തിരുവനന്തപുരം:ജനുവരി 22ന് ജോയിൻറ് കൗൺസിൽ നേതൃത്വത്തിൽ നടന്ന സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുത്ത വ്യാവസായിക പരിശീലന വകുപ്പിലെ അധ്യാപക ജീവനക്കാരെ സ്ഥലം മാറ്റി. വ്യാവസായിക പരിശീലനം വകുപ്പിലെ ഒട്ടനവധി അധ്യാപക ജീവനക്കാർ ഇന്നലെ പണിമുടക്കിൽ പങ്കെടുത്തിരുന്നു. പണിമുടക്കിൽ പങ്കെടുത്ത വനിതകൾ,ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് മാനദണ്ഡങ്ങൾ പാലിക്കാതെ വിദൂരസ്ഥലങ്ങിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.
വകുപ്പിലെ ACD ഇൻസ്ട്രക്ടർ തസ്തികയിലെ ജീവനക്കാരുടെ പുനക്രമീകരണവുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ACD അദ്ധ്യാപകരായ സംഘടന നേതാക്കളെ മാനദണ്ഡങ്ങൾ പാലിക്കാതെ മനപ്പൂർവ്വം ലിസ്റ്റിൽ ഉൾപ്പെടുത്തി സ്ഥലംമാറ്റം നടപ്പിലാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് പുതിയതായി ആരംഭിച്ച നാല് ഐടിഐകളിലേക്ക് ജീവനക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി വകുപ്പിലെ സുപ്രധാനമായ എസിഡി ഇൻസ്ട്രക്ടർ തസ്തിക അശാസ്ത്രീയമായ പഠനങ്ങളുടെയും പ്രായോഗികമല്ലാത്ത മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ പുനക്രമീകരിക്കാൻ വകുപ്പ് മുമ്പ് തീരുമാനമെടുത്തിരുന്നു.
വകുപ്പിൽ നിലവിലുണ്ടായിരുന്ന 197 എസി ഡി അധ്യാപക തസ്തികയിൽ 36 എണ്ണം വെട്ടിക്കുറച്ച് 161 ആയി പുനർ നിശ്ചയിച്ചു കൊണ്ട് വകുപ്പ് ഉത്തരവിറക്കിയിരുന്നു. മേൽ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ജീവനക്കാരുടെ പുനക്രമീകരണം നടപ്പാക്കിയിരിക്കുന്നത്. പുനക്രമീകരണം ആവശ്യമായിരുന്നു വരുന്നപക്ഷം ഏറ്റവും ജൂനിയർ ആയ ജീവനക്കാരെയാണ് പുനക്രമീകരിക്കേണ്ടത് എന്നാൽ ഇക്കാര്യത്തിൽ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് ഇന്നലെ സമരത്തിൽ പങ്കെടുത്തതിന്റെ പ്രതികാരം നടപടി എന്നോണം ഏറ്റവും സീനിയറായ അധ്യാപക ജീവനക്കാരെ പോലും വളരെ വിദൂര ജില്ലകളിലേക്ക് പോലും സ്ഥലം മാറ്റിയിരിക്കുകയാണ്.
വകുപ്പിലെ എസിഡി അധ്യാപക തസ്തിക പുനർ നിശ്ചയിച്ചതും അധ്യാപക തസ്തിക വെട്ടിച്ചുരുക്കിയതും അശാസ്ത്രീയമാണെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യം നിലനിൽക്കുമ്പോഴാണ് വകുപ്പ് തിരക്കിട്ട് ഈ ഉത്തരവ് നടപ്പാക്കിയിരിക്കുന്നത്. വ്യാവ പരിശീലന വകുപ്പിൽ മികച്ച പരിശീലന അന്തരീക്ഷം ഒരുക്കുന്നതിന് പകരം അഡീഷണൽ ഡയറക്ടർ ഉൾപ്പെടെയുള്ളവരുടെ പ്രതികാര നടപടികളാണ് വകുപ്പിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ പുതുതായി ആരംഭിച്ച നാല് ഐടിഐ കളിലേക്ക്, തസ്തിക പുനക്രമീകരണത്തിലൂടെ ജീവനക്കാരെ കണ്ടെത്തുന്നതിനാണ് സുപ്രധാനമായ അധ്യാപക തസ്തിക തന്നെ വെട്ടി ചുരുക്കിയത്. എന്നാൽ തസ്തിക പുനക്രമീകരണത്തിന് അടിസ്ഥാനമാക്കേണ്ട P&ARD വകുപ്പിന്റെ പഠനം പോലെയുള്ള ശാസ്ത്രീയമായ മാർഗങ്ങൾ ഒന്നും അവലംബിച്ചിരുന്നില്ല എന്നും ആരോപണമുണ്ട്.ഈ വിഷയത്തിൽ ഐ ടി ഐ അദ്ധ്യാപകസംഘടനയായ ഐ ടി ഡി ഐ ഒ നിയമപരമായും സംഘടനപരമായും മുന്നോട്ടുപോകുമെന്ന് അറിയിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.