ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് വ്യക്തിപരമെന്ന് മദ്രാസ് ഹൈക്കോടതി

ഭാര്യ അശ്ലീല വീഡിയോ കാണുന്നതോ അതിൽ ആനന്ദം കണ്ടെത്തുന്നതോ ഭർത്താവിനെതിരെയുള്ള ക്രൂരതയായി കണക്കാക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം വ്യക്തിപരമായ വിഷയങ്ങൾ വിവാഹമോചനത്തിന് പരിഗണിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഭാര്യ അശ്ലീല ദൃശ്യങ്ങൾ കാണുന്നതിന് അടിമയാണെന്നും അത് തനിക്കെതിരായ ക്രൂരതയായി കണ്ട് വിവാഹമോചനം വേണമെന്നുമുള്ള ഭർത്താവിൻ്റെ വാദം ഡിവിഷൻ ബെഞ്ച് തള്ളിക്കളഞ്ഞു.

ഭാര്യ പലപ്പോഴും സ്വയംഭോഗത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന ഭര്‍ത്താവിന്റെ വാദം സ്ത്രീയുടെ ലൈംഗിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റത്തിന് തുല്യമാണെന്ന് കോടതി വ്യക്തമാക്കി. ഇതും ഭർത്താവിനോടുള്ള ക്രൂരതയാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പുരുഷന്മാര്‍ക്കിടയിലെ സ്വയംഭോഗം സാര്‍വത്രികമായി അംഗീകരിക്കപ്പെടുമ്പോള്‍ സ്ത്രീകളെ മാത്രം അതിൻ്റെ പേരിൽ അധിക്ഷേപിക്കാൻ കഴിയില്ല.

ലൈംഗിക ദൃശ്യങ്ങൾ കാണുന്നതിലൂടെ ലഭിക്കുന്ന ആനന്ദം വിലക്കപ്പെട്ട കനിയൊന്നുമല്ല. ഒരു പുരുഷനെ വിവാഹം ചെയ്തു എന്നതുകൊണ്ട് സ്ത്രീ അവളുടെ വ്യക്തിത്വം അടിയറ വയ്ക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഭാര്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് ഒന്നിനും തെളിവ് ഹാജരാക്കാനും ഭർത്താവിന് കഴിഞ്ഞില്ല. സാമൂഹ്യമായി ഒറ്റപ്പെടുത്താൻ ഇടയാക്കുന്ന ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കാനുള്ള ബാധ്യത ഉണ്ടായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി.

വിവാഹം വേർപെടുത്തി കിട്ടാനായി പലവിധ ആരോപണങ്ങൾ നിരത്തിയ ഭർത്താവ്, ഭാര്യ ലൈംഗികരോഗത്തിന് അടിമയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ അതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. കാരൂരിലെ കുടുംബ കോടതിയും ഭർത്താവിനെതിരെ വിധിച്ചിരുന്നു. ഭർത്താവിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും കുടുംബകോടതി നിർദ്ദേശിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് വ്യക്തിപരമെന്ന് മദ്രാസ് ഹൈക്കോടതി


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading