ചാത്തന്നൂർ:നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതൽ തടവിലാക്കി. കൊല്ലം ജില്ലയിൽ, മീനാട് ആനാംചാലിൽ ചരുവിള പുത്തൻ വീട്ടിൽ രാധാകൃഷ്ണൻ മകൻ ബല്ലാക്ക് എന്നറിയപ്പെടുന്ന വിനീഷ്(27) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. 2020 മുതൽ ഇതുവരെ ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യ്തിട്ടുള്ള ഏഴ് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. 2020 ൽ കല്ലുമലയിൽ ഗഞ്ചാവ് കച്ചവടം നടത്തിയത് ചോദ്യം ചെയതവരെ സ്‌ഫോടക വസ്തു എറിഞ്ഞ് സ്റ്റീൽ പൈപ്പ്, ബിയർ കുപ്പി എന്നിവ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിലും ഉൾപ്പടെ നിരവധി മയക്കുമരുന്ന് കേസുകളിലും കൊലപാതകശ്രമ കേസുകളിലും അടിപിടി കേസിലും പ്രതിയാണ് ഇയാൾ. 2 മാസം മുൻപ് ചാത്തന്നൂർ ജംഗ്ഷനിലെ ബേക്കറിയിലെ ജീവനക്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വന്ന പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം (19.11.2024) പുലർച്ചെ ഇയാളെ നെടുമ്പനയിൽ നിന്ന് സാഹസികമായ ഏറ്റുമുട്ടലിലൂടെ കീഴടക്കിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ദേവിദാസ് എൻ ഐ.എ.എസ്സ് ആണ് കരുതൽ തടങ്കലിന് ഉത്തരവായത്. ഇയാളെ കരുതൽ തടവിൽ പാർപ്പിക്കുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു. ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ ജി. ഷാജി, ഗോപകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, കണ്ണൻ, സി.പി.ഒ മാരായ രാജീവ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത്തരം കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി കാപ്പാ നിയമപ്രകാരം തുടർന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ് അറിയിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.