25 May 2026
തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന ശ്രീ. ജി. സുധാകരന്റെ വെളിപ്പെടുത്തലായി മാധ്യമങ്ങളിൽ വന്ന വാർത്ത അത്യന്തം ഗൗരവമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കാണുന്നു.

തിരുവനന്തപുരം:തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന ശ്രീ. ജി. സുധാകരന്റെ വെളിപ്പെടുത്തലായി മാധ്യമങ്ങളിൽ വന്ന വാർത്ത അത്യന്തം ഗൗരവമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കാണുന്നു. 1989-ലെ ആലപ്പുഴ ലോക് സഭാ മണ്ഡലത്തിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് തപാൽ വോട്ടിൽ കൃത്രിമത്വം കാണിച്ചതായി വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായാണ് രാജ്യത്ത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പുകൾ നടത്തുന്നത്. ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടങ്ങൾ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായാണ് തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. എന്നാൽ തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തൽ വരുത്തി എന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമം 136, 128 ഉൾപ്പെടെയുള്ള വകുപ്പുകളും 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളും ഭാരതീയ ന്യായ സംഹിത/ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും അനുസരിച്ച് ഗുരുതരമായ നിയമലംഘനമാണ്. തപാൽ വോട്ടിൽ കൃത്രിമത്വം വരുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാൻ ശ്രമിച്ചതായ വെളിപ്പെടുത്തലിന്മേൽ എഫ്.ഐ.ആർ ഇട്ട് കേസ് എടുക്കുവാനും വിശദമായ അന്വേഷണം നടത്തുവാനും വേണ്ട അടിയന്തര നടപടി സ്വീകരിക്കുന്നതിന് ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡോ. രത്തൻ യു. ഖേൽക്കർ
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, കേരളം

Leave a Reply

Your email address will not be published. Required fields are marked *