കൊല്ലം :എന്നും മുന്നോട്ടുപോകാൻ കൊതിച്ച പോരാളിയായിരുന്നു കാനമെന്നും ഏത് പ്രക്ഷുബ്ധാവസ്ഥയിലും അദ്ദേഹം അചഞ്ചലനായി നിന്ന കമ്മ്യൂണിസ്റ്റ് ആണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. പാർട്ടിയുടെ സെക്രട്ടറിയായിരിക്കെ കമ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്തുവാനും ബഹുജന അടിത്തറ വിപുലീകരിക്കുവാനും കാനം വഹിച്ച പങ്കു വലുതായിരുന്നു എന്നും വർത്തമാനകാല രാഷ്ട്രീയത്തിൽ കാനം രാജേന്ദ്രന്റെ വിടവ് വലിയതാണെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയ ചരിത്രത്തിൽ പകരക്കാരനില്ലാത്ത പേരാണ് കാനം രാജേന്ദ്രൻ എന്നത്. അദ്ദേഹത്തിന്റെ വേർപാടിന് ഒരു വർഷം തികയുന്നു. തിളയ്ക്കുന്ന സമരബോധവുമായി ചേർത്തുവച്ച ജീവിതപ്രതീക്ഷയുടെ പേരായിരുന്നു കാനം രാജേന്ദ്രൻ. അദ്ദേഹത്തെ ഓർക്കുമ്പോൾ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ടുവേണം മുന്നോട്ടുള്ള ഓരോ കമ്മ്യൂണിസ്റ്റിന്റെയും യാത്ര എന്നും ബിനോയ് പറഞ്ഞു.
സിപിഐ കൊല്ലം ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന കാനം രാജേന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി പി.എസ് സുപാൽ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി അഡ്വ സാം കെ ഡാനിയേൽ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ആർ ചന്ദ്രമോഹനൻ, മുല്ലക്കര രത്നാകരൻ, ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. കെ.രാജു,അഡ്വ ആർ വിജയകുമാർ, ആർഎസ് അനിൽ, ആർ സജിലാൽ എന്നിവർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.