കൊല്ലം: കേരള പോലീസ് സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ കൊല്ലം സിറ്റി പോലീസും, മലയാള മനോരമയും, ആലിബി ഫോറൻസിക്‌സും ചേർന്ന് കൊല്ലം സിറ്റി പോലീസ് ട്രെയിനിങ് സെന്റെറിൽ സംഘടിപ്പിച്ച ജില്ലാതല കിഡ് ഗ്ലോവ് സൈബർ സുരക്ഷാ ശില്പശാല കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ലോകത്ത് കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്ന സാഹചര്യത്തിൽ, സൈബർ സുരക്ഷയെ കുറിച്ചുള്ള അവബോധം അനിവാര്യമാണെന്നും സൈബർ ലോകത്തെ വെല്ലുവിളികളെ അതിജീവിച്ച് കുട്ടികൾ സജ്ജരാകേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി വിശദീകരിക്കുകയുണ്ടായി. ഡിജിറ്റൽ സേഫ്റ്റി ആൻറ് സൈബർ അവയർനെസ്സ് എന്ന വിഷയത്തിൽ കൊല്ലം സിറ്റി സൈബർ ക്രൈം എ.എസ്.ഐ അരുൺ, സി.പി.ഒ റീജ, ഡി-ഡാഡ് കൗൺസിലർ സുകന്യ എന്നിവർ അവബോധന ക്ലാസെടുത്തു. അവബോധന ക്ലാസ്സിൽ കുട്ടികളുടെ ഡിജിറ്റൽ അഡിക്ഷനെക്കുറിച്ചും ഓൺലൈൻ ഗെയിമുകളിലെ അറിയാചതിക്കുഴികളും അനുബന്ധ പ്രതിരോധ മാർഗ്ഗങ്ങളും വിശദീകരിച്ചു. ചടങ്ങിൽ, തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡൻറ് പോലീസ് കേഡറ്റുകളും, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അധ്യാപകരും പങ്കെടുത്തു. അഡീഷണൽ എസ.്പി ഇൻ-ചാർജ് പ്രദീപ്കുമാർ.എ അധ്യക്ഷനായി, കൊല്ലം എ.സി.പി ഷെറീഫ്.എസ്, സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ അബ്ദുൽ മനാഫ്.എ , മലയാള മനോരമ സർക്കുലേഷൻ ഏരിയ ഹെഡ് നജു ടി ദാസ്, ടെക്‌നിക്കൽ ഡയറക്ടർ സൈബർ ഫൊറൻസിക്‌സ് ഭദ്രൻ വി.കെ, സി.പി.ഒ അർച്ചന.എ.കെ, എസ്.പി.സി കോഡിനേറ്റർ ഷഹീർ.എസ് എന്നിവരും സംസാരിച്ചു.




