പണിമുടക്കം സമ്പൂര്‍ണ്ണം
– അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി
സര്‍വീസ് -വിദ്യാഭ്യാസ മേഖലകളില്‍ പണിമുടക്ക് സമ്പൂര്‍ണ്ണ വിജയമാക്കിയ ജീവനക്കാരെയും അദ്ധ്യാപകരെയും അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ചെയര്‍മാന്‍ ഒ.കെ.ജയകൃഷ്ണനും ജനറല്‍ കണ്‍വീനര്‍ കെ.പി.ഗോപകുമാറും അഭിനന്ദിച്ചു. കലാലയങ്ങളിലെയും സെക്രട്ടേറിയറ്റിലെയും നിയമസഭാ സമുച്ചയത്തിലെയും ജീവനക്കാരും വിദ്യാഭ്യാസമേഖലയിലെ അദ്ധ്യാപകരും അവകാശ സംരക്ഷണത്തിനായുള്ള പ്രക്ഷോഭത്തില്‍ ആവേശത്തോടെ അണിനിരന്ന് പണിമുടക്കി. രാവിലെ പണിമുടക്കിയ ജീവനക്കാര്‍ ഓഫീസ് കവാടങ്ങളില്‍ ഒത്തുചേര്‍ന്ന് പ്രകടനമായി ജില്ലാ കേന്ദ്രങ്ങളിലെ സമരകേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തി. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും വിവിധ വകുപ്പുകളിലെ കമ്മീഷണറേറ്റുകളിലും ഡയറക്ടറേറ്റുകളിലും പണിമുടക്ക് സമ്പൂര്‍ണ്ണമായിരുന്നു. അദ്ധ്യാപക മേഖലയും ഉന്നതവിദ്യാഭ്യാസ മേഖലയും സമ്പൂര്‍ണ്ണമായി പണിമുടക്കിന്റെ ഭാഗമായി. 14 ജില്ലാ കളക്ടറേറ്റുകളിലും താലൂക്കുകളിലും വില്ലേജുകളിലും പഞ്ചായത്തുകളിലും ജീവനക്കാര്‍ പണിമുടക്കി. നവലിബറല്‍ നയങ്ങള്‍ എല്ലാ ജീവിതസ്വപ്നങ്ങളും തകര്‍ത്തെറിയുന്നത് അനുഭവിച്ചറിയുന്ന തൊഴില്‍മേഖലയുടെ ശക്തമായ പ്രതിരോധമായി പണിമുടക്ക് മാറി. തിരുവനന്തപുരത്ത് പബ്ലിക് ഓഫീസിനു മുന്നില്‍ നിന്നും രാജ്ഭവനിലേക്ക് പണിമുടക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ.പി.ഗോപകുമാര്‍, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവ്, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ഡോ.ബിനുപ്രശാന്ത്, ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ നേതാവ് ബിജു പേരയം, പ്രവീണ്‍, കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്.സുധികുമാര്‍, പ്രസിഡന്റ് ടി.കെ.അഭിലാഷ്, കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് വിഷ്ണു, വി.കെ.മധു, ആര്‍.സിന്ധു, യു.സിന്ധു, വി.ശശികല, എസ്.അജയകുമാര്‍, വിനോദ് വി നമ്പൂതിരി, എന്‍.സോയാമോള്‍, ആര്‍ സരിത, ജി.സജീബ്കുമാര്‍, റ്റി.അജികുമാര്‍, സതീഷ് കണ്ടല, ആര്‍.എസ് സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.