ്ങൾക്ക് മറുപടിയുമായി സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ രംഗത്ത്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഇടയിലേക്ക് നോട്ടീസ് വിതരണം നടത്തിയാണ് മറുപടി നൽകുന്നത്. നേരത്തെചില ആളില്ലാ സംഘങ്ങൾ ജനുവരി 22 ന് ഒരു വമ്പൻപണിമുടക്കം നടത്തുന്നു (അതി വിപ്ലവകാരികൾ)എന്ന അക്ഷേപ ഹാസ്യ നോട്ടീസ് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഇറക്കിയിരുന്നു. അതിന് മറുപടിയാണ് ഈ നോട്ടീസ് തുടർന്നു വായിക്കാം.സർവീസ് സംഘടന സമരം ചെയ്യുമ്പോൾ രാഷ്ട്രീയ മേലാളന്മാർ രാജിവച്ചതിനുശേഷം വേണമെന്ന് പറയുന്നവരോട്, കേരളത്തിൽ പണ്ടൊരു മുഖ്യമന്ത്രി മുഖ്യമന്ത്രിസ്ഥാനം വലിച്ചെറിഞ്ഞിട്ടാണ് ഇടതുമുന്നണി നിലവിലെ ഭരണമുന്നണി രൂപീകരിച്ചതെന്ന മിനിമം രാഷ്ട്രീയ ബോധമെങ്കിലും ഉണ്ടാവേണ്ടതാണ്.
രാഷ്ട്രീയ മേലാളന്മാർക്ക് വിധേയമായി പ്രവർത്തിക്കുന്ന സർവീസ് സംഘടനയല്ല മറിച്ച് ജീവനക്കാരന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ഞങ്ങളുടേത്. ഇതിലൂടെ ചിലർ രാഷ്ട്രീയ മേലാളന്മാർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണെന്ന് പറയാതെ പറയുകയാണ്.
അവിശുദ്ധ കൂട്ടുകെട്ട് ഞങ്ങൾക്കില്ല…
നെടുനാളത്തെ പോരാട്ടത്തിന് ശേഷം പെൻഷനും ആനുകൂല്യങ്ങളും സംരക്ഷിക്കുവാൻ 2022 ഒക്ടോബറിലെ അരലക്ഷത്തോളം ജീവനക്കാർ പങ്കെടുത്ത സെക്രട്ടേറിയറ്റ് ധർണ്ണയും നടത്തിയ ശേഷം 2024 ഡിസംബറിൽ മുപ്പത്താറു മണിക്കൂർ രാപ്പകൽ സമരത്തിന്റെ അവസാനം ഡിസംബർ 11 നാണ് 2025 ജനുവരി 22 ന്റെ സൂചന പണിമുടക്കം പ്രഖ്യാപിച്ചത്.
അന്ന് മറ്റൊരു സംഘടനയും പണിമുടക്കം പ്രഖ്യാപിച്ചിരുന്നില്ല. ആഴ്ചകൾക്കു ശേഷം മറ്റേതെങ്കിലും സംഘടനകൾ അതേദിവസം പണിമുടക്ക് പ്രഖ്യാപിച്ചാൽ അത് അവരുടെ നിലപാടും സ്വാതന്ത്ര്യവും എന്നേ പറയാൻ കഴിയൂ.
നിലപാടില്ലാത്ത ആൾക്കൂട്ടത്തെക്കാൾ മികച്ചത് നിലപാടുള്ള അന്തിച്ചന്ത കൂട്ടം തന്നെയാണെന്ന് ജീവനക്കാർക്ക് ബോധ്യമുണ്ട്.
സഖാവ് അച്യുതമേനോൻ കാലഘട്ടത്തിലെ സിവിൽ സർവീസിന്റെ വളർച്ച.
1969 നവംബർ ഒന്നിന് സഖാവ് അച്യുതമേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരം നിൽക്കുമ്പോൾ കേരളത്തിലെ സിവിൽ സർവീസിലെ സ്ഥിരം തസ്തികകളുടെ എണ്ണം 2,68,000 മാത്രമായിരുന്നു. ഭൂപരിഷ്കരണ നിയമത്തിലൂടെയും, ആരോഗ്യ സംവിധാനങ്ങളുടെ വിപുലീകരണത്തിലൂടെയും പൊതുവിതരണം, പാലുൽപാദനം, ലക്ഷംവീട് ഭവന പദ്ധതികൾ മുതലായവയിലൂടെ അച്യുതമേനോൻ സർക്കാർ ഭരണം ഒഴിയുമ്പോൾ കേരളത്തിൽ സ്ഥിരം തസ്തികകളുടെ എണ്ണം 4.80,000 ആയി വർദ്ധിച്ചു. സെക്രട്ടേറിയറ്റ് സർവീസിലും വലിയ വളർച്ച ഉണ്ടായത് ഈ കാലത്താണ്. മാത്രവുമല്ല കേരളത്തിലെ മനുഷ്യരുടെ ആയുർ ദൈർഘ്യം ഉയർന്നതും ഈ കാലത്താണ്. ഈ ഭരണകാലത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭരണമായാണ് വിലയിരുത്തപ്പെട്ടത്.
ശ്രീചിത്ര മെഡിക്കൽ സെന്റർ, കെൽട്രോൺ ഉൾപ്പെടെ 35 ലധികം പൊതു മേഖലാ സ്ഥാപനങ്ങൾ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഉൾപ്പെടെ പടുത്തുയർത്തി.
1973 ല്‍ 100 രൂപ ഇടക്കാലാശ്വാസം ചോദിച്ചുകൊണ്ട് ഒരു സംഘടന പണിമുടക്കം നടത്തിയപ്പോൾ അന്ന് ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 196 രൂപ മാത്രമായിരുന്നു എന്നോർക്കണം. ജീവനക്കാർക്ക് ഒരു നേട്ടവും ലഭ്യമാകാതെയാണ് 56 ദിവസത്തെ രാഷ്ട്രീയ പ്രേരിത സമരം അവസാനിച്ചത്. രണ്ട് ദശാബ്ദങ്ങൾക്കു ശേഷം സഖാവ് നായനാർ സർക്കാർ അനുവദിച്ച ഇടക്കാലാശ്വാസം 100രൂപ മാത്രമായിരുന്നു എന്നത് മറക്കരുത്.
അയ്യഞ്ചാണ്ട് കൂടുമ്പോൾ ശമ്പള പരിഷ്കരണം…
കേന്ദ്രം ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ ശമ്പള കമ്മീഷനെ വയ്ക്കാതെ തന്നെ ഉഭയ കക്ഷി ചർച്ചയിലൂടെ ശമ്പളം പരിഷ്കരിക്കുമെന്നും അയ്യഞ്ചാണ്ട് ശമ്പളഷ്കരണം നടപ്പാക്കുമെന്ന കീഴ് വഴക്കം പ്രഖ്യാപിച്ചതിനും ശേഷമാണ് ഈ സംഘടന പണിമുടക്കം നടത്തിയത് എന്നതും ഓർമിക്കണം.
അത്തരത്തിൽ നവ കേരള ശില്പിയായി മാറിയ സഖാവ് അച്യുതമേനോന്റെ ഭരണത്തെ ആക്ഷേപിക്കുന്നവർ ഇന്ന് ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് പോലും ഒന്നരലക്ഷത്തിലേറെ രൂപയുടെ സാമ്പത്തിക നഷ്ടം വന്നതിനെക്കുറിച്ച് മിണ്ടാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണ്. അത്തരക്കാരോട് സഹതപിക്കാനേ നിർവാഹമുള്ളൂ.കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് സഖാവ് അച്യുതമേനോൻ. കേവലം ഒന്നര ലക്ഷം മാത്രമായിരുന്ന സിവിൽ സർവീസിനെ മൂന്നര ലക്ഷം ആക്കി ശാക്തീകരിച്ചതും അയ്യഞ്ചാണ്ട് ശമ്പള പരിഷ്കരണം 1973 ൽ നടപ്പാക്കിയതും കേരളത്തിൽ ഇന്ന് കാണുന്ന പൊതുമേഖല സ്ഥാപനങ്ങൾ കൊണ്ടുവന്നതും ശ്രീചിത്ര മെഡിക്കൽ സെന്റർ, കെൽട്രോൺ ഉൾപ്പെടെ കേരളത്തെ ഇന്നത്തെ കേരളമാക്കിയ നവ കേരള ശില്പിയായ സഖാവ് അച്ചുതമേനോനെ ആക്ഷേപിക്കുന്നവരോട് സഹതപിക്കാനേ കഴിയൂ.ഞങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് ഇടതുപക്ഷത്തിന്റെ വർഗ്ഗ രാഷ്ട്രീയം കൂടിയാണ്. അതിൽ അതി വിപ്ലവകാരികളായാലും ഞങ്ങൾക്ക് അഭിമാനം മാത്രമേ ഉള്ളൂ. പ്രതിപക്ഷത്തി രി ക്കുമ്പോൾ ഒരു നിലപാടും ഭരണപക്ഷത്താകുമ്പോൾ മറ്റൊരു നിലപാടും അതല്ലേ യഥാർത്ഥത്തിൽ രാഷ്ട്രീയ പ്രേരിതം?
