1 June 2026
IMG-20250612-WA0001
തിരുവനന്തപുരം: പുനലൂരിലെ അരിപ്പഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ്റെ അധ്യക്ഷതയിൽ പി എസ് സുപാൽ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. അരിപ്പയിലെ ഭൂപ്രശനം പരിഹരിക്കാൻ പട്ടയ മിഷന്‍ വഴി നടപടികൾ സ്വീകരിച്ചിരുന്നു. പുനലൂര്‍ താലൂക്കില്‍ തിങ്കൾക്കരിക്കം വില്ലേജിലെ 94 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്ക്‌ ഭൂമി, കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ച്‌ കൈവശം വച്ചിരുന്ന തങ്ങള്‍ കുഞ്ഞ്‌ മുസലിയാരുടെ അവകാശികളില്‍ നിന്നും 1997ല്‍ തിരികെ ഏറ്റെടുത്തിരുന്നു.  ഇതില്‍ നിന്നും 21.54 ഏക്കര്‍ ഭൂമി ചെങ്ങറ ഭൂസമര പുനരധിവാസ പാക്കേജിലുള്‍പ്പെടുത്തി 20 ആദിവാസി കുടുംബങ്ങള്‍ക്കായി ഒരു ഏക്കര്‍ ഭൂമി വീതവും, 1.54 ഏക്കര്‍ ഭൂമി ഈ കുടുംബങ്ങളുടെ പൊതു ആവശ്യത്തിലേക്കും എന്ന നിലയിലുമാണ് മാറ്റിവച്ചത്. അവശേഷിക്കുന്ന ഭൂമിയില്‍ 2013 ജനുവരി മുതല്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഭൂരഹിതരായ ആളുകള്‍ കയ്യേറി കുടില്‍ കെട്ടി ഭൂസമരം ആരംഭിച്ചതാണ് അരിപ്പ ഭൂസമരത്തിന്റെ പശ്ചാത്തലം. അരിപ്പ സമരഭൂമിയിൽ ആദ്യകാലങ്ങളിൽ നടത്തിയ വിവരശേഖരണത്തിൽ വിവിധ സമുദായങ്ങളിൽപ്പെട്ട 516 കുടുംബങ്ങൾ അവിടെ കുടിൽകെട്ടി താമസിച്ചുവരുന്നതായും ഇതിൽ 336 പട്ടികജാതിക്കാർ, 54 പട്ടിക വർഗക്കാർ, 126 മറ്റ്‌ വിഭാഗക്കാർ എന്നിങ്ങനെ ഉണ്ടെന്ന്‌ കണക്കാക്കിയിരുന്നു. നിലവിൽ ആകെ കൈവശങ്ങളുടെ എണ്ണം 297 ആണ്. 32 പട്ടികവർഗ വിഭാഗക്കാരും, 198 പട്ടികജാതി വിഭാഗക്കാരും, മറ്റു വിഭാഗത്തിലുള്ള 67 പേരും ഉണ്ട്. ഇതിൽ കൊല്ലം ജില്ലയിൽ നിന്നും 163, തിരുവന്തപുരം – 72, കോട്ടയം – 33, പത്തനംതിട്ട – 22, ആലപ്പുഴ, കണ്ണൂർ, ഇടുക്കി രണ്ടു വീതം, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് കൈവശങ്ങൾ. ഭൂരഹിതരില്ലാത്ത പുനലൂര്‍ എന്ന പദ്ധതിയില്‍ അരിപ്പ സമര ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുന്ന അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിയുടെ അധ്യക്ഷയിൽ വീണ്ടും യോഗം ചേർന്നത്. യോഗത്തിലെ മന്ത്രിയുടെ നിർദ്ദേശങ്ങൾ അരിപ്പ ഭൂസമരവുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി അവതരിപ്പിക്കും. ധാരണയായാൽ ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.  യോഗത്തിൽ ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മിഷണർ എ ഗീത, കൊല്ലം ജില്ലാ കളക്ടർ എൻ ദേവീദാസ്, റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി ആർ എൽ ഗോപകുമാർ, കൊല്ലം ജില്ലാ ഡെപ്യൂട്ടി കളക്ടർ (എൽആർ) ബീനാ റാണി, കൊല്ലം ലാൻഡ് റവന്യൂ ജൂനിയർ സൂപ്രണ്ട് വിനോദ്, കൊല്ലം ജില്ലാ സർവെ സൂപ്രണ്ട് എ ഷൈൻ, പുനലൂർ തഹസിൽദാർ അജിത് ജോയി എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *