അയല്‍വാസിയായ പുഷ്പയെ കൂടി കൊല്ലാനായിരുന്നു പദ്ധതി. പുഷ്പയെ കൊല്ലാതെ വിട്ടതില്‍ മാത്രമാണ് തനിക്ക് നിരാശയുണ്ട്ഇനി ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ പുഷ്പ രക്ഷപ്പെട്ടെന്നും നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര പോലീസിന് നല്‍കിയ പുതിയ മൊഴി.ചൊവ്വാഴ്ച ചെന്താമരയുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തും കൃത്യം നടത്തിയശേഷം ചെന്താമര രക്ഷപ്പെട്ട വഴികളിലുമാണ് തെളിവെടുപ്പ് നടന്നത്. ഇതിനുപിന്നാലെയാണ് ചെന്താമര പോലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളും പുറത്തുവന്നത്.
തന്റെ കുടുംബം തകരാന്‍ പുഷ്പയും പ്രധാന കാരണക്കാരിയായിരുന്നു. തനിക്കെതിരേ പോലീസില്‍ പരാതി നല്‍കിയതിലും പുഷ്പയ്ക്ക് പങ്കുണ്ട്. അതിനാല്‍ പുഷ്പയെകൂടി കൊല്ലാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ചെന്താമര പോലീസിനോട് പറഞ്ഞു.
സുധാകരന്റെ അമ്മ ലക്ഷ്മിയെ കൊലപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ചെന്താമരയുടെ മൊഴിയിലുണ്ട്. സുധാകരനെ ആക്രമിച്ചപ്പോള്‍ ലക്ഷ്മി ഓടിയെത്തി ബഹളംവെച്ചു. അവര്‍ പറഞ്ഞ ചില വാക്കുകള്‍ വേദനിപ്പിച്ചു. അതിനാലാണ് ലക്ഷ്മിയെ കൊന്നതെന്നുമാണ് പ്രതിയുടെ മൊഴി. എന്നാല്‍, പോലീസ് ഈ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
ദൗത്യം നിറവേറ്റിയപോലെയാണ് ചെന്താമര സംസാരിച്ചതെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. തന്റെ ലക്ഷ്യം നിറവേറ്റിയെന്നരീതിയിലായിരുന്നു പ്രതിയുടെ പെരുമാറ്റം. യാതൊരു കുറ്റബോധവും ഇല്ലാത്ത പ്രതി, ശബ്ദം പോലും ഇടറാതെയാണ് മൊഴി നല്‍കിയതെന്നും പോലീസ് പറയുന്നു.