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ ബഡ്ജറ്റ് പ്രസംഗത്തിൽ ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നുവെന്ന് പ്രഖ്യാപിച്ചിട്ട് നാളിതുവരെ ആയതിന്റെ ഉത്തരവ് ഇറങ്ങിയോ? ഇപ്പോഴും ജീവനക്കാരിൽ നിന്നും എൻപി എസ് വിഹിതം പിടിക്കുകയല്ലേ. ഇതിൽ എന്താണ് നിങ്ങളുടെ നിലപാട്?
സമരസമിതിയുടെ ഈ സൂചനാ പണിമുടക്കം സർക്കാരിന് എതിരല്ല. മറിച്ച് 2013 ൽ ഉമ്മൻചാണ്ടി സർക്കാർ ഇല്ലാതാക്കിയ പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിച്ച സർക്കാർ ആണ് 2021 ലെ രണ്ടാം ഇടതു സർക്കാർ എന്ന് ചരിത്രത്തിൽ രേഖപ്പെടുത്താനും രണ്ട് ലക്ഷത്തോളം പങ്കാളിത്ത പെൻഷന്റെ ഇരകളായ ജീവനക്കാരുടെ പെൻഷൻ സംരക്ഷിക്കുവാനും ആണ് ഞങ്ങളുടെ ഈ പോരാട്ടം.
അപ്പോൾ ഈ പോരാട്ടം രാഷ്ട്രീയ പ്രേരിതമാണോ?
സമരസമിതി ഈ സൂചന പണിമുടക്കത്തിലൂടെ ഉയർത്തിയ 6 ആവശ്യങ്ങൾ ഒരു ജീവനക്കാരനും തള്ളിക്കളയാൻ കഴിയില്ല. ഇതിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ പരസ്യ സംവാദത്തിന് സംഘടന തയ്യാറാണ്.
വാഗ്ദാനങ്ങൾ അല്ല നടപടി ഉത്തരവുകൾ ആണ് ഇറങ്ങേണ്ടത്. അനുവദിച്ച രണ്ടു ഗഡു ഡി എ യുടെ മുൻകാല പ്രാബല്യം വേണമെന്ന് നിങ്ങളും പരസ്യമായി ആവശ്യപ്പെട്ടില്ലേ. പെൻഷനും കുടിശ്ശികയായ മറ്റ് ആനുകൂല്യങ്ങളും പന്ത്രണ്ടാം ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ജീവനക്കാർക്ക് വേണ്ടേ?
ലീവ് പുന :സ്ഥാപിക്കണ്ടേ?
എല്ലാ ഇടതു സർക്കാരുകളും ജീവനക്കാരെ ചേർത്തുപിടിച്ച സർക്കാരുകളാണ്. അതുപോലെ ഈ സർക്കാരും ജീവനക്കാരേ കൂടി ചേർത്തു പിടിക്കണം എന്ന മിനിമം ആവശ്യമാണ് ഞങ്ങൾ ഉയർത്തുന്നത്. ഈ സർക്കാർ ഞങ്ങളുടേത് കൂടിയാണ്. ജീവനക്കാരന്റെ ന്യായമായ ആവശ്യങ്ങൾ സംരക്ഷിക്കുവാൻ സർക്കാരിനോട് ആവശ്യപ്പെടുക എന്നത് ഒരു സർവീസ് സംഘടനയുടെ ധർമ്മം അല്ലേ? ഇടതു പാർട്ടികളുടെ പാർട്ടി കോൺഗ്രസ്സുകൾ അംഗീകരിച്ച പ്രമേയമായ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ സ്ഥാപിക്കുക എന്നത് എങ്ങനെ ഇടതു വിരുദ്ധമാകും. അതിനെ എതിർക്കുന്നതല്ലേ ഇടതു വിരുദ്ധം?
ഇങ്ങനെ പോകുന്നു നോട്ടീസ്, മറുപടി ഉണ്ടാകുമായിരിക്കും കേരളത്തിൻ്റെ സിവിൽ സർവീസിൻ്റെ പ്രധാനപ്പെട്ടവരാണ് സെക്രട്ടറിയേറ്റ് ജീവനക്കാർ. പരസ്യമായി ഇവരുടെ ആരോപണങ്ങൾ- വലുതും ചെറുതും ,ചെറുതും വലുതും എപ്പോഴും മാറി മറിയാം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.