“വോട്ടെണ്ണലിന് ജില്ലയൊരുങ്ങി”

എസ്.കെ.എം.ജെ സ്‌കൂള്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രം
· രാവിലെ 8 ന് വോട്ടെണ്ണല്‍ തുടങ്ങും
· ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍
· പഴുതടച്ച സുരക്ഷാ സംവിധാനം
· ഫലമറിയിക്കാന്‍ പി.ആര്‍.ഡി മീഡിയ സെന്റര്‍

വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുക. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് എണ്ണുക. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അമല്‍ കോളേജ് മൈലാടി
സ്‌കില്‍ ഡെവലപ്പ്മെന്റ് ബില്‍ഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂളിലുമാണ് എണ്ണുക. തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവരെ വോട്ടെണ്ണിലിനായി നിയോഗിച്ചു. വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും.
മാനന്തവാടി നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളിലും സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ എസ്.ഡി.എം സ്‌കൂളിലും കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ എസ്.കെ.എം.ജെ സ്‌കൂള്‍ ഹാളിലുമാണ് എണ്ണുക.

ആദ്യം എണ്ണിതുടങ്ങുക തപാല്‍ വോട്ടുകള്‍

തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതിനായി കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിലെ മൂന്ന് ഹാളുകളിലായി 24 ടേബിളുകള്‍ സജ്ജമാക്കി. 11000 ത്തോളം തപാല്‍ വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തില്‍ നടക്കുന്ന തപാല്‍ പ്രീ-കൗണ്ടിങിന് പത്ത് ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. രാവിലെ 8 മുതല്‍ തപാല്‍ വോട്ടുകള്‍ എണ്ണിതുടങ്ങും. വയനാട് ലോക്സഭാ മണ്ഡലത്തിലെ മുഴുവന്‍ തപാല്‍ വോട്ടുകളും കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിലാണ് എണ്ണുന്നത്. രാവിലെ 8.30 ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണി തുടങ്ങും. ഇതിനായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 14 ടേബിളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പോളിങ് സ്റ്റേഷനുകള്‍ കുറവുള്ള ഏറനാട് മണ്ഡലത്തിലെ വോട്ട് എണ്ണുന്നതിന് 12 ടേബിളുകളാണ് ഒരുക്കുക. സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ഒന്നുമുതല്‍ 14 വരെയുള്ള ബൂത്തുകള്‍ ക്രമത്തില്‍ 14 ടേബിളുകളിലായി ആദ്യ റൗണ്ടില്‍ എണ്ണും. 15 മുതല്‍ 28 വരെയുള്ള ബൂത്തുകള്‍ രണ്ടാം റൗണ്ടിലും അതിന് തുടര്‍ച്ചയായുള്ള ബൂത്തുകള്‍ തുടര്‍ റൗണ്ടുകളിലും എണ്ണും.
വയനാട് ലോക്സഭാ മണ്ഡലത്തില്‍ മൂന്ന് കൗണ്ടിങ് ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൗണ്ടിങ് ഹാളുകളില്‍ സി.സി.ടി.വി നിരീക്ഷണം ഉറപ്പാക്കും. വോട്ടെണ്ണലിന്റെ തത്സമയ ഫലം അറിയാന്‍ വോട്ടെണ്ണല്‍ കേന്ദ്രമായ എസ്.കെ.എം.ജെ സ്‌കൂളില്‍ പി.ആര്‍.ഡി മീഡിയാ സെന്റര്‍ ഒരുക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് നേരിട്ടുള്ള വേട്ടെണ്ണല്‍ ഫലങ്ങള്‍ മീഡിയ സെന്റര്‍ വഴി ലഭ്യമാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക കൗണ്ടിങ്ങ് മീഡിയ പാസ്സ് ലഭിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമായിരിക്കും മീഡിയ സെന്ററിലേക്കുള്ള പ്രവേശനം.
പോസ്റ്റല്‍, ഇ.വി.എം വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ച ശേഷം മാത്രമാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുക. വോട്ടെണ്ണലിന് ശേഷം ഇലക്ട്രോണിക് യന്ത്രങ്ങള്‍ അതത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സീല്‍ ചെയ്ത് തിരികെ വെയര്‍ ഹൗസുകളില്‍ സൂക്ഷിക്കും.

“കനത്ത സുരക്ഷയില്‍ സ്‌ട്രോങ്ങ് മുറികള്‍”

വോട്ടെടുപ്പിന് ശേഷം വോട്ടിങ്ങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് മുറികള്‍ കനത്ത സുരക്ഷയിലാണ്. കേന്ദ്ര ആംഡ് പോലീസ്, സംസ്ഥാന ആംഡ് പോലിസ്, സംസ്ഥാന പോലീസ് എന്നിവര്‍ 24 മണിക്കുറും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ സ്ട്രോങ്ങ് റൂമിന് കനത്ത സുരക്ഷയൊരുക്കുന്നു. വോട്ടെണ്ണല്‍ ദിനമായ ശനിയാഴ്ച രാവിലെ 6 ന് റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ത്ഥി ഏജന്റുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ്ങ് മുറികള്‍ തുറക്കും. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്കും പാസ്സുള്ളവര്‍ക്കും മാത്രമായിരിക്കും ഇവിടേക്കുള്ള പ്രവേശനം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു.

“ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു”

വോട്ടെണ്ണല്‍ ദിനമായ നവംബര്‍ 23 ന് ജില്ലയില്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ ഡി ആര്‍ മേഘ ശ്രീ ഡ്രൈ ഡേ പ്രഖ്യാപിച്ചു. മദ്യ വില്‍പ്പനയും വിതരണവും നടത്തുന്നവര്‍ക്കെതിര നടപടിസ്വീകരിക്കും.

“രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും”

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നവംബര്‍ 23 ന് ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങും. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടുകള്‍ എണ്ണുന്നത് നിലമ്പൂര്‍ അമല്‍ കോളെജിലാണ്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. രാവിലെ ഏഴ് മണിയോടെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ തുറക്കും.

ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ മൂന്ന് നിയോജക മണ്ഡലങ്ങള്‍ക്കായി മൂന്ന് ഹാളുകളാണ് കൗണ്ടിങിനായി സജ്ജീകരിച്ചിട്ടുള്ളത്. ബന്ധപ്പെട്ട മണ്ഡലങ്ങളുടെ ഉപവരണാധികാരികള്‍ നേതൃത്വം നല്‍കും. ഓരോ ഹാളിലും 14 വീതം ടാബിളുകള്‍ ഉണ്ടാകും. ഒരു കൗണ്ടിങ് സൂപ്രവൈസര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥരാണ് ഓരോ ടാബിളിലും ഉണ്ടാകുക.

മൂന്ന് മണ്ഡലങ്ങളിലെയും വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളാണ് അമല്‍ കോളെജില്‍ എണ്ണുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ വയനാട്ടില്‍ വെച്ചാണ് എണ്ണുക. ഫലപ്രഖ്യാപനം വരണാധികാരിയായ വയനാട് ജില്ലാ കളക്ടര്‍ നിര്‍വഹിക്കും. ജില്ലയിലെ വോട്ടെണ്ണല്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് നിരീക്ഷകര്‍ എത്തുന്നുണ്ട്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.