14 June 2026
ജീവനക്കാരുടെ ആവശ്യങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്ത ബഡ്ജറ്റ് -അദ്ധ്യാപക – സര്‍വ്വീസ് സംഘടനാ സമരസമിതി.

തിരുവനന്തപുരം:കുടിശിക നല്‍കില്ലെന്നുള്ള നിഷേധാത്മക നിലപാടില്‍ മാറ്റം വരുത്തി എന്ന ചെറിയ ആശ്വാസം ഒഴികെ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും നിരാശാജനകമായ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടതെന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി പ്രസ്താവനയില്‍ അറിയിച്ചു.  2024 ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കേണ്ട വേതന പരിഷ്‌ക്കരണത്തെ കുറിച്ച് ബഡ്ജറ്റില്‍ മൗനം അവലംബിക്കുകയാണ്.  ബഡ്ജറ്റിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വേതന പരിഷ്‌ക്കരണമെന്നതില്‍ മാറ്റമുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പോലും മുഖവിലയ്‌ക്കെടുക്കുവാന്‍ ബഡ്ജറ്റ് തയ്യാറായിട്ടില്ല എന്നത് ഖേദകരമാണ്.  മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രസ്താവനയുടെ അന്തഃസത്ത ഉള്‍ക്കൊള്ളാന്‍ ബഡ്ജറ്റ് തയ്യാറായിട്ടില്ല.  പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനം ആവര്‍ത്തിക്കുകയല്ലാതെ ക്രിയാത്മകമായ ഒരു നിര്‍ദ്ദേശവും ബഡ്ജറ്റ് മുന്നോട്ടു വയ്ക്കുന്നില്ല.  ജീവനക്കാരുടെ വിഹിതം ഈടാക്കുന്ന ഒരു പെന്‍ഷന്‍ പദ്ധതിയെയും അംഗീകരിക്കുവാന്‍ കഴിയില്ല എന്ന് സംഘടനകള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.  ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശികകള്‍ നല്‍കിയതിലൂടെ വന്ന ബാധ്യതയെ കഴിഞ്ഞ ശമ്പളപരിഷ്‌ക്കരണത്തിന്റെ ബാധ്യതയായി പ്രഖ്യാപിക്കുന്ന നിലപാട് വീണ്ടും ബഡ്ജറ്റിലൂടെ ആവര്‍ത്തിച്ചിരിക്കുകയാണ്.  കാര്‍ഷിക-ടൂറിസം മേഖലകളിലും അടിസ്ഥാന സൗകര്യ വികസനങ്ങളിലും ബഡ്ജറ്റ് ശ്രദ്ധിക്കുന്നുണ്ടെങ്കിലും പണിയെടുക്കുന്ന ജനവിഭാഗത്തിന്റെ ആവശ്യങ്ങളെ പരിഗണിക്കുവാന്‍ ബഡ്ജറ്റിലൂടെ ധനകാര്യവകുപ്പ് മന്ത്രി തയ്യാറായിട്ടില്ല എന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗലും ചെയര്‍മാന്‍ ഒ.കെ.ജയകൃഷ്ണനും പ്രസ്താവനയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *