14 June 2026
എല്ലാവരും അറിയാൻ…അവർ അഞ്ചു പേരും സുഖമായിരിക്കുന്നു

കൽപ്പറ്റ:മുണ്ടക്കൈ-ചൂരൽമല ദുരന്തം അതിജീവിച്ച കുട്ടികൾ കിൻഷിപ്പ് ഫോസ്‌റ്റർ കെയർ പദ്ധതിയ്ക്ക് കീഴിൽ

കരൾ പിളരും വേദന നൽകിയ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ഒരു വയസ്സാകുന്നു. നാട് ഇതുവരെ കാണാത്ത കനത്ത ആഘാതത്തിന്റെയും സങ്കടക്കടലിന്റെയും മുഖത്തു നിന്നും അതിജീവിതരും ബന്ധുക്കളും നാടും പതിയെ ഉയിർത്തെഴുന്നേൽക്കുകയാണ്. കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിൽ ഉയരുന്ന പുതിയ വീടും പുതിയ ജീവിതവുമായി പുത്തൻ പ്രതീക്ഷകൾ തുന്നുകയാണ് അവർ.

ദുരന്തത്തിൽ ഏഴ് കുട്ടികൾക്കാണ് നേരം ഇരുട്ടിവെളുത്തപ്പോൾ അമ്മയെയും അച്ഛനെയും ഒന്നിച്ചു നഷ്ടപ്പെട്ടത്. ഇതിൽ രണ്ട് പേർക്ക് 18 വയസ് പൂർത്തിയാകാൻ ഏതാനും മാസങ്ങളെ ഉണ്ടായിരുന്നുള്ളൂ. അവർക്ക് ഇപ്പോൾ പ്രായപൂർത്തിയായി.

ബാക്കി അഞ്ചു കുട്ടികളും അടുത്ത ബന്ധുക്കളുടെ കൂടെ ഒരു വർഷത്തെ കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതിയിലാണ്. ഓരോ ആഴ്ച്ചയും ഫോൺ വഴിയും ഓരോ മാസവും നേരിട്ടും അവരെ സന്ദർശിക്കുന്ന വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്‌ ഉദ്യോഗസ്ഥർ പറയുന്നു, അവർ അഞ്ചു പേരും സുഖമായിരിക്കുന്നു എന്ന്.

“അവർ അഞ്ചു പേർക്കും സുഖമാണ്. 5 മുതൽ 16 വയസ് വരെയുള്ളവരാണ്. എല്ലാവരും സ്കൂളിൽ പോകുന്നു. ചെറിയച്ഛന്റെയോ വലിയച്ഛന്റെയോ, അതുപോലുള്ള അടുത്ത ബന്ധുക്കളുടെയോ വീടുകളിലാണ് അവർ കഴിയുന്നത്. ദുരന്തം സൃഷ്ടിച്ച നഷ്ടത്തിന്റെ വ്യാപ്തി തിരിച്ചറിയാനുള്ള പ്രായം ആകാത്തത് ഒരു കണക്കിന് അവർക്ക് അനുഗ്രഹമായി. അവർ പെട്ടെന്ന് തന്നെ പൊരുത്തപ്പെട്ടു വന്നിട്ടുണ്ട്,” വയനാട് ജില്ലാ ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ് പറഞ്ഞു. അഞ്ചു പേരിൽ മൂന്നും പെൺകുട്ടികളാണ്.

ഇതിൽ ഏറ്റവും പ്രായക്കുറവുള്ള, 5-വയസുകാരിയ്ക്ക് ബന്ധുവീട്ടിൽ സന്തോഷമായത് അമ്മയുടെ സഹോദരി അടുത്തിടെ ജന്മം നൽകിയ കുഞ്ഞാണ്. ആ കുഞ്ഞിന്റെ നോട്ടത്തിലും ചിരിയിലും ശബ്ദങ്ങളിലും മുഴുകി അവൾ തന്റെ ദു:ഖങ്ങളെ മറികടന്നു. മറ്റൊരു 8-വയസുകാരിയുടെ ബന്ധുവീട്ടിൽ മൂന്ന് കുട്ടികളുണ്ട്. അവരുടെ ലോകത്തിലെ കളിചിരി വിശേഷങ്ങളാണ് അവളുടെ ജീവിതത്തിൽ നിറങ്ങൾ തിരികെ കൊണ്ടുവന്നത്.

പ്രായപൂർത്തിയായ രണ്ട് പേരിൽ ഒരാളുടെ ഡിഗ്രി വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവുകളും സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജ് മാനേജ്മെന്റാണ് വഹിക്കുന്നത്. മറ്റൊരാൾ പ്ലസ് വണ്ണിന് കോഴിക്കോട് ജില്ലയിലാണ് പഠിക്കുന്നത്. നേരത്തെ ഡ്രോപ്പ് ഔട്ട്‌ ആയ ഇയാൾ ദുരന്തത്തിന് ശേഷം പഠനം പുനരാരംഭിക്കുകയായിരുന്നു. ഈ വിദ്യാർത്ഥി ഒഴികെ എല്ലാവരും വയനാട്ടിൽ തന്നെയാണ്.

വേറെ 11 കുട്ടികളുടെ അച്ഛനെയും 3 കുട്ടികളുടെ അമ്മയെയും ഉരുളെടുത്തു. അച്ഛനെ നഷ്ടപ്പെട്ടവർ അമ്മയുടെ കൂടെയും അമ്മയെ നഷ്ടപ്പെട്ടവർ അച്ഛന്റെ കൂടെയുമാണ് നിലവിൽ കഴിയുന്നത്. ഇതിൽ വെറും രണ്ട് മാസം പ്രായമുള്ള, അച്ഛനെ നഷ്ടപ്പെട്ട കുഞ്ഞും ഉൾപ്പെടുന്നു. ഈ 14 പേരിൽ രണ്ട് പേർ തമിഴ്നാട് സ്വദേശികളാണ്. ഇവരുടെയും മാനസിക, ഉല്ലാസ, പഠന, പാഠ്യേതര കാര്യങ്ങളും കൃത്യമായി ശിശു സംരക്ഷണ യൂണിറ്റ്‌ ശ്രദ്ധിച്ചുപോരുന്നു.

കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ കൗൺസിലർമാർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. എന്നിരുന്നാലും, പിറന്നാൾ, വിഷു, പെരുന്നാൾ പോലുള്ള ആഘോഷ നാളുകൾ വരുമ്പോൾ അച്ഛനെയും അമ്മയെയും ഓർത്തു കുട്ടികൾ നൊമ്പരപ്പെടാറുണ്ടെന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഔട്ട്റീച്ച് വർക്കർമാർ പറയുന്നു.

കുട്ടികളിൽ പലർക്കും സംസ്ഥാന സർക്കാരിന്റെ പുനരധിവാസ ടൗൺഷിപ്പിൽ പുതിയ വീടുകൾ ഉയരുകയാണ്. മറ്റ് സംഘടനകൾ വീട് ഉറപ്പ് നൽകിയ ചില കുട്ടികളാകട്ടെ സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ വാങ്ങിച്ചു. അച്ഛനും അമ്മയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ടവർക്ക് 5 ലക്ഷം രൂപയും സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഇത് കുട്ടിയുടെയും ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെയും പേരിൽ തുടങ്ങിയ ജോയിന്റ് അകൗണ്ടിൽ സ്ഥിരനിക്ഷേപമായി ഇട്ടിരിക്കുകയാണ്. അതിന്റെ പലിശ അവർക്ക് ലഭിക്കുന്നുണ്ട്.

19 കുട്ടികൾക്ക് കേന്ദ്രസർക്കാറിന്റെ സ്പോൺസർഷിപ്പ് പദ്ധതിയിൽ പ്രതിമാസം 4000 രൂപ ലഭിക്കുന്നു. ഇതിന് പുറമെ മാതാപിതാക്കൾ ഇരുവരും നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് സ്വകാര്യ സംഘടനകളും വ്യക്തികളും സംസ്ഥാന സർക്കാർ മുഖാന്തിരം 31.24 ലക്ഷം രൂപയും കൈമാറി.

ദുരന്തവിവരം കുട്ടികളെ അറിയിക്കൽ ആയിരുന്നു ഏറ്റവും പ്രയാസം

അച്ഛനും അമ്മയും ഇനിയീ ഭൂമിയിൽ ഇല്ല എന്ന, ലോകത്ത് ഒരു കുഞ്ഞും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത കുട്ടികളോട് എങ്ങിനെ പറയും എന്നതായിരുന്നു ഏറ്റവും പ്രയാസകരം എന്ന് കുട്ടികളുടെ ബന്ധുക്കൾ പറയുന്നു. “ദുരന്തത്തിൽ പരിക്കുപറ്റി കുട്ടി ആശുപത്രിയിലായിരുന്നു. മാസങ്ങൾ കഴിഞ്ഞു ഡിസ്ചാർജ് ആയി എന്റെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ എന്താണ് സ്വന്തം വീട്ടിലേക്ക് പോകാത്തത് എന്ന് ചോദിച്ചു. അച്ഛനും അമ്മയും അനുജനും എവിടെ എന്ന് ചോദിച്ചു. അവർ മരണപ്പെട്ടു എന്ന വിവരം എങ്ങനെ അറിയിക്കും എന്നറിയാതെ ഞാൻ പൊട്ടിക്കരഞ്ഞു,” ഒരു ബന്ധു ഓർത്തെടുത്തു.

പലരും മരണ വിവരം അറിയിക്കാൻ ശിശു സംരക്ഷണ വിഭാഗത്തിന്റെ സഹായം തേടി. ഒടുവിൽ വകുപ്പിന്റെ നിർദേശപ്രകാരം സമയമെടുത്ത് ഓരോ കാര്യവും കുട്ടികളെ പറഞ്ഞു മനസിലാക്കുകയായിരുന്നു. “ദുരന്തത്തിൽ വീട് ഒഴുകി പോയെന്ന് ആദ്യം പറഞ്ഞു. പിന്നെ ആഴ്ചകൾക്ക് ശേഷം അയൽവീട്ടുകാരെ ഉരുൾ കൊണ്ടുപോയ കാര്യം പറഞ്ഞു. സമയമെടുത്ത് കുട്ടി അതിനോട് പൊരുത്തപ്പെട്ടു എന്ന് കണ്ടപ്പോഴാണ് അമ്മയുടെ കാര്യം പറഞ്ഞത്. അപ്പോഴേക്കും കുട്ടി വീട്ടിലെ മറ്റ് കുട്ടികളുമായി ഇടപെട്ട് പതുക്കെ സന്തോഷങ്ങളിലേക്ക് തിരികെ വന്നിരുന്നു,” മറ്റൊരു കുട്ടിയുടെ ബന്ധു വിശദീകരിച്ചു.

“എനിയ്ക്ക് ഇപ്പോൾ കാര്യങ്ങൾ എല്ലാം അറിയാം. ഞങ്ങൾക്ക് വേണ്ടി, ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരുപാട് ആളുകൾ പ്രാർത്ഥിച്ചിട്ടുണ്ട്. അവർ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. സർക്കാർ ചേർത്തു പിടിച്ചിട്ടുണ്ട്. എല്ലാവരോടും പറയണം ഞങ്ങൾക്ക് സുഖമാണെന്ന്. അവരോടോക്കെ നന്ദിയുണ്ടെന്ന്. നഷ്ടപ്പെട്ടത് ഒരിക്കലും തിരിച്ചു കിട്ടില്ലെങ്കിലും ഒരു പുതിയ ജീവിതം ഞങ്ങൾ സ്വപ്നം കാണുകയാണെന്ന്,” മാതാപിതാക്കളെ നഷ്ടപ്പെട്ട 15-വയസുകാരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *