കൊച്ചി: പ്രത്യാഘാതങ്ങളും പ്രതിബന്ധങ്ങളും എക്കാലവും ഉണ്ടാകാമെങ്കിലും നന്മയുടെ വശങ്ങളെ സ്വായത്തമാക്കി മുമ്പോട്ട് കുതിക്കുകയാണ് വിദ്യാർത്ഥികൾ ചെയ്യേണ്ടതെന്ന് കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അശ്വതി ജിജി ഐപിഎസ് പ്രസ്താവിച്ചു. തൃക്കാക്കര ഭാരത മാതാ കോളജിലെ ഇന്റഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മെഷീൻ ലേണിംഗ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അന്തർ ദേശീയ വനിതാദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅവർ.പ്രിൻസിപ്പൽ ഡോ. ലിസി കാച്ചപ്പിള്ളി യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അക്കാദമിക് ഡയറക്ടർ ഡോ.ജോൺസൺ കെ.എം., വകുപ്പ് തലവൻ ഡോ.ജോൺ റ്റി.എബ്രഹാം , കൺവീനർ ദീപ ആർ ഡി , നീത റ്റി പി എന്നിവർ പ്രസംഗിച്ചു.
കൊച്ചി നഗരത്തിലെ പൊതുസുരക്ഷയും കുറ്റകൃത്യ നിയന്ത്രണവും മെച്ചപ്പെടുത്തുന്നതിനായി ഭാരതമാതാ കോളജിലെ ഇന്റഗ്രേറ്റഡ് എംഎസ് സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മെഷീൻ ലേണിംഗ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിഭാവനം ചെയ്യുന്ന കൊച്ചി നിരീക്ഷണ ശൃംഖലാ സോഫ്റ്റ്‌വെയർ സംവിധാനത്തിന്റെ പദ്ധതി രൂപരേഖ വകുപ്പ് തലവൻ ഡോ. ജോൺ റ്റി എബ്രഹാമും കോർഡിനേറ്റർ ഹരികൃഷ്ണൻ പി. യും ചേർന്ന് അശ്വതി ജിജി ഐപിഎസിന് കൈമാറി.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുമായി സംവദിക്കുകയും അവരുടെ വ്യത്യസ്ത ചോദ്യങ്ങൾക്ക് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ഉത്തരം നൽകുകയും ചെയ്തു.
തൃശ്ശൂരിലെ കേരള പോലീസ് അക്കാദമി വകുപ്പ് മേധാവി സിസി ജോസഫ് വെള്ളിയാഴ്ച സെമിനാറിന് നേതൃത്വം നൽകും.




