“ചേരിക്കൽ കാവ്യോത്സവം:വേനൽ മഴയിലെ കുളിര്”

പന്തളത്തിനടുത്ത് ചേരിക്കൽ എന്നൊരു ഗ്രാമമുണ്ട്. പാവങ്ങളായ മണ്ണിന്റെ മക്കളുടെ നാടായിരുന്നു ഒരിക്കലിവിടം. ഇന്നും നാട്ടുനന്മയുടെ അംശങ്ങൾ ഇവിടെ അവശേഷിക്കുന്നുണ്ട്.
പണ്ടൊരിക്കൽ ഗാന്ധിജിയുടെ പാദസ്പർശമേറ്റ നാടാണിത്. ഇന്നിവിടെ കുറേയൊക്കെ വികസനം വന്നിരിക്കുന്നു. ഈ ഗ്രാമം ഒട്ടേറെ കലാകാരന്മാർക്കും രാഷ്ട്രീയ നേതാക്കൾക്കും ജന്മം നൽകിയിട്ടുണ്ട്. ചേരിക്കലിന്റെ തെക്കേയറ്റം വിശാലമായ പാടശേഖരമാണ്. ‘പ്രകൃതിരമണീയത തുളുമ്പുന്നു’ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നത് ഇവിടം ലക്ഷ്യമാക്കിയായിരിക്കണം. പന്തളം നഗരസഭയുടെ ഭാഗമാണിവിടം. എന്റെ സ്വന്തം പഞ്ചായത്തായ പാലമേൽ, തൊട്ടടുത്ത പഞ്ചായത്തായ നൂറനാട് പ്രദേശങ്ങളുടെ ഭാഗമായുള്ള കരിങ്ങാലിപ്പുഞ്ചയുടെ വടക്കേയറ്റം ചേരിക്കലുമായി പ്രണയിച്ചുകിടക്കുന്നു. പാറ്റൂർ എഞ്ചിനീയറിംഗ് കോളേജ്, പഴയ പന്തളം ഷുഗർ മില്ല്, കാരിമുക്കം ക്ഷേത്രം, പള്ളിമുക്കത്ത് ക്ഷേത്രം, അണികുന്നത്ത് ക്ഷേത്രം ഒക്കെ സ്ഥിതിചെയ്യുന്നത്
ഇതിന്റെ ഓരത്താണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച (മാർച്ച് 16) ചേരിക്കൽ കരിങ്ങാലിപ്പുഞ്ചയിൽ അരങ്ങേറിയ കാവ്യോത്സവം രണ്ടാംപതിപ്പിൽ ഞാനും പങ്കെടുത്തു. നാടക പ്രവർത്തകരായ
ബി. അജിതകുമാറും, ഹരിലാലും മറ്റ് കുറച്ച്
ചെറുപ്പക്കാരും മുൻകയ്യെടുത്തു സംഘടിപ്പിച്ച കാവ്യോത്സവം ഒരു ദേശത്തിന്റെ സംസ്കാരം വിളിച്ചോതുന്നതായി. സമീപ നാടുകളിലെ കാവ്യോപാസകരുടെയും ചേരിക്കൽകാരുടെയും ഒത്തുകൂടൽ, ഒറ്റപ്പെട്ടതും വിജനവുമായ ആ വയലിടത്ത്
ഏറെ ആകർഷകമായി, ആഘോഷമായി. കേരളത്തിലുനീളം വൈവിധ്യമായ ഇത്തരം ഒട്ടേറെ കൂട്ടായ്മകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ചേരിക്കൽ കാവ്യോത്സവം എനിക്ക് വേറിട്ട അനുഭവം തന്നു.
ചുറ്റിനും കണ്ണെത്താദൂരത്തോളം വയൽ നീണ്ടുകിടക്കുന്നു. ചെറിയൊരു തുരുത്തിൽ നൂറിലേറെപ്പേർ പങ്കെടുത്ത കൂട്ടായ്മ അതും കവിതയുടെ വിലാസത്തിൽ ഏറെ ശ്രദ്ധേയമായി.
കവിത ചൊല്ലിയും പറഞ്ഞും, സ്നേഹം പങ്കിട്ടും, കരിപ്പട്ടികാപ്പിയും കുമ്പളപ്പവും കഴിച്ചും ഞായറാഴ്ചയുടെ സായംസന്ധ്യ അർത്ഥവത്താക്കി.
മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് മൂന്നാലു മണിക്കൂർനേരം ചേരിക്കൽ വയലിൽ ചെലവഴിച്ചത് മനസ്സിന് കുളിർമയായി. അതിനിടയിൽ അപ്രതീക്ഷിതമായി വലിയൊരു മഴ പെയ്തതും സുന്ദരമായ കാഴ്ചാനുഭവമായി.
അടുത്തവർഷം ഇതേ സമയത്ത് ചേരിക്കൽ കാവ്യോത്സവം മൂന്നാംപതിപ്പ് അരങ്ങേറും. നാടിന്റെ സംസ്കാര വളർച്ചയ്ക്ക് ഇത്തരം ആർഭാടമില്ലാത്ത പ്രവർത്തനങ്ങൾ അനിവാര്യമാണ്.

-ഉൺമ മോഹൻ


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response