എൽ ഡി എഫ് സർക്കാർ തൊഴിലാളി പക്ഷത്ത് ശക്തമായി നിലയുറപ്പിക്കണം:- എഐടിയുസി

കൊല്ലം:രാജ്യത്ത് കോർപ്പറേറ്റ് വർഗ്ഗീയ ഫാസിസ്റ്റ് ഭരണകുടം കൂടുതൽ ആക്രമണ സ്വഭാവത്തോടെ തൊഴിലാളികളെയും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളേയും തകർക്കാൻ ശ്രമിയ്ക്കുമ്പോൾ തൊഴിലാളികളെ കുടുതൽ ചേർത്തുപിടിച്ചു കൊണ്ട് തൊഴിൽ സംരക്ഷണവും തൊഴിലാളികളുടെ മൗലികമായ അവകാശങ്ങളും സംരക്ഷിയ്ക്കാൻ സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ മുന്നോട്ടു വരണമെന്നും, തൊഴിലാളിപക്ഷത്ത് ശക്തമായി നിലയുറപ്പിക്കണമെന്നും എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

വിവിധ മേഖലകളിൽ വ്യവസായ – തൊഴിൽ പ്രതിസന്ധി രൂക്ഷമാകുന്നു. കശുഅണ്ടി, കയർ, കൈത്തറി, കള്ള് ചെത്ത് ഉൾപ്പടെ പരമ്പരാഗത വ്യവസായ മേഖല വലിയ തകർച്ച നേരിടുന്നു. കൊല്ലത്തെ എണ്ണുറോളം കശു അണ്ടി ഫാക്ട‌റികൾ അടച്ചുപൂട്ടിയിട്ട് മാസങ്ങളും വർഷങ്ങളുമായി. ഫാക്‌ടറികൾ തുറന്നു പ്രവർത്തി പ്പിക്കുന്നതിനോ, തൊഴിലാളികളെ സംരക്ഷിയ്ക്കാനോ കഴിയുന്നില്ല. തൊഴിൽ നിയമങ്ങൾ നടപ്പിലാ ക്കാനോ, തൊഴിലാളികൾക്ക് അവകാശപ്പെട്ട മിനിമം കുലി ഉറപ്പുവരുത്താനോ സംസ്ഥാന തൊഴിൽ വകുപ്പിനു കഴിയുന്നില്ല. ഏറ്റവും പ്രാകൃതവും ക്രൂരവും അടിമസമാനമായ വിധം തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിയ്ക്കുന്നതിൻ്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആഗോളവല്ക്കരണ – മുതലാളിത്ത നയത്തിൻ്റെ ഭാഗമായി മുല ധനം ആകർഷിക്കുന്നതിന് ഈസ് ഓഫ് ഡ്യൂയിങ് ബിസിനസ്സ് മാർഗ്ഗ രേഖയായി സ്വീകരിച്ചാൽ 1957 ലെ കമ്മ്യൂണിസ്റ്റ് ഗവർമെൻ്റ് തുടക്കം കുറിച്ചതും രാജ്യത്തിനും ലോകത്തിനും മാതൃകയായ ‘കേരള വികസന മാതൃക’ പിന്തള്ളപ്പെടും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ തകർക്കാൻ കേന്ദ്ര സർക്കാരിൻ്റെ പിന്തുണയോടെ എല്ലാ പിന്തിരിപ്പൻ വലതുപക്ഷശക്തികളും കോർപ്പറേറ്റ് മാധ്യമങ്ങളും കൈകോർക്കുമ്പോൾ ആ അപകടം തിരിച്ചറിയുന്നവരും തൊഴിലാളികളാണ്. തൊഴിലാളി വിരുദ്ധ നയങ്ങളേയും, നിയമങ്ങളേയും ചെറുക്കാനും പരാജയപ്പെടുത്താനും തൊഴിലാളി-ബഹുജനശക്തി ഒന്നിച്ച് അണിനിരക്കുമ്പോൾ അതിനുള്ള ഏറ്റവും വലിയ പിന്തുണയും ശക്തിയും കേരളത്തിലെ എൽ. ഡി. എഫ് സർക്കാരാണ്. തൊഴിലാളികളുടെ അവകാശങ്ങളും വിഷയങ്ങൾക്ക് കുടുതൽ മുൻഗണനയും പ്രാധാന്യവും നൽകി എൽ. ഡി. എഫ് സർക്കാർ മുന്നോട്ടു പോകണമെന്ന് എ. ഐ. ടി.യു. സി വർക്കിംഗ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.കൊല്ലം മേയറായി തെരഞ്ഞെടുക്കപ്പെട്ട ഹണി ബെഞ്ചമിനെ വർക്കിംഗ് കമ്മിറ്റി യോഗത്തിൽ വച്ച് അനുമോദിച്ചു. ദേശീയ സെക്രട്ടറി ആർ.പ്രസാദ് ദേശീയ ക്യാമ്പയിനുകൾ വിശദീകരിച്ചു.
സംസ്ഥാന ഭാരവാഹികളായ വാഴൂർ സോമൻ എം എൽ എ, കെ.എസ്. ഇന്ദുശേഖരൻ നായർ, വിജയൻ കുനിശ്ശേരി,സി.കെ ശശിധരൻ, കെ. മല്ലിക, പി.വി. സത്യനേശൻ, കെ.സി. ജയപാലൻ, അഡ്വ: ആർ.സജിലാൽ,അഡ്വ ജി. ലാലു, എ. ശോഭ, പി.കെ. നാസർ, എസ്. അശ്വതി എന്നിവർ പ്രസംഗിച്ചു. മെയ് 20 ലെ ദേശീയ പണിമുടക്കും പ്രചരണ ജാഥകളും വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading