6 July 2026
സത്യത്തിന്റെ പക്ഷത്ത് എക്കാലവും ശക്തമായി നിലയുറപ്പിച്ച മനുഷ്യത്വമുള്ള പത്രാധിപരായിരുന്നു എസ്. ജയചന്ദ്രന്‍ നായരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു..

പത്രാധിപർ എന്ന വാക്കില്‍ വായനക്കാരുടെ മനസിലേക്ക് ആദ്യം എത്തുന്നവരില്‍ എസ്. ജയചന്ദ്രന്‍ നായരുടെ ശാന്തമായ രൂപവും എഴുത്തും ഉണ്ടായിരുന്നു. അത് ഇനിയും ഉണ്ടാകും. പത്രാധിപര്‍ എന്നതിനു പുറമെ നിരവധി പുസ്തകങ്ങളുടെ രചയിതാവും തിരക്കഥാകൃത്തും നിരൂപകനും സിനിമ നിര്‍മ്മാതാവുമൊക്കെ ആയിരുന്നു എസ്. ജയചന്ദ്രന്‍ നായര്‍.

കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ കൗമുദിയില്‍ ആയിരുന്നു എസ്. ജയചന്ദ്രന്‍ നായര്‍ പത്രപ്രവവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് കലാകൗമുദി വാരികയുടെ പത്രാധിപരായി. ഒരു തലമുറയ്ക്കാകെ വായനാ വസന്തം നല്‍കിയ കാലമായിരുന്നു അത്. സാഹിത്യത്തെ തലനാരിഴ കീറി പരിശോധിക്കുന്ന എം. കൃഷ്ണന്‍നായരുടെ ‘സാഹിത്യ വാരഫലം’ എന്ന പക്തി മൂന്നര പതിറ്റാണ്ടോളം വായനക്കാരിലേക്ക് എത്തിയതും എസ്. ജയചന്ദ്രന്‍ നായര്‍ എന്ന പത്രാധിപരിലൂടെയായിരുന്നു.

എം.ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ കലാകൗമുദിയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചതും എസ്. ജയചന്ദ്രന്‍ നായരുടെ പത്രാധിപത്യത്തിലാണ്. രണ്ടാമൂഴത്തിലെ എം.ടിയുടെ ഭീമനും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരയും തമ്മില്‍ അത്രമേല്‍ ബന്ധമുണ്ടെന്ന് വായനക്കാര്‍ തിരിച്ചറിഞ്ഞതും ഈ പത്രാധിപരിലൂടെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *