ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിച്ച് മൊട്ട ഗ്ലോബൽ.

എടത്വ: ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ ‘സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ’ സമാപനം 20ന് വൈകിട്ട് 4.30ന് കോഴിക്കോട്ട് അറബി കടലിന്റെ തീരത്ത് നടക്കും.

കഴിഞ്ഞ 2 മാസം മുമ്പ് ഒന്നിച്ചത് വെറും 25 മൊട്ടകൾ മാത്രമായിരുന്നെങ്കില്‍ ഇന്ന് 700 അംഗങ്ങളുമായി വളർച്ചയുടെ പാതയിലാണ് ‘മൊട്ട ഗ്ലോബൽ’.എടത്വ കെഎസ്ആർടിസി ഡിപ്പോയിലെ നെയ്യാറ്റിന്‍കര സ്വദേശിയായ കണ്ടക്ടർ യു.ആദർശ് ആണ് 700-ാം മത് അംഗം.കഴിഞ്ഞ ദിവസം ആണ് ഈ കൂട്ടായ്മയില്‍ യു. ആദർശ് അംഗമായത്.

പ്രവാസികൾ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിൽ ഉന്നതസ്ഥാനിയരായ നിരവധി വ്യക്തിത്വങ്ങൾ ഇതിനോടകം അംഗങ്ങളായതായി ആഗോള അധ്യക്ഷന്‍ സജീഷ് കുട്ടനെല്ലൂർ പറഞ്ഞു.മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ചിട്ടയായ പ്രവർത്തന ശൈലി അവലംബിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ആഗോള തലത്തിൽ മികച്ച കൂട്ടായ്മയായി മാറ്റുകയെന്നതാണ് പരമ പ്രധാനമായ ലക്ഷ്യം.മതസൗഹാർദ്ദത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നല്‍കി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരാണ് ഇതിനോടകം മൊട്ട ഗ്ലോബലിലേക്ക് എത്തിയത്.

ചില ആഴ്ചകൾക്ക് മുമ്പ് തൃശൂരില്‍ നടന്ന സമ്മേളനത്തില്‍ നൂറോളം മൊട്ടകൾ സംഗമിച്ചു. കറുത്ത ഷർട്ടും കറുത്ത കണ്ണാടിയും ചുവപ്പ് നിറത്തിലുള്ള മുണ്ടും ധരിച്ച് ഓരോരുത്തര്‍ തൃശൂര്‍ നഗരത്തിൽ പുലി കളിയിൽ ചുവട് വെച്ചത് ജനലക്ഷങ്ങളുടെ ഹൃദയം കവർന്നു.ഇതിനോടകം വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പല ഇടങ്ങളിലും അംഗങ്ങൾ ഒരുമിച്ച് യോഗങ്ങൾ നടത്തി.ഗാന്ധി ജയന്തി ദിനത്തിൽ ആണ് ‘സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ’ തുടക്കം കുറിച്ചത്.

ഇപ്പോൾ 20 രാജ്യങ്ങളിൽ അംഗങ്ങളുള്ള അപൂര്‍വങ്ങളിൽ അപൂര്‍വമായ ഈ കൂട്ടായ്മ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലോക റിക്കോർഡിനായി പരിഗണനയ്ക്കായി നിർദ്ദേശിക്കുകയും ചെയ്തതായി യുആർഎഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറി കൂടിയായ ഡോ.ജോൺസൺ വി ഇടിക്കുള അറിയിച്ചു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading