14 June 2026
പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാചരണം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

ശുചീകരണത്തോടൊപ്പം പച്ചപ്പിന്റെ പുതുനാമ്പും

കലക്‌ട്രേറ്റും പരിസരവും ശുചീകരിച്ചും വളപ്പില്‍ വൃക്ഷതൈനട്ടും ലോകപരിസ്ഥിതിദിനപരിപാടികള്‍ക്ക് നേതൃത്വം നല്‍കി ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. സിവില്‍ സ്റ്റേഷന്‍ പരിസരം കൂടുതല്‍ മനോഹരവും വൃത്തിയുള്ളതുമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയാണ് തുടക്കമായത്.
സിവില്‍സ്റ്റേഷന്‍ പരിസരത്തുള്ള കാലാവധിപിന്നിട്ട വാഹനങ്ങള്‍ നീക്കംചെയ്യും. അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കും. മാലിന്യംനിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും. പ്രകൃതിയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സാമൂഹികഉത്തരവാദിത്തമാണെന്ന് മാങ്കോസ്റ്റിന്‍ തൈനട്ട് ഉദ്ഘാടനം നിര്‍വഹിക്കവെ ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.
സിവില്‍സ്റ്റേഷനിലെ ജീവനക്കാര്‍, കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ പങ്കാളിത്തമുണ്ടായി. എ.ഡി.എം ടി.കെ വിനീത്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്നിഹിതരായി.

പരിസ്ഥിതി ദിനാഘോഷം

ജില്ലാ പഞ്ചായത്തില്‍ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടിലും വൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ആര്‍ ലതാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും ഫലവൃക്ഷതൈ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് സെല്‍വി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി ജയന്തി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ഷിജു കുമാര്‍, വിനീതകുമാരി, സെക്രട്ടറി ടി.കെ സയൂജ തുടങ്ങിയവര്‍ സംസാരിച്ചു.