കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി കെ എൻ ബാലഗോപാൽ
കുളക്കട ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി എസിന്റെ 27-ാം വാർഷികം ഉദ്ഘാടനം ചെയ്തു
വനിതകളുടെ സാമ്പത്തിക- സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുളക്കട ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി എസിന്റെ 27-ാം വാർഷിക പരിപാടിയുടെ ഉദ്ഘാടനം മാവടി ഐശ്വര്യ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിജ്ഞാനകേരളവുമായി ബന്ധപെട്ട തൊഴിൽ പദ്ധതികളിൽ കുടുംബശ്രീയും പങ്കാളികളാണ്. കുളക്കട പഞ്ചായത്തിൽ കുടുംബശ്രീ മുഖേന കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കും. ഭക്ഷ്യ ഉല്പാദനം ഉൾപ്പെടെയുള്ള പുതിയ തൊഴിൽ മേഖലകളും വലിയ മുതൽമുടക്ക് വേണ്ടാത്ത കൃഷി രീതികൾക്കായി പദ്ധതിയും തയ്യാറാക്കണം. കുളക്കട പഞ്ചായത്തിൽ പാഷൻ ഫ്രൂട്ട്, അലങ്കാര ചെടികൾ എന്നിവയുടെ കൃഷിക്കുള്ള സാധ്യത പരിശോധിക്കണം. മയക്കുമരുന്ന്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവ ചെറുക്കാനുള്ള പ്രവർത്തനങ്ങൾ കുടുംബശ്രീ വിപുലീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല, വൈസ് പ്രസിഡന്റ് പി ബി ബീന, സി.ഡി.എസ് ചെയർപേഴ്സൺ പ്രീത എസ്, ജില്ലാ മിഷൻ കോഡിനേറ്റർ ആർ വിമൽചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ മോഹനൻ, സ്ഥിരംസമിതി അധ്യക്ഷർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.





