സൈബര്‍ സാമ്പത്തിക തട്ടിപ്പിനെതിരെ നടപടി – മുഖ്യമന്ത്രി

സൈബര്‍ സാമ്പത്തിക തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിന് സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പോലീസ് വ്യാപകമായ ബോധവല്‍ക്കരണം നടത്തിവരുന്നുണ്ടെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ. അൻവര്‍ സാദത്തിൻ്റെ സബ്മിഷന് നിയമസഭയിൽ
മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന് സമഗ്രമായ സൈബര്‍ സുരക്ഷിത ‘ഫിന്‍ ഇക്കോ സിസ്റ്റം’ (Fin Eco System) ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന് കേന്ദ്ര സര്‍ക്കാരിന്‍റെയും റിസര്‍വ്വ് ബാങ്കിന്‍റെയും സംയുക്ത ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം സൈബര്‍ കുറ്റകൃത്യങ്ങളും അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിന് സൈബര്‍ പോലീസ് ഡിവിഷന്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. അതോടൊപ്പം എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1930 എന്ന ടോള്‍ ഫ്രീ നമ്പരും, WWW.cybercrime.gov.in എന്ന വെബ്സൈറ്റും സജ്ജമാക്കിയിട്ടുണ്ട്.

ഇത്തരം തട്ടിപ്പ് നടത്തിയ മുപ്പതിനായിരത്തിലേറെ ബാങ്ക് അക്കൗണ്ടുകള്‍ ഇതിനകം ബ്ലോക്ക് ചെയ്ത് നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തട്ടിപ്പിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ളവ പ്രവര്‍ത്തനരഹിതമാക്കിയും പ്രതികളെ അറസ്റ്റ് ചെയ്തും കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.