“മദ്യഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് :കെ സുധാകരന്‍ “

എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കെ റെയിലിന്റെ മഞ്ഞക്കുറ്റി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞതുപോലെ മദ്യഫാക്ടറിയെയും തൂത്തെറിയും. മദ്യഫാക്ടറിക്കെതിരേ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്കി.

ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പറ്റുന്ന ഒരുകാര്യം പോലും മദ്യ ഫാക്ടറിയുടെ കാര്യത്തിലില്ല. എതിര്‍ക്കാന്‍ നൂറുകൂട്ടം കാരണങ്ങളുണ്ടു താനും. അടിമുടി ദുരൂഹതയും അഴിമതിയും നിറഞ്ഞ പദ്ധതിയാണിത്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളി പഞ്ചായത്തില്‍ എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്കാണ് അനുമതി നല്‍കിയത്. കമ്പനിയുടെ ഉടമയായ ഗൗതം മല്‍ഹോത്ര ഡല്‍ഹി മദ്യ വിവാദവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അറസ്റ്റിലായ ബിസിനസുകാരനാണ്. മാലിന്യം നിക്ഷേപിച്ച് നാല് കിലോമീറ്ററില്‍ അധികം വരുന്ന സ്ഥലത്തെ ഉപരിതല ജലവും ഭൂഗര്‍ഭജലവും മലിനപ്പെടുത്തിയതിന് പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇതേ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. പാരിസ്ഥിതിക ആഘാത പഠനം നടത്തതാതെയും മറ്റു കമ്പനികളെ പരിഗണിക്കാതെയുമാണ് ഈ കമ്പനിയെ പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.

കോളജ് തുടങ്ങാന്‍ വേണ്ടി ഏറ്റെടുത്ത 26 ഏക്കര്‍ സ്ഥലമാണ് മദ്യഫാക്ടറി തുടങ്ങാന്‍ ഇടതുസര്‍ക്കാര്‍ നല്കുന്നത്. വിദ്യയെക്കാള്‍ മദ്യത്തിന് മുന്‍ഗണന നല്കുന്ന മുഖ്യമന്ത്രി എന്നാണ് പിണറായി വിജയന്‍ ഭാവിയില്‍ വാഴ്ത്തപ്പെടാന്‍ പോകുന്നത്.അതിരൂക്ഷ കുടവെള്ള ക്ഷാമവും വരള്‍ച്ചാ സാധ്യതയുമുള്ള ജില്ലയാണ് പാലക്കാട്. അവിടെയുള്ള എലപ്പുള്ളി പഞ്ചായത്തിലാണ് 18 കോടി ലിറ്റര്‍ മദ്യം ഉല്പാദിപ്പിക്കുന്ന മദ്യ ഫാക്ടറി തുടങ്ങുന്നത്. വലിയ തോതില്‍ വെള്ളത്തിന്റെ ആവശ്യകതയുള്ള വ്യവസായമാണിത്. ജലചൂഷണം നടത്തിയ പെപ്‌സിയെയും കൊക്കകോളയേയും പാലക്കാട്ടുനിന്ന് കെട്ടുകെട്ടിച്ച സമരവീര്യം ഉറങ്ങുന്ന പ്രദേശമാണ് പാലക്കാട് എന്ന് അതേ ജില്ലയില്‍നിന്നുള്ള എക്‌സൈസ് മന്ത്രി എംബി രാജേഷ് ഓര്‍ക്കണം.

മദ്യലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനവും പരസ്യവും നല്കിയാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ അന്നു മുതല്‍ കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016ല്‍ അധികാരം വിടുമ്പോള്‍ കേരളത്തില്‍ 8 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ അത് 705 ബാറുകളാക്കി ഉയര്‍ത്തി. ഇപ്പോഴത് 836 ബാറുകളായി. സര്‍ക്കാര്‍ മാത്രമല്ല സിപിഎമ്മും ഇന്ന് ഏറ്റവുമധികം പണം ഉണ്ടാക്കുന്നത് മദ്യത്തിലൂടെയാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

അവസാനത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ തന്റെതായിരിക്കണം എന്ന വാശിയോടെയാണ് പിണറായി വിജയന്‍ കേരളം ഭരിക്കുന്നത്. മക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി എല്ലാ വകുപ്പിലും കയ്യിട്ട് പരമാവധി വാരിക്കൂട്ടി വിടവാങ്ങുക എന്നതു മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.