
“ജനാധിപത്യ മൂല്യങ്ങൾ പകർന്ന് ചലച്ചിത്ര ശില്പശാലയ്ക്ക് തുടക്കം”
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി കിലയുടെ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) സഹകരണത്തോടെ നടത്തുന്ന ത്രിദിന ചലച്ചിത്രശില്‍പ്പശാല ആരംഭിച്ചു. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ആവിഷ്ക്കരിച്ച സമഗ്ര പദ്ധതിയുടെ സാംസ്കാരിക സംരംഭം എന്ന നിലയിലാണ് മാര്‍ച്ച് 13,14,15 തീയതികളിലായി ശില്പശാല സംഘടിപ്പിക്കുന്നത്.
വ്യാഴാഴ്ച്ച രാവിലെ 10 മണിയ്ക്ക് നടന്ന ആദ്യ സെഷനിൽ കേരള സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ. ഷിജുഖാൻ ‘അധികാരവും ജനാധിപത്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. സിനിമകളിലെ പ്രയോഗങ്ങളും പ്രതിനിധാനങ്ങളും സമീപകാലത്ത് വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് ഷിജുഖാൻ പറഞ്ഞു. സ്ത്രീ വിരുദ്ധത, ശരീരനിന്ദ, ജാതി അധിക്ഷേപം, എന്നിങ്ങനെ സിനിമയിൽ ഉണ്ടായിരുന്ന പതിവുകൾ കാലോചിതമായി തിരുത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ ഉണ്ണികൃഷ്ണ മേനോൻ, കില ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെൻ്റ് സെൻ്റർ ഡയറക്ടർ വി.സുദേശൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ക്യാമ്പ് ഡയറക്ടർ ഷെറി ഗോവിന്ദൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ കുമാരി, കരീപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എസ്.എസ്.സുനിത എന്നിവർ പങ്കെടുത്തു. ക്യാമ്പംഗങ്ങൾ സ്വയം പരിചയപ്പെടുത്തി സംസാരിച്ചു. തുടർന്ന് മുഹ്‌സിന്‍ മഖ്മല്‍ ബഫിന്റെ ‘ദ പ്രസിഡന്റ്’ എന്ന സിനിമയുടെ പ്രദർശനവും സംവാദവും നടന്നു.
കൊട്ടാരക്കരയിലെ കില ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടക്കുന്ന ക്യാമ്പിൽ സംസ്ഥാനത്തെ വിവിധ ജിലുകളിലെ തദ്ദേശ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പടെ 90 പേരാണ് പങ്കെടുക്കുന്നത്.
ശില്‍പ്പശാലയുടെ ഭാഗമായി ജനാധിപത്യമൂല്യങ്ങള്‍, ലിംഗസമത്വം, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂന്നിയ സിനിമകളുടെയും ഡോക്യുമെന്ററികളുടെയും പ്രദര്‍ശനവും സംവാദവും നടക്കും.
കിം കി ദുക്കിന്റെ ‘ദ നെറ്റ്’, ചൈതന്യ തംഹാനെയുടെ ‘കോര്‍ട്ട്’, കെന്‍ ലോച്ചിന്റെ ‘ഐ ഡാനിയേല്‍ ബ്‌ളേക്ക്’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32 മുതല്‍ 44 വരെ’ എന്നീ ഫീച്ചര്‍ സിനിമകളും കുടിവെള്ളപ്രശ്‌നം, മാലിന്യനിര്‍മ്മാര്‍ജനം, നഗരാസൂത്രണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും ക്യാമ്പില്‍ പ്രദര്‍ശിപ്പിക്കും. സിനിമകളിലെ പ്രതിപാദ്യവിഷയങ്ങളെക്കുറിച്ച് ക്യാമ്പ് അംഗങ്ങളുമായി ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ സംവദിക്കും. ക്യാമ്പ് ഡയറക്ടര്‍ ഷെറി മോഡറേറ്റര്‍ ആയിരിക്കും.
15ന് വൈകിട്ട് നടക്കുന്ന സര്‍ട്ടിഫിക്കറ്റ് വിതരണം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ നിര്‍വഹിക്കും. കെ.വി മോഹന്‍ കുമാര്‍ , ആര്‍. പാര്‍വതീദേവി തുടങ്ങിയവർ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.