“ഫാം ഫെസ്റ്റ് 2025” ഓണം മേളയ്ക്ക് തുടക്കമായി
ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഫാം ഫെസ്റ്റ് 2025” ഓണം മേളയുടെ ഉദ്ഘാടനം ആശ്രാമം മൈതാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി. കെ. ഗോപൻ നിർവഹിച്ചു. വിനോദം, വിപണനം, സംസ്കാരികാനുഭവം ഇവയെല്ലാം ഒരുമിച്ച് സമ്മാനിക്കുന്ന സമഗ്രമായ ആഘോഷവേദിയായി ഫാം ഫെസ്റ്റ് മാറുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ പുതിയ മുന്നേറ്റങ്ങള്‍ക്കും ഫാം ടൂറിസത്തിന്റെയും കാര്‍ഷിക നവീകരണത്തിന്റെയും സാധ്യതകള്‍ക്കും മേള വാതില്‍തുറക്കുമെന്നും കൂട്ടിച്ചേർത്തു.
മേളയുടെ ഭാഗമായി കാർഷിക ഉൽപന്നങ്ങൾ, ഖാദി, കയർഫെഡ്, കാഷ്യൂ കോർപ്പറേഷൻ, കൈത്തറി ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്കൊപ്പം ജനജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ പ്രദർശന- വിൽപ്പന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ദിവസേന കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും.

ഓണംമേളയുടെ ഭാഗമായി നാട്ടിൻപുറത്തിന്റെ കാർഷിക സമൃദ്ധിയും ഗ്രാമീണ ജീവിതരീതികളും നേരിട്ട് അനുഭവിക്കാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കും. ഉൽപന്ന വിപണനത്തിന് പുറമെ കാർഷിക സംരംഭങ്ങൾക്ക് വിപുലമായ വിപണി കണ്ടെത്താനും ഫാം ടൂറിസം വഴി ഗ്രാമവികസനത്തിന് പുതുവഴികൾ തുറക്കാനുമുള്ള സാധ്യതകൾ ജില്ലാ പഞ്ചായത്ത് വിലയിരുത്തുന്നു. സെപ്റ്റംബർ 3 വരെയാണ് മേള.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ ഹരീഷ് അധ്യക്ഷയായി. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി വസന്ത രമേശ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ വിമൽചന്ദ്രൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. ശിവകുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എം. എസ് അനീസ, കുര്യോട്ടുമല ഫാം സൂപ്രണ്ട് വി. പി. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.





