തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയ്ക്ക് ഗൂഡാലോചന ഉണ്ടോ എന്ന് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. അഴിമതിക്കാരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കണ്ടെത്തുന്നതിന് വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ ഉള്ളപ്പോള്‍ ഒരു സ്വകാര്യ ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ വന്ന് ഉദ്യോഗസ്ഥനെ അപമാനിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി ദുരൂഹവും അംഗീകരിക്കാനാകാത്തതുമാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ജില്ലാ കളക്ടറെയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയോ നേരിട്ട് വിളിച്ച് പരാതി ഉന്നയിക്കുന്നതിന് എല്ലാ സ്വാതന്ത്ര്യവും സാധ്യതകളുമുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി ഗൂഢമായ ഏതോ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതു പോലെ കുറ്റകരമാണെന്ന നിയമമുള്ളപ്പോള്‍ കൈക്കൂലി പണം കൈമാറുന്നത് സംസ്ഥാന വിജിലന്‍സിനെ അറിയിച്ച് യഥാവിധി നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടത്.
ഇത് അറിയാമായിരുന്നിട്ടും വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാത്തത് നിയമപരമായി കുറ്റകരമായ സംഗതിയാണ്. ഈ അവസരങ്ങളില്‍ ഈ മാര്‍ഗ്ഗം അവലംബിച്ചത് അഴിമതി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയല്ല മറിച്ച്, തന്റെ പ്രതിച്ഛായക്ക് മേന്മ കൂട്ടുന്നതിനുള്ള നടപടിയായേ കാണാനാകൂ. അഴിമതിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിനെ സംഘടന എക്കാലത്തും സ്വാഗതം ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയ്‌ക്കെതിരെ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാരിയാണെന്ന് കണ്ടാല്‍ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നവീന്‍ബാബുവിന്റെ മരണത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനകമ്മിറ്റി അനുശോചിച്ചു.അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിലും പങ്കുചേരുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.